ഇന്ധനവില കുതിച്ചുയരുന്നു… ഇന്ത്യന്‍ ജനത ആഭയാര്‍ത്ഥികളായി മാറുന്നു.

Print Friendly, PDF & Email

തുടര്‍ച്ചയായ 13-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ 13 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 7.12 രൂപയും ഡീസലിന് 7.35 രൂപയുമാണ് കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 78.37 രൂപയും ഡീസലിന് 77.06 രൂപയുമായി. രാജ്യം മുഴുവന്‍ ലോക്‍ഡൗണ്‍ ആയതിനെ തുടര്‍ന്ന്, തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കി തുടങ്ങിയത്. അന്നു മുതല്‍ ദിവസവും ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്ന് എണ്ണ കന്പനികള്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എണ്ണയ്ക്ക് ആവശ്യം കുറഞ്ഞതോടെ ക്രൂഡോയിലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്ലേക്ക് എത്തിയിരുന്നു. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴേക്ക് വീണു. ക്രൂഡോയിലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കെത്തിയെങ്കിലും അതിന്‍റെ നേട്ടം ഇന്ത്യന്‍ ജനതക്ക് ലഭിച്ചില്ല. കാരണം, മെയ്5 അര്‍ദ്ധരാത്രിയില്‍ ഡീസലിന് 13 രൂപയും പെട്രോളിന് 10രൂപയുമാണ് ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ വര്‍ദ്ധിപ്പിച്ചത്. കൂടാതെ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി ഡീസലിന് 5രൂപയും പെട്രോളിന് 2 രൂപയും കൂട്ടി. കൂട്ടത്തില്‍ റോഡ് സെസ് എന്ന നിലയില്‍ ലിറ്ററിന് 8 രൂപയുടെ വര്‍ദ്ധനവും വരുത്തി. അതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും അധികം നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. നിലവില്‍ ഡീസല്‍ ലിറ്ററിന് ശരാശരി 49.42രൂപയും പെട്രോളിന് 48.09 രൂപയും നികുതിയായി അടക്കുകയാണ് ഇന്ത്യന്‍ ജനത. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നികതി. ഇതിനു പുറമേയാണ്. എക്സൈസ് നികുതിയില്‍ ഏര്‍പ്പെടുത്തി ഈ നികുതി വര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാരിന് 1.6ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുന്നത്. അതായത് ഈ കോവിഡ് കാലത്തുമാത്രം ജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിട്ടു വാരി 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാര്‍ ഉണ്ടാക്കുന്നുവെന്ന് അര്‍ത്ഥം.

കോവിഡ് വ്യാപനത്തിന്‍റെ ഫലമായി രാജ്യമെന്പാടും വ്യവസായങ്ങള്‍ തകര്‍ന്നു. കോടിക്കണക്കിനു ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടു. ജനങ്ങള്‍ പട്ടിണിയിലായി… അര്‍ദ്ധപട്ടിണിക്കാര്‍ മുഴുപട്ടിണിക്കാരായി. രാജ്യത്തെ സന്പത്തിക രംഗം പാടെ തകര്‍ന്നു തരിപ്പണമായി. ഈ അവസ്ഥയില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് ലോകമെങ്ങുമുള്ള സാന്പത്തിക വിദഗ്ധര്‍ പറയുന്നു. അതിനായി ലോകരാജ്യങ്ങളെല്ലാം തന്നെ സാന്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ കൈയ്യില്‍ പണം നേരിട്ട് എത്തിക്കുവാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിട്ടുവാരി അവസാ ചില്ലിതുട്ടുകള്‍വരെ കൊള്ളയടിക്കുന്ന പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്. കൂടാതെ ഇപ്പോഴുണ്ടായികൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ദ്ധനവിന്‍റെ പ്രത്യാഘാതങ്ങള്‍ വിലക്കയറ്റത്തിന്‍റേയും മറ്റും രൂപത്തില്‍ അനുഭവപ്പെടുവാന്‍ തുടങ്ങികഴിഞ്ഞു

20 ലക്ഷം കോടി രൂപയുടെ സാന്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതില്‍ 1.5 ലക്ഷം കോടി രൂപ മാത്രമേ ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നുള്ളു. ബാക്കി തുക മുഴുവനും ബാങ്ക് ലോണുകളും മറ്റുമായാണ് വിതരണം ചെയ്യപ്പെടുക എന്നാണ് ഗവര്‍മ്മെന്‍റ് അവകാശപ്പെടുന്നത്. എന്നാല്‍, നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അത്തരത്തിലുള്ള യാതൊരുവിധ സഹായവും ഇന്ത്യന് ബാങ്കുകളില്‍ നിന്ന് ലഭിക്കുമെന്ന് ബഹുഭൂരിപക്ഷം വരുന്ന അര്‍ദ്ധ പട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ സാധാരണക്കാര്‍ പ്രതീക്ഷിക്കുകയും വേണ്ട. ജനങ്ങളുടെ ക്ഷേമത്തിനു ഒട്ടും പ്രധാന്യം കല്‍പ്പിക്കാത്ത ഒരു സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുവാനില്ല എന്ന തിരിച്ചറിവില്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി തീര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ദരിദ്രരായ ജനകോടികള്‍.

  •  
  •  
  •  
  •  
  •  
  •  
  •