രാജ്യം ലോക്‍ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക്. ഇളവുകള്‍ ഇന്നുമുതല്‍
മാർച്ച് 25 നു ആരംഭിച്ച ലോക്ക് ഡൗണില്‍ നിന്ന് പുറത്തു നിന്നു രാജ്യം പുറത്തുകടക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായ ഇളവുകൾ ഇന്ന് നിലവിൽ വരും. പ്രതിദിനം 10000ത്തോളം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യം അണ്‍ലോക്കിലേക്ക് നീങ്ങുന്നത്. രാജ്യമാകെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഈ 30 വരെ ലോക്ക് ഡൗൺ തുടരും. കേരളത്തിൽ നിയന്ത്രണങ്ങളോടെയുള്ള അൺലോക്ക് ഇളവുകൾ നാളെ മുതൽ അനുവദിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യുപി, തെലങ്കാന സംസ്ഥാനങ്ങൾ 30 വരെയും ബംഗാളും മദ്ധ്യപ്രദേശും 15 വരെയും ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഒഡിഷയിലും,രാജസ്ഥാനിലും ആരാധനാലയങ്ങളും മാളുകളും ജൂൺ 30 വരെ തുറക്കില്ല. ഗോവയിൽ ആരാധനാലയങ്ങൾ തുറക്കാൻ മതനേതൃത്വങ്ങൾ അനുകൂലിച്ചിട്ടില്ല. കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സമ്മിശ്ര പ്രതികരണമാണ് വിവിധ മത കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.ഗുജറാത്തിൽ ആരാധനാലയങ്ങളിൽ ദർശനം മാത്രമേ അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂലായിലെ അൺലോക്ക് രണ്ടാം ഘട്ടത്തിലേ തീരുമാനിക്കൂ. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ളി ഹാളുകൾ, പൊതു ചടങ്ങുകളും കൂട്ടായ്‌മകളും തുടങ്ങിയവ അനുവദിക്കുന്നതിലെ തീരുമാനം മൂന്നാംഘട്ടത്തിലുണ്ടാകും. മാസ്‌ക്, സാമൂഹ്യ അകലം എന്നിവ സംബന്ധിച്ച നിബന്ധനകൾ ശക്തമായി തുടര്‍ന്നു കൊണ്ടാണ് അണ്‍ലോക്കിലേക്ക് രാജ്യം നീങ്ങുന്നത്.