പട്ടേല്‍ പ്രതിമയുടെ നാട്ടില്‍ ജീവനു വിലയില്ലാതെ കോവിഡ് രോഗികള്‍ പുഴുക്കളെ പോലെ മരിച്ചു വീഴുന്നു

Print Friendly, PDF & Email

3000 കോടിയുടെ പട്ടേല്‍ പ്രതിമ സ്ഥാപിച്ചപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഓര്‍ത്തില്ല ഇത്ര പെട്ടന്ന് ഇത്തരം ഒരു തിരിച്ചടി ഉണ്ടാകുമെന്ന്. ഗുജറാത്ത് സര്‍ക്കാരിന്‍റെ പാപ്പരത്വം തുറന്നു കാട്ടി അഹമ്മദാബാദിന്‍റെ തെരുവുകളില്‍ ജനങ്ങള്‍ പുഴുക്കളെ പോലെ മരിച്ചു വീഴുകയാണ്. അതോ‍ടൊപ്പം ബിജെപി വാഴ്ത്തിപാടുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന്‍റെ പൊള്ളത്തരവും ലോകത്തിനു മുന്പില്‍ നഗ്നമാക്കപ്പെടുന്നു.

ഇതുവരെ ഗുജറാത്തില്‍ മരിച്ച കോവിഡ് ബാധിതരുടെ എണ്ണം 694. അതില്‍ 659പേരും അഹമ്മദാബാദിലാണ്. സംസ്ഥാന തലസ്ഥാനത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പാളിച്ചകളാണ് കോവിഡ് മരണത്തിന്റെ 80 ശതമാനവും അവിടുന്നു തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വെളപ്പെടുന്നത്. 1200 കിടക്കകളുള്ള സിവിൽ ആശുപത്രിയാണ് സർക്കാരുടമസ്ഥതയിലുള്ള നഗരത്തിലെ മുഖ്യ കോവിഡ് ചികിത്സാലയം. അവിടെ തന്നെ ആവശ്യത്തിന് വെന്‍റിലേറ്ററുകളില്ല… ചികിത്സാ സൗകര്യങ്ങളില്ല. അതുകൊണ്ട് വലിയ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് സർക്കാർ.

നഗരത്തിലെ 42 സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കായി കോർപ്പറേഷനുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. കോർപ്പറേഷൻ റഫർചെയ്യുന്ന രോഗിക്ക് കിടക്കയൊന്നിനു ദിവസം 4500 രൂപയും നേരിട്ടെത്തിയാൽ 10,000 രൂപ വരെയും ഈടാക്കാം. മരുന്നിന്റെ ചെലവ് ഇതിനു പുറമേയാണ്. ഇതോടെ സമ്പന്നർക്ക് സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാതെ ചികിത്സ ലഭിക്കുമെന്നായി. എന്നാല്‍, സാധാരണക്കാരുടേയും ദരിദ്രരുടേയും സ്ഥിതി അതല്ല. തെരുവുകളില്‍ മരിച്ചുവീഴുവാനാണ് അവരുടെ വിധി. പത്തുദിവസം തുടർച്ചയായി രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ടെസ്റ്റൊന്നും നടത്താതെ ഡിസ്ചാർജ് ചെയ്യാമെന്ന പുതിയ കേന്ദ്രനിർദേശം ഗുജറാത്ത് സര്‍ക്കാര്‍ അവസരമായി എടുക്കുകയാണ്. രോഗം പൂര്‍ണ്ണമായും ഭേദമായോ എന്നു നോക്കാതെ രോഗികളെ യാതൊരു വിവേചനവും ഇല്ലാതെ പുറംതള്ളുന്നു.

സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗണപത് മക്വാന(65) എന്ന കോവിഡ് രോഗിയെ ബസ് സ്റ്റോപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീയെ വാർഡിൽനിന്ന് കാണാതായത്. നാലുമണിക്കൂര്‍ കഴിഞ്ഞ് അവരെ കക്കൂസിൽ മരിച്ചനിലയിൽ കണ്ടെത്തി. പോർബന്തറിൽനിന്ന് അർബുദചികിത്സയ്ക്കു വന്ന പ്രവീൺ ബരിദൻ (54) എന്ന രോഗിയെ കോവിഡ് പരിശോധനയ്ക്ക് മേയ് നാലിനു പ്രവേശിപ്പിച്ചതാണ്. അടുത്ത ദിവസങ്ങളിൽ ആശുപത്രിയില്‍ എത്തിയ മകനോട് വിവരങ്ങൾ അറിയിക്കാമെന്നു മാത്രം പറഞ്ഞു. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടപ്പോഴാണ് അഞ്ചാം തീയതി തന്നെ രോഗി മരിച്ചെന്നും മൃതദേഹം മോർച്ചറിയിലാണെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ വെളിപ്പെടുത്തുവാന്‍ തയ്യാറായത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസം ആരും തിരിഞ്ഞു നോക്കാതെ ഗുരുതരാവസ്ഥയില്‍ കിടന്ന സ്ത്രീയുടെ ദൃശ്യങ്ങൾ മറ്റുരോഗികൾ ചിത്രീകരിച്ച് പുറത്തുവിട്ടിരുന്നു. ഇവർ അടുത്ത ദിവസം തന്നെ മരിച്ചു. ഇതാണ് ഇതാണ് 3000കോടി രൂപ പട്ടേല്‍ പ്രതിമക്കുവേണ്ടി ചിലവഴിച്ച ഗുജറാത്ത് തലസ്ഥാനത്തിന്‍റെ നേര്‍ചിത്രം. അപ്പോള്‍ ഗുജറാത്തിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നത് ചിന്ത്യം.