ആധുനിക യുഗത്തിൽ മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ അതിദിവ്യ മന്ത്രം
ആധുനിക കാലത്ത് എല്ലാവര്‍ക്കും എല്ലായ്പ്പോഴും എല്ലാറ്റിനും മന സമ്മര്‍ദം (Tension) ആണ്. ഒരേ കാര്യത്തെ തന്നെ പലരും പല രീതിയില്‍ സമീപിക്കുന്നു. ടെന്‍ഷന്‍ ഇല്ലാതെ സമീപിക്കുന്നവര്‍ പലപ്പോഴും കാര്യം നേടുന്നു. അകാരണ ഭീതിയും മന സമ്മര്‍ദ്ദവും വച്ചു പുലര്‍ത്തുന്നവര്‍ എന്നും അത് പോലെ തുടരുന്നു. മന സമ്മര്‍ദ്ദ നിവാരണത്തിന് ഭാരതീയമായ പല മാര്‍ഗങ്ങളും ഉണ്ട്. പരമ പ്രധാനം ഈശ്വര വിശ്വാസം തന്നെ ആണ്. തന്നെ ഏതു തരത്തിലുള്ള ആപത്തുകളില്‍ നിന്നും ഞാന്‍ ആരാധിക്കുന്ന ഈശ്വരന്‍ രക്ഷിക്കും എന്ന ബോധമാണ് ഏറ്റവും ആവശ്യമായിട്ടുള്ളത്. കറ കളഞ്ഞ ഭക്തി, വിശ്വാസം, ഉപാസന ഇവയിലൂടെ എന്തും നേടാനാകും.
സാധാരണക്കാരായ വിശ്വാസികള്‍ക്ക് നാമ ജപത്തിലൂടെയും സ്തോത്ര ജപത്തിലൂടെയും മറ്റും മന സമ്മര്‍ദം ഒഴിവാക്കുവാന്‍ കഴിയും. ഭയം വരുമ്പോള്‍ അര്‍ജുനപ്പത്ത് ( അര്‍ജുനന്റെ പത്തു നാമങ്ങള്‍) ജപിക്കുവാന്‍ പണ്ട് മുതിര്‍ന്നവര്‍ ഉപദേശിച്ചത് പലരും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും.
പരമ വീരനായ അര്‍ജുനന്റെ നാമ സ്മരണയാല്‍ തന്നെ നമ്മുടെ ഭയം ഓടിയൊളിക്കും എന്ന ഉത്തമ വിശ്വാസമാണ് അതിനു പിന്നില്‍ ഉള്ളത്. ആ അര്‍ജുനന്‍ പലപ്പോഴും അപകടങ്ങളില്‍ പെട്ടപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ മാത്രമേ രക്ഷക്കായി ഉണ്ടായിരുന്നുള്ളൂ. ശ്രീകൃഷ്ണന്‍ എല്ലായ്പ്പോഴും എന്നെ രക്ഷിക്കും എന്ന ബോധ്യമായിരുന്നു അര്‍ജുനന്റെ വിജയങ്ങളുടെ അടിസ്ഥാനം എന്നതാണ് പരമാര്‍ത്ഥം.
അങ്ങനെ ഉള്ളതായ ശ്രീകൃഷ്ണ പരമാത്മാവിന്റെ ഈ മന്ത്രം ജപിക്കുന്നത് ഭൗതിക ജീവിതത്തിലെ മന സമ്മര്‍ദ്ദം അകറ്റുവാന്‍ പറ്റിയ അമൃത സമമായ ഔഷധമാണ് എന്ന് പറയാം. ഈ മന്ത്ര ജപം ശീലിക്കുന്നവര്‍ക്ക് പ്രയോജനം ഉണ്ടായോ എന്നറിയാന്‍ പ്രത്യേക പരിശോധനയുടെ ആവശ്യമില്ല. അത് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടുകൊള്ളും.
ഇത് വേദവ്യാസ വിരചിതമായ ഭാഗവതത്തിലെ മന്ത്രമാണ് (10.73.6). ജരാസന്ധന്റെ കാരാഗൃഹത്തില്‍ നിന്നും മോചിതരായ രാജാക്കന്മാര്‍ ഭഗവാനെ സ്തുതിച്ച ധ്യാന ശ്ലോകമാണിത്.
“കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:”
പരമാത്മാവും തന്നെ പ്രണമിക്കുന്നവരുടെ സകല ക്ലേശങ്ങളും ഇല്ലാതാക്കുന്നവനും ഭക്തന്മാരുടെ പാപത്തെ ഹരിക്കുന്നവനും സമസ്ത പ്രപഞ്ചത്തിനും ആശ്രയമായവനും വസുദേവ പുത്രനുമായ ശ്രീകൃഷ്ണനെ വീണ്ടും വീണ്ടും നമിക്കുന്നു.
പ്രഭാതത്തില്‍ നിലവിളക്ക് കത്തിച്ചു വച്ച് തുളസി ജപമാല കൊണ്ട് എണ്ണം പിടിച്ച് ശുഭ്ര വസ്ത്ര ധാരിയായി കിഴക്ക് ദര്‍ശനമായി ഇരുന്നുകൊണ്ട് ഈ മന്ത്രം 108 ഉരു വീതം ജപിക്കുക.
സ്ഥിരമായി ജപിച്ചാല്‍ പിന്നെ ഒരു ടെന്‍ഷന്‍ മാത്രമേ കാണൂ. എനിക്ക് ഒരു ടെന്‍ഷനും ഇല്ലല്ലോ എന്ന ടെന്‍ഷന്‍!

