കോവിഡ്-19നെതിരെ ഗംഗാജലം! ഗവേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍!! അതിനുള്ള സമയം ഇതല്ലന്ന് ഐ.സി.എം.ആര്‍

Print Friendly, PDF & Email

കോവിഡ്-19ന് പ്രതിരോധ മരുന്നായി ഗംഗാജലം ഉപയോഗിക്കാന്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. തങ്ങള്‍ കൊവിഡ്-19എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഇത്തരം അബദ്ധജഡിലങ്ങളായ ഗവേഷണങ്ങൾ നടത്തി കളയാന്‍ തങ്ങളുടെ പക്കല്‍ ഇപ്പോള്‍ സമയമില്ലന്നും പറഞ്ഞ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളികള‍ഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി പ്രിന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘അതുല്യ ഗംഗ” എന്ന എന്‍.ജി.ഒയുടെ അഭ്യര്‍ത്ഥന പ്രകാരം ജല്‍ശക്തി മന്ത്രാലയമാണ് മെഡിക്കല്‍ ഗവേഷണ സംഘടനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.ഗംഗാജലത്തില്‍ ബാക്ടീരിയോഫേജ് (നിന്‍ജ വൈറസ്) എന്ന പ്രത്യേക തരം ബാക്ടീരിയകളുണ്ടെന്നും, അവയ്ക്ക് കൊവിഡ് പോലുള്ള മാരക വൈറസുകളെ നശിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് അതുല്യഗംഗ വാദിച്ചത്. ഇത്തരത്തില്‍ ഗംഗാജലത്തിന് രോഗശമനത്തിനുള്ള കഴിവുണ്ടെന്നും കത്തില്‍ അവര്‍ അവകാശപ്പെട്ടു. ഈ അവകാശവാദങ്ങള്‍ ഉള്‍പ്പെടുത്തി ഗംഗാജലത്തില്‍ പഠനം നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനും ജല്‍ ശക്തി മന്ത്രാലയത്തിനും അതുല്യഗംഗ കൈമാറിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രില്‍ 28ന് ഈ വിഷയത്തില്‍ പഠനം നടത്തണമെന്ന് ഐസിഎംആറിനോട് ജല്‍ ശക്തി മന്ത്രാലയം ആവശ്യപ്പെട്ടത്. ജല്‍ശക്തി മന്ത്രാലയത്തില്‍ നിന്ന് തങ്ങള്‍ക്ക് കത്ത് ലഭിച്ചുവെന്ന് ഐഎംസിആര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഐസിഎംആറിലെ വിദഗ്ധര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഇപ്പോള്‍ കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള പഠനങ്ങളാണ് നടക്കുന്നത്. പെട്ടെന്ന് ഗംഗാജലത്തില്‍ ബാക്ടീരിയോ ഫേജ് എന്ന ബാക്ടീരിയ ഉണ്ടെന്നും അതിന് രോഗശമന ശേഷി ഉണ്ടെന്നും അവകാശപ്പെടുന്നത് എങ്ങനെ വിശ്വാസത്തിലെടുക്കും? ഗംഗാജലത്തിനോ അതിനുള്ളില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ക്കോ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല- ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വകാര്യ ഏജന്‍സികളോ മറ്റാരെങ്കിലുമോ ഗവേഷണം നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്നും ഐ.സി.എം.ആര്‍ പറയുന്നു. ചാണകസേവ വഴിയും ഗോമൂത്ര പാര്‍ട്ടി നടത്തിയും കോവിഡ്-19നെ പ്രതിരോധിക്കുവാന്‍ കഴിയുമെന്ന സംഘ ബുദ്ധി പ്രചാരണം പോലെ ഇത്തരം അര്‍ത്ഥശൂന്യമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ മന്ത്രാലയം തന്നെ ആവശ്യപ്പെട്ടത് ശാസ്ത്ര ലോകത്ത് അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.