68,607 കോടി രൂപ എഴുതിത്തള്ളിയെന്ന് റിസര്‍വ്വ് ബാങ്ക്. 6.66 ലക്ഷം കോടി രൂപയെന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ ഒരു ചോദ്യം ഉന്നയിച്ചു. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയവരാരെല്ലാം…? അതുവഴി രാജ്യത്തിനുണ്ടായ നഷ്ടം എത്രയാണ്..?? ഇതായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യം. പക്ഷേ, ധനമന്ത്രിനിര്‍മ്മല സീതാരാമന്‍ ആ ചോദ്യത്തിന് അന്ന് മറുപടി നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിരിക്കുന്നു. ആര്‍ടിഐ നിയമ പ്രകാരം വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ ഉന്നയിച്ച ചോദ്യത്തിനാണ് ഇക്കാര്യം വെളിപ്പെടുത്തുവന്‍ ആര്‍.ബി.ഐ നിര്‍ബ്ബന്ധിതമായത്. ഫെബ്രുവരി 16നാണ് സാകേത് ഗോഖലെ ആര്‍ബിഐക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. വായ്പ തിരിച്ചടയ്ക്കാത്ത 50 പ്രമുഖരുടെ പേരും അവരുടെ വായ്പയുടെ നിലവിലെ സ്ഥിതിയുമാണ് അദ്ദേഹം ചോദിച്ചത്.
2019 സെപ്റ്റംബര്‍ 30 വരെയുള്ള വായ്പാ കുടിശ്ശിക ഉള്‍പ്പെടെ അമ്പത് വന്‍കിടക്കാരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയെന്നാണ് ഗോഗലോക്ക് നല്‍കിയ മറുപടിയിലൂടെ റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ബിജെപിയുടെ സുഹൃത്തുക്കളായ മെഹുല്‍ ചോസ്കിയും നീരവ് മോദിയും ഉള്‍പ്പെടെ എഴുതിതള്ളിയവരുടെ പട്ടിക റിസര്‍വ്വ് ബാങ്ക് പുറത്തു വിട്ടതോടെ നേരത്തെ സര്‍ക്കാര്‍ ഇക്കാര്യം മറച്ചു വച്ചതിന്‍റെ കാരണവും വ്യക്തമാവുകയാണ്.
വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 5,492 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് അവരുടെ എഴുതിതള്ളിയ തുക. പട്ടികയില്‍ രണ്ടാമതുള്ളത് ആര്‍.ഐ.ജി അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ സന്ദീപ് ജുന്‍ജുന്‍വാലയും സഞ്ജയ് ജുന്‍ജുന്‍വാലയുമാണ്. ഒരു വര്‍ഷമായി എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ളവരാണിവര്‍. 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്‌നവ്യാപാരിയായ ജെതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലറിക്ക് 4,076 കോടിയാണ് വായ്പാ കുടിശ്ശിക. കാന്‍പൂര്‍ ആസ്ഥാനമായ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 2850 കോടിയും പഞ്ചാബിലെ കുഡോസ് കെമിയുടെ 2326 കോടിയും ബാബാ രാം ദേവിന്റെ നേതൃത്വത്തിലുള്ള രുചി സോയ ഗ്രൂപ്പിന്റെ 2212 കോടിയും ഗ്വാളിയോറിലെ സൂം ഡവലപ്പേഴ്‌സിന്റെ 2012 കോടിയും എഴുതിത്തള്ളി. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവയും യഥാക്രമം 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. 1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതില്‍ 18 കമ്പനികളാണുള്ളത്. ഇതില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഹരീഷ് ആര്‍ മേത്തയുടെ ഫോറെവര്‍ പ്രീഷ്യസ് ജ്വല്ലറിയുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്.
2014ല്‍ മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം കഴിഞ്ഞ സെപ്തംബര്‍ വരെ 6.66ലക്ഷം കോടി രൂപ എഴുതി തള്ളിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യത്തെ പറ്റിച്ച് കടന്നുകളഞ്ഞവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ എല്ലാം വ്യക്തമായിരിക്കുകയാണെന്നും അവരില്‍ ഒട്ടേറെ പേര്‍ ബിജെപിയുടെ അടുത്ത സുഹൃത്തുക്കളാണെന്നും രാഹല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൊറോണ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും വളര്‍ച്ചാനിരക്ക് കൂപ്പുകുത്തി 0.2 ശതമാനത്തിലേക്ക് എത്തുമെന്ന് മൂഡ്സ് അടക്കമുള്ള റേറ്റിങ്ങ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് വന്‍കിടക്കാരുടെ വന്‍തുകകള്‍ എഴുതി തള്ളിയെന്ന വാര്‍ത്ത വീണ്ടും ചര്‍ച്ചയാകുന്നത്.