തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന മലയാളികള്‍ക്കുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും

Print Friendly, PDF & Email

മറ്റ് സസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനായി പ്രത്യേ വെബസൈറ്റ് തന്നെ നോര്‍ക്ക റൂട്ട്സ് തയ്യാറാക്കിയിട്ടുണ്ട്. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ചികിത്സയ്ക്കുപോയവർ, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ, പരീക്ഷ, അഭിമുഖം, തീർഥാടനം തുടങ്ങിയവയ്ക്ക് പോയവർ, ബന്ധുക്കളെ കാണാൻപോയവർ, ജോലി നഷ്ടമായവർ, വിരമിച്ചവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർക്കാണ് പ്രഥമ പരിഗണന.

സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കു മാർഗനിർദേശങ്ങൾ സംസ്ഥാന ഗതാഗതവകുപ്പ് പുറത്തുവിട്ടു. എന്നുമുതല്‍ അതിര്‍ത്തി കടക്കാം എന്നുള്ളത് കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഉണ്ടാവുക. മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള എന്നീ നാല് ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകൂ. അതിര്‍ത്തി കടക്കണമെങ്കില്‍ കൊവിഡ് ബാധയില്ല എന്ന മെഡിക്കൽ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്. പുറപ്പെടുന്ന പ്രദേശത്തുനിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ആയിരിക്കണം കരുതേണ്ടത്. രാവിലെ എട്ട് മണിക്കും രാത്രി 11 മണിക്കും ഇടയിൽ നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. കൂടുതൽ പേരെ ഒരു കാരണവശാലും കടത്തിവിടില്ല. രാത്രി 11 മണി മുതൽ, രാവിലെ എട്ട് മണി വരെ അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചിടും. ഊടുവഴികളിലൂടെയോ, ചെറുറോഡുകളിലൂടെയോ ഒരു കാരണവശാലും യാത്രക്കാരെ കടത്തിവിടില്ല. സ്വന്തം വാഹനത്തിലും അതി‍ർത്തി കടന്നു വരാം, എന്നാൽ കൂടുതൽ ആളെ കുത്തിനിറച്ച് കൊണ്ടുവരാൻ അനുവദിക്കില്ല. കേന്ദ്രസർക്കാർ അനുവദിച്ചാൽ അന്തർസംസ്ഥാന ബസ് സർവീസ് അനുവദിക്കും. എന്നാൽ ബസ്സുകളിൽ സാമൂഹിക അകലവും മാസ്കും നിർബന്ധമാണ്. ഒരു കാരണവശാലും ബസ്സുകളില്‍ എസി അനുവദിക്കില്ല. ഇതിനെല്ലാം പുറമേ, അന്തർസംസ്ഥാനയാത്രകൾ കഴിഞ്ഞ് വരുന്നവർ കൃത്യമായി ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്രയും കാലം ക്വാറന്‍റീനിൽ കഴിയേണ്ടി വരും. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണെങ്കിൽ സർക്കാർ സജ്ജീകരിച്ച ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറ്റും. അതല്ലാത്തവരെ വീടുകളിലേക്ക് അയച്ച് നിരീക്ഷണത്തിലാക്കും. അവരെല്ലാവരെയും വ്യക്തമായി നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ജില്ലാ തലത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കും.

അതിര്‍ത്തി ചെക്കു പോസ്റ്റുകളില്‍ വരുന്നവരെയെല്ലാം പരിശോധിക്കാനും, അണുനശീകരണം ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണം. പൊലീസിനെയും മെഡിക്കൽ സംഘത്തെയും അഗ്നിശമന സേനാംഗങ്ങളെയും കൃത്യമായി അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയോഗിണം. അതിർത്തി കടന്ന് വരുന്നവരെ എല്ലാം കർശനമായി പരിശോധനക്കു വിധേയരാക്കും. വാഹനങ്ങൾ ഫയർഫോഴ്സ് അണുവിമുക്തമാക്കും. എന്നിട്ട് മാത്രമേ കടത്തിവിടൂ എന്നും സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

  •  
  •  
  •  
  •  
  •  
  •  
  •