ലോകത്തിന്‍റെ നെറുകയില്‍ കൊച്ചു കേരളം…!!!
കൊച്ചു കേരളം ലോകത്തിനു മാതൃക ആവുകയാണ്. വലിയ ഭീക്ഷണി ഒന്നും കൂടാതെ കോവഡ് – 19 വൈറസുകളെ വരച്ചവരയില്‍ പിടിച്ചുകെട്ടുവാന്‍ കേരളത്തിനു സാധിച്ചിരിക്കുന്നു. ജനുവരി 30നാണ് രാജ്യത്തു തന്നെ ആദ്യമായി നോവല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതും ഈ കൊച്ചു കേരളത്തില്‍. പിന്നീട് ഇറ്റലിയിൽ നിന്നുളളവരും ഉംറ തീർത്ഥാടകരും വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരും തബ്‌ലീഗുകാരും രോഗികളുടെ എണ്ണം പെരുകാൻ ഇടയാക്കി. മാർച്ച് 23 മുതലാണ് രോഗം പ്രതിദിനം 20 ലേറെ പേർക്ക് എന്ന തോതിൽ കൂടാൻ തുടങ്ങിയത്. 30 ന് ഒറ്റദിവസം 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ പെരുപ്പം ഏപ്രിൽ രണ്ടുമുതൽ കുറയാൻ തുടങ്ങി. ഇപ്പോൾ അത് 10ൽ താഴെയാണ്. ഇന്നലെ രോഗം പുതുതായി സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം. ചെറിയ തോതിൽ തുടങ്ങി, വേഗത്തിൽ വർദ്ധിച്ച്, പിന്നീട് സാവധാനം കുറയുന്നതാണ് കൊവിഡ് വ്യാപന രീതി. ആ മാനദണ്ഡം വച്ചു നോക്കില്‍ കേരളത്തില്‍ നിന്ന് പുറത്തു വരുന്നത് ശുഭസൂചനകള്‍ മാത്രം.
കോവിഡ-19 വ്യാപനം ദേശീയ തലത്തിൽ മാർച്ച് 20 വരെ ദിവസം 50 പേർക്ക് എന്ന കണക്കിൽ തുടങ്ങി ഇപ്പോൾ ദിവസം 800 ലേറെ പേർക്കെന്ന നിലയില്‍ എത്തിനില്‍ക്കുന്നു. നിലവില്‍ ആറു ദിവസം കൂടുന്പോള്‍ രോഗവ്യാപനം ഇരട്ടിയായി വര്‍ദ്ധിക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ കാണിക്കുന്നത്. മഹാരാഷ്ട്രയിൽ പ്രതിദിനം 200 ലേറെ പേർക്കും തമിഴ്നാട്ടിൽ 80 ലേറെ പേർക്കും രാജസ്ഥാനിൽ 70 ലേറെ പേർക്കും ഡൽഹിയിൽ 150 പേർക്കും രോഗം പടരുന്നു. അവിടെനിന്നൊന്നും പ്രതിദിന രോഗവ്യാപനം കുറയുന്നതിന്‍റെ യാതൊരു സൂചനയും കാണുന്നില്ല.
കേരളത്തിന്‍റെ നേട്ടം വ്യക്തമായി തിരിച്ചറിയണമെങ്കില്‍ സമാനമായ സാഹചര്യത്തില്‍ രോഗവ്യാപനം ആരംഭിച്ച ബ്രിട്ടനുമായി കേരളത്തെ ഒന്നു താരതമ്യം ചെയ്യണം. കേരളത്തിലെ ജനസംഖ്യ മൂന്നു കോടിയാണെങ്കില്‍ യുകെയിലെ ജനസംഖ്യ 6.6 കോടി മാത്രമാണ്. ജനസാന്ദ്രത ആകട്ടെ കേരളത്തില്‍ ചതുരശ്ര കിലോമീറ്ററിന് 860 പേര്‍ ആണെങ്കില്‍ യുകെയില്‍ 274/ Km മാത്രമേ യുള്ളൂ. അതായത് കേരളത്തിന്‍റെ നാലിലൊന്ന്. അതിനാല്‍ തന്നെ കേരളത്തിന്‍റെ രോഗവ്യാപന ശേഷി യുകെയുടെ നാലിരട്ടിയാണ്. ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയും സമ്പന്ന രാഷ്ട്രവുമാണ് യുകെ. കേരളമോ മാനവശേഷിയെ കയറ്റുമതി ചെയ്ത് ജീവിക്കുന്ന നാട്. അവിടുത്തെ പ്രതിശീര്‍ഷ വരുമാനം(PPP) 45,350 യുഎസ് ഡോളര്‍ ആണെങ്കില്‍ കേരളത്തിലത് 3200$ മാത്രം. കേരളത്തിലേ പോലെ തന്നെ ജനുവരി 30നാണ് യുകെയിലും ആദ്യത്തെ രോഗബാധ സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 12 ആയപ്പോഴേക്കും യുകെയില്‍ കോവിഡ് രോഗികളുടെ എണ്ണം 78,9913 ആയി കുതിച്ചുയര്‍ന്നപ്പോള്‍ കേരളത്തിലത് 375. കേരളത്തില്‍ കൊറോണ ബാധിച്ച് ഇതുവരെ 3 പേര്‍ മരിച്ചുവെങ്കില്‍ യുകെയില്‍ ഇതുവരെ 10,600ലേറെ പേര്‍ മരിച്ചു കഴിഞ്ഞു. അതായത്, കേരളത്തില്‍ മരണനിരക്ക് 0.58 ശതമാനം മാത്രമാണെങ്കില്‍ ഇംഗ്ളണ്ടിലത് 12 ശതമാനം ആണ്. ഈ ഞെട്ടിപ്പിക്കുന്ന വിത്യാസമാണ് കേരളത്തെ ഇന്ന് ലോകത്തിന്‍റെ മുമ്പില്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.
കേരളത്തിന്‍റെ ആരോഗ്യ രംഗത്തെ മികവ് തിരച്ചറിയണമെങ്കില്‍ മറ്റൊന്നുകൂടി അറിയണം. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് ചൈനിലെ വുഹാനില്‍ കോവിഡ് – 19 രോഗബാധ പൊട്ടിപുറപ്പെട്ടത്. അതിനും രണ്ടുവർഷം മുമ്പ് കൊറോണ വൈറസിനേക്കാളും മാരകമായ ‘നിപ’ പൊട്ടിപ്പുറപ്പെട്ടത് കേരളത്തിൽ. പക്ഷേ, നിപ വൈറസുമായി ഒരാളും കേരളത്തിൽ നിന്നു പുറത്തേക്കു പോയില്ല. ലോകം രക്ഷപ്പെട്ടു. അതേ സമയം കേരളത്തിനു കഴിഞ്ഞതു പോലെ വുഹാനില്‍ പൊട്ടിപുറപ്പെട്ട കോവിഡ്-19 വൈറസുകളെ ചൈനക്ക് വുഹാനില്‍ തന്നെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിരുന്നു വെങ്കിൽ ലോകം ഇപ്പോൾ ഈ മഹാമാരിയുടെ പിടിയിലാവുമായിരുന്നില്ല. ഈ കരുതലിനാണ് കേരളത്തെ ലോകം നമിക്കുന്നത്. അതിനാലാണ് കൊവിഡിനെ ദ്രുതഗതിയിൽ പ്രതിരോധിച്ച ഈ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത്. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഹെങ്ക് ബെക്കെഡ് കേരളത്തിന്‍റെ നേട്ടം പ്രശംസിച്ചതും വാഷിങ്ടണ്‍ പോസ്റ്റും ബിബിസിയുമടക്കമുള്ള ലോകമാധ്യമങ്ങളും ഡക്കാന്‍ ഹറാള്‍ഡ് പോലുള്ള ദേശീയ മാധ്യമങ്ങളും കേരളത്തെ കുറിച്ച് പാടിപുകഴ്ത്തുന്നതും മറ്റൊന്നുകൊണ്ടുമല്ല.