അടച്ചറോഡുകള്‍ തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. അന്തിമ വിധി ചൊവ്വാഴ്ച.

Print Friendly, PDF & Email

കര്‍ണ്ണകേരളത്തിലേക്കുള്ള റോഡുകള്‍ കര്‍ണ്ണാടകം അടച്ചതിനെതിരെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ ഇല്ല. കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ കര്‍ണ്ണാടക ഗവര്‍മ്മെന്‍റിന്‍റെ നടപടി വിമര്‍ശിച്ചുകൊണ്ടു റോഡ് തുറന്നുകൊടുക്കുവാനുള്ള കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണ്ണാടക സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഈ ആവശ്യം തള്ളിയത് കര്‍ണ്ണാടകത്തിന് തിരിച്ചടി ആയിരിക്കുകയാണ്.

അതിര്‍ത്തി കടന്നുള്ള ചരക്കുനീക്കത്തിനെ തടയരുതെന്നു പറഞ്ഞ സുപ്രീം കോടതി കാസര്‍കോടുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി മംഗലാപുരത്തേക്കു പോകുന്ന രോഗികള്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതിനായി കേന്ദ്ര ഹെൽത്ത് സെക്രട്ടറി അദ്ധ്യക്ഷനായി കൊണ്ട് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും കേന്ദ്ര ഗതാഗതമന്ത്രലയത്തിലെ സെക്രട്ടറിമാരും അടങ്ങിയ സമിതി രൂപീകരിക്കണമെന്നും ഇക്കാര്യത്തില്‍ സമിതി തീരുമാനം എടുക്കണമെന്നും, അടുത്ത ചൊവ്വാഴ്ചക്കു മുന്പ് തീരുമാനം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു.

വീഡിയോ കോൺഫൻസിംഗ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹർജി പരിഗണിച്ചത്. കേരള, കർണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേൾക്കാനായിരുന്നു കോടതി തീരുമാനം. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല.

കേരള ഹൈക്കോടതി അതിന്‍റെ പരിധി ലംഘിച്ചുകൊണ്ടാണ് ഉത്തരവിറക്കിയതെന്നും, കോവിഡ്-19 രോഗികളുടെ ഒരു ഹോട്ട്സ്പോട്ടായ കാസര്‍ഗോഡുനിന്ന് രോഗികള്‍ കര്‍ണ്ണാടകത്തിലേക്ക് വരുന്നത് കര്‍ണ്ണാടകയില്‍ രോഗം പടരുവാന്‍ ഇടയാക്കുമെന്നും, ഇത് കര്‍ണ്ണാടകയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കു കാരണമാകും എന്നുമുള്ള കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ന്‍റെ വാദങ്ങള്‍ തള്ളിയ കോടതി റോ‍ഡുകള്‍ തുറന്നു കൊടുക്കേണ്ടിവരും എന്ന് സൂചിപിച്ച് അന്തിമ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവക്കുകയായിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •