കിഴക്കിന്റെ വെനീസിലൂടെ ഒരു യാത്ര
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം.
തലങ്ങുംവിലങ്ങുമായി കിടക്കുന്ന കനാലുകളും, ഹൗസ് ബോട്ടുകളിലെ കായല്‍ യാത്രയും, കയര്‍ വ്യവസായവും ബീച്ചും എല്ലാ ചേര്‍ന്നാണ് ആലപ്പുഴയെ ഒന്നാം തരമൊരു വിനോദകേന്ദ്രമാക്കി മാറ്റുന്നത്. കായല്‍പ്പരപ്പിലൂടെ കെട്ടുവള്ളത്തിലുള്ള യാത്ര നല്‍കുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഇപ്പോഴത്തെ കെട്ടുവള്ളങ്ങള്‍ പലതും ഹോട്ടലുകളെപ്പോലും അതിശയിപ്പിക്കുന്ന ആഢംബരങ്ങള്‍ നിറഞ്ഞതാണ്.
കായലിന്റെ നടുക്ക് കെട്ടുവള്ളം നിര്‍ത്തിയിട്ട് രാത്രികളും പകലുകളും ആഘോഷമാക്കിത്തീര്‍ക്കും. വെനീസിലേതുപോലെയുള്ള കനാല്‍ ശൃംഖലയാണ് ആലപ്പുഴയ്ക്ക് കിഴക്കിന്റെ വെനീസ് എന്ന വിശേഷണം നേടിക്കൊടുത്തത്. പണ്ട് മലഞ്ചരക്ക് വ്യാപാരത്തിന്റെ കാലത്ത് ജലഗതാഗതത്തിന് വേണ്ടിയുണ്ടാക്കിയവയായിരുന്നു ഈ കനാലുകള്‍.