മാധ്യമങ്ങള്‍ക്കു നേരെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഏഷ്യാനെറ്റ്, മീഡിയവണ്‍ ന്യൂസ് ചാനലുകളുടെ പ്രക്ഷേപണം തടഞ്ഞു

Print Friendly, PDF & Email

ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്‍ ചാനലിന്റെയും നേരെ കേന്ദ്രസര്‍ക്കാരിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. 48 മണിക്കൂര്‍ നേരത്തേക്ക് രണ്ടു ചാനലുകളുടേയും പ്രക്ഷേപണത്തിന് വിലക്കേര്‍പ്പെടുത്തി കൊണ്ടാണ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം മാധ്യമ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നാക്രമണം നടത്തിയിരിക്കുന്നത്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേബിള്‍ ടിവി ആക്ടിന്റെ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് നടപടി. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതലാണ് പ്രക്ഷേപണം തടസപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് 7.30 വരെ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്ന് അപ് ലിങ്കിങ് സെന്ററിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായ എസ് എല്‍ ശ്യാം എന്ന സ്വകാര്യ കമ്പനിയാണ് ചാനലുകളുടെ അപ് ലിങ്കിങ്ങ് നിര്‍വഹിക്കുന്നത്. 7.25 നാണ് ഇതുസംബന്ധിച്ച് ചാനലുകള്‍ക്ക് പ്രസ്തുത കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്. തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മെയില്‍ വന്നു. അഞ്ചുമിനിട്ടിനകം താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയും 7.30ന് ചാനലുകളുടെ പ്രക്ഷേപണം നിര്‍ത്തിവക്കുകയും ചെയ്തു.

യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി. കോടതിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള അവസരം പോലും ചാനലുകള്‍ക്ക് ലഭിച്ചില്ല. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഇരു ചാനലുകളും വിശദമായ മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ അവയൊന്നും പരിഗാണിക്കാതെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ അതിവേഗ നടപടി. വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതിന്‍റെ പേരില്‍ രാജ്യത്ത് നാടാടെ ഉണ്ടായ ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള പച്ചയായ കടന്നുകയറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ലോകത്തിനു മുന്നിൽ കേന്ദ്രസർക്കാരും ബിജെപിയും പ്രതിക്കൂട്ടിലാണ്. അതിനു കാരണം, നിർഭയമായി സത്യം റിപ്പോർട്ടു ചെയ്ത വിലക്കുവാങ്ങുവാന്‍ കഴിയാത്ത ചുരുക്കം ചില മാധ്യമങ്ങളാണ്. ആ മാധ്യമങ്ങളെ വേട്ടയാടി എന്നെന്നേയ്ക്കുമായി വരുതിയ്ക്കു നിർത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. വിദേശ മാധ്യമങ്ങളിലൂടെ മാത്രം രാജ്യത്തില്‍ നടക്കുന്നതിന്‍റെ നിജസ്ഥിതി അറിയേണ്ടുന്ന ഗതികേടിലേക്കാണ് ഇന്ത്യന്‍ ജനത എത്തിച്ചേര്‍ന്നിരിക്കുന്നത്.

അക്രമങ്ങളിൽ ആർഎസ്എസിന്റെ പങ്കും ദില്ലി പോലീസിന്റെ നിഷ്ക്രിയത്വവും റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ചൊടിപ്പിച്ചത്. വസ്തുത റിപ്പോർട്ടു ചെയ്യുന്ന മാധ്യമങ്ങളോട് ബിജെപി സർക്കാരിന്റെ സമീപനമാണ് ഇവിടെ വ്യക്തമാകുന്നത്. പൗരത്വ പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി വേട്ടയാടിയപ്പോഴും ഗ്രാസ്റൂട്ട് തലത്തില്‍ പ്രവര്‍ത്തിച്ച ഏഷ്യാനെറ്റിന്‍റേയും മറ്റും മധ്യമ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്ന നേര്‍ക്കാഴ്ചകള്‍ കേന്ദ്രസര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. പ്രതികാര നടപടികളെന്ന നിലയില്‍ ചാനലുകളുടെ പ്രക്ഷേപണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിച്ച് സര്‍ക്കാരിനെതിരെ നിലകൊള്ളുന്ന മാധ്യമങ്ങളെ നിശബ്ദരാക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്.

മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ കയ്യേറ്റത്തിനെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ തുടർച്ചയായി താഴേയ്ക്കു പോവുകയാണ്. 2017ൽ 136-ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം തൊട്ടടുത്ത വർഷം 138ലേയ്ക്കും ഇപ്പോൾ 140ലേയ്ക്കും താഴ്ന്ന് സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്. തൊഴിലിനിടെ 2018ൽ ആറ് ഇന്ത്യൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വിവരവും റിപ്പോർട്ടിൽ പ്രാധാന്യത്തോടെ പ്രസ്താവിച്ചിട്ടുണ്ട്. ബിജെപി സർക്കാർ ഇന്ത്യയെ ഏങ്ങോട്ടാണ് നയിക്കുന്നത് എന്ന് വ്യക്തമാണ്.