ജനസംഖ്യാ രജിസ്റ്ററിലൂടെ പൗരത്വ പട്ടികയിലേക്ക്…

Print Friendly, PDF & Email

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഇനി ലക്ഷ്യം വക്കുക ഏതു മാര്‍ഗ്ഗത്തിലൂടേയും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍- National Population Register) തയ്യാറാക്കുകയും അതിലൂടെ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി-National Record of Citizen) നിര്‍മ്മിക്കുന്നതിലും ആയിരിക്കും. അതിനായി ഇക്കൊല്ലം ഏപ്രിലിനും സെപ്‌റ്റംബറിനും മിടയിൽ നടക്കാനിരിക്കുന്ന സെൻസസിന്റെ ഭാഗമായ ‘ഹൗസ് ലിസ്റ്റിങ്ങ്‘ നടത്തുന്നതിനോടൊപ്പംതന്നെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആര്‍) പുതുക്കലും നടത്തുക എന്നതാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) ദേശീയ പൗരത്വ പട്ടികയും (എന്‍.ആര്‍.സി) തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ ശരിയല്ലെന്നാണ് രേഖകള്‍ പറയുന്നത്. എന്‍.ആര്‍.സി യിലേക്കുള്ള ആദ്യ ചുവടല്ല, എന്‍.പി.ആര്‍ എന്‍.ആര്‍.സി തന്നെയാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. എന്‍.പി.ആര്‍ 2020നു വേണ്ട നിര്‍ദ്ദേശ മാനുവലില്‍ ഫീല്‍ഡ് നമ്പര്‍ 13ല്‍ മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ ചോദിക്കുന്നിടത്താണ് ‘അപകടം’ പതിയിരിക്കുന്നത്. ഈ ഭാഗത്ത് മാതാപിതാക്കള്‍ ജനിച്ചത് ഇന്ത്യയിലാണോ വിദേശത്താണോ എന്നാണ് പ്രധാന ചോദ്യം. മന്‍മോഹന്‍സിങിനു കീഴിലെ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മാതാപിതാക്കള്‍ എവിടെയാണ് ജനിച്ചത് എന്ന ചോദ്യമുണ്ടായിരുന്നില്ല.

ചോദ്യങ്ങള്‍ ഇങ്ങനെ: 1- അച്ഛനോ അമ്മയോ പങ്കാളിയോ ഈ വീട്ടിലെ അംഗമല്ല എങ്കില്‍, അല്ലെങ്കില്‍ ജീവിച്ചിരിപ്പില്ല എങ്കില്‍ അവരുടെ പേരും ജനനത്തിയ്യതികളും താഴെ വരുന്ന ഇടത്ത് എഴുതുക. ജീവിതപങ്കാളിയെ കുറിച്ചെങ്കില്‍ പേരു മാത്രം എഴുതുക. 2- അവര്‍ ഈ വീട്ടിലെ അംഗങ്ങളാണ് എങ്കില്‍ നല്‍കിയിട്ടുള്ള ഇടത്ത് സീരിയല്‍ നമ്പര്‍ എഴുതുക 3- ജനനം ഇന്ത്യയ്ക്കകത്താണ് എങ്കില്‍ ഏതു സംസ്ഥാനത്ത്, ഏതു ജില്ലയില്‍ എന്ന് രേഖപ്പെടുത്തുക. ഇന്ത്യയ്ക്ക് പുറത്താണ് എങ്കില്‍ രാജ്യത്തിന്റെ പേരെഴുതുക. ഇന്‍സ്ട്രക്ഷന്‍ മാന്വലില്‍ ഉദാഹരണ സഹിതമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. ചോദ്യാവലിയില്‍ 31-ാം ചോദ്യം ഫോൺ നമ്പർ ആണ്.

സാധാരണഗതിയില്‍ ജനസംഖ്യാ സെന്‍സസിന്റെ ഭാഗമായാണ് എന്‍.ആര്‍.പി വിവരങ്ങള്‍ സര്‍ക്കാര്‍ ആരായുന്നത്. ഇതിനു മുമ്പു തന്നെ ഒരു വിവര ശേഖരണത്തില്‍ മാതാപിതാക്കളുടെ ജന്മസ്ഥലം ആവശ്യപ്പെട്ടിരുന്നില്ല. എന്‍.പി.ആര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ സംശയപ്പട്ടികയില്‍ പെടുത്താന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടി വരും. ഈ പട്ടികയിലെ മാനദണ്ഡങ്ങളില്‍ വ്യക്തതയില്ല. പുതുതായി ഫോണ്‍ നമ്പര്‍ കൂടി ചോദിക്കുന്നത് സര്‍ക്കാറിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉളവാക്കുന്നതാണ്. വിവരശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ മാത്രമാണ് ഫോണ്‍ നമ്പർ ചോദിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇത്തരത്തിലൊരു അറിയിപ്പ് ഇതിനു മുന്പുള്ള ഒരു സെന്‍സസിലും ഉണ്ടായിട്ടില്ല.

ഫോണ്‍ നമ്പറും മാതാപിതാക്കളുടെ ജനന തീയതിയും, ജനനസ്ഥലവും അടക്കം വ്യക്തി സംമ്പന്ധമായ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ ഈ വിവരങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ സ്വത്തായി മാറും. പിന്നീടാണ് യഥാര്‍ത്ഥ വില്ലന്‍റെ രംഗപ്രവേശം. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആര്‍)ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെടുവാന്‍ കഴിയും. അവ സമര്‍പ്പിക്കുവാന്‍ കഴിയാതെ വരുന്നവര്‍ എന്‍പി യആര്‍ലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ദേശീയ പൗരത്വ പട്ടിക(NRC)ല്‍ നിന്ന് പുറത്താവുകയും നുഴഞ്ഞു കയറ്റക്കാരായോ അഭയാര്‍ത്ഥികളായോ കണക്കാക്കപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ രാജ്യത്ത് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി) യുടെ ആദ്യപടിയായാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍ എന്നാണ് കരുതപ്പെടുന്നത്.

ഇവിടെയാണ് പൗരത്വ ഭേദഗതി നിയമ(സിഎഎ) ത്തിന്‍റെ പ്രസക്തി. അങ്ങനെ പുറത്താക്കപ്പെടുന്ന മുസ്ലീം സമുദായത്തില്‍ പെടാത്തവര്‍ തങ്ങള്‍ മതപീഢനത്തിന്‍റെ പേരില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഏതെങ്കിലും രാജ്യത്തുനിന്ന് രക്ഷപെട്ടുവന്നവരാണെന്ന് സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം കൊടുത്താല്‍ അവര്‍ തിരിച്ച് ഇന്ത്യന്‍ പൗരന്മാരാകും അല്ലാത്തവര്‍ പൗരത്വാവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടവ്യക്തികളായി കഴിയുകയോ രാജ്യമെമ്പാടും കെട്ടിഉയര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന തടങ്കല്‍ പാളയങ്ങലിലേക്ക് അയക്കപ്പെടുകയോ ചെയ്യാം. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് കേരളം, ബംഗാള്‍ തുടങ്ങി ബിജെപിയേതര ഗവര്‍മ്മെന്‍റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തങ്ങള്‍ പൗരത്വ ബില്ലുമായോ പൗരത്വ രജിസ്റ്ററുമായോ സഹകരിക്കുകയില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ നിസഹരിച്ചാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്‍പിആര്‍ നടപ്പിലാക്കുവാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായി അറിയാം. അതിനാല്‍ എന്ത് കുതന്ത്രങ്ങളിലൂടെ ആണെങ്കിലും എന്‍.പി.ആര്‍ ലേക്ക് വിവര സമാഹരണം നടപ്പിലാക്കുവാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ എന്‍പിആര്‍ നടപ്പിലാക്കുവാനുള്ള നിര്‍ദ്ദേശം എത്രകണ്ട് വിജയിക്കുമെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു അതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) ഫോറത്തിലൂടെ എന്‍.പി.ആര്‍ നടപ്പിലാക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്ര ഗവര്‍മ്മെന്‍റെ അതിനുള്ള നിര്‍ദ്ദേശം പൊതുമേഖല ബാങ്കുകള്‍ക്ക് പോയിക്കഴിഞ്ഞു.

പൊതുമേഖലാ ബാങ്കായ സെന്‍ട്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) ഫോറത്തിലാണ് എന്‍.പി.ആര്‍ ആദ്യം ഇടംപിടിച്ചിരിക്കുന്നത്. എന്‍.പി.ആര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന ഭീഷണിയും ഫോറത്തിലുണ്ട്. ‘ 2020 ജനുവരി 31ന് മുമ്പ് ഉപഭോക്താക്കള്‍ എന്‍.പി.ആര്‍ അടക്കമുള്ള കെ.വൈ.സി വിവരങ്ങള്‍ മുഴുവന്‍ സമര്‍പ്പിക്കണം. അല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും. അവര്‍ക്ക് ബാങ്കുകളില്‍ ഇടപാട് നടത്താനാകില്ല’ എന്ന ഭീക്ഷണിയോടെയുള്ള പരസ്യങ്ങളും പ്രമുഖ മാധ്യമമങ്ങളില്‍ വരുവാന്‍ തുടങ്ങി കഴിഞ്ഞു. എന്തു വിലകൊടുത്തും ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍പിആര്‍) അതിലൂടെ ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി)യും നടപ്പിലാക്കുമെന്ന പിടിവാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍. അതോടെ അശാന്തിയുടേയും പ്രതിക്ഷേധങ്ങളുടേയും നാളുകളിലൂടെയാണ് രാജ്യം ഇനി കടന്നുപോകേണ്ടിയിരിക്കുന്നത്…

Pravasabhumi Facebook

SuperWebTricks Loading...