ഡല്‍ഹി കലാപം ആസൂത്രിതമോ…??? രൂക്ഷ വിമര്‍ശനവുമായി കോടതി

Print Friendly, PDF & Email

ല്‍ഹി കലാപത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതിയും ഡല്‍ഹി ഹൈക്കോടതിയും. കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ ഈ വിഷയം ഇപ്പോള്‍ പരിഗണിക്കുന്നില്ല എന്നപറഞ്ഞ സുപ്രീം കോടതി പൊലീസിന്‍റെ നിഷ്കൃയത്വത്തെ ശക്തമായി വിമര്‍ശിച്ചു. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ഇന്നു തന്നെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധര്‍ ആവശ്യപ്പെട്ടു. കേസ് എടുക്കാന്‍ എന്തു കൊണ്ടാണ് വൈകിയത് എന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ് ശര്‍മ്മ, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ തുടങ്ങിയവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ എന്തു കൊണ്ടാണ് കേസെടുക്കാത്തത്? – ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു. ഈ വീഡിയോകള്‍ കണ്ടിട്ടില്ല എന്നായിരുന്നു ഡല്‍ഹ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണറും കേന്ദ്ര ഗവര്‍മ്മെന്‍റിനു വേണ്ടികോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മറുപടി നല്‍കിയത്.

വാര്‍ത്ത കാണാത്തവര്‍ക്ക് പ്രത്യേകം പ്രിവിലേജുകള്‍ ഒന്നുമില്ലൈന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹിയറിങില്‍ മൂന്ന് വീഡിയോകളും കോടതിയില്‍ പ്ലേ ചെയ്യിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. പൊതുസ്വത്ത് നശിപ്പിച്ചതിന് എതിരെ നിങ്ങള്‍ കേസെടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളില്‍ കേസില്ല. നിങ്ങള്‍ക്ക് ഒരു കുറ്റം നടക്കുന്നത് അറിയില്ലേ?. വീഡിയോകള്‍ പ്രകോപനപരമാണ് എന്ന് സോളിസിറ്റര്‍ ജനറല്‍ പറയുന്നു. കേസെടുക്കാത്തതെന്ത്? രാജ്യം മുഴുവന്‍ ചോദിക്കുന്നത് ആ ചോദ്യമാണ്. കേസെടുത്തിട്ടില്ല എങ്കില്‍ അതിന്റെ പ്രത്യാഘാതം ഓര്‍ക്കണം- കോടതി മുന്നറിയിപ്പു നല്‍കി. ഇന്ന് ഉച്ചയ്ക്ക് 2.15ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

നാലുദിവസം നീണ്ടുനിന്ന ഡല്‍ഹി കലാപം ആസുത്രിതമായിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സോളിസ്റ്റര്‍ ജനറലും ഡല്‍ഹി പോലീസും എടുത്ത നിലപാടുകള്‍ ഈ സംശയത്തെ ബലപ്പെടുത്തുന്നു. ഞായറാഴ്ച രാവിലെ ജഫ്രാബാദില്‍ പൗരത്വ നിയമങ്ങള്‍ക്കെതിരെ സമാധാനപരിമായി സമരം നടത്തിയവര്‍ക്കു നേരെ ഷാഹന്‍ബാഗ് ആവര്‍ത്തിക്കുവാന്‍ അനുവദിക്കില്ല എന്നാക്രോശിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ എത്തിയ ഒരുസംഘം കല്ലേറ് ആരംഭിച്ചതോടെയാണ് കലാപം പൊട്ടിപുറപ്പെട്ടത്. കപില്‍ മിശ്ര, പര്‍വേശ് ശര്‍മ്മ, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ തുടര്‍ച്ചയായി നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ് കണ്ടില്ലന്ന് നടിക്കുക മാത്രമല്ല അവയെ പരോക്ഷമായി പ്രത്സാഹിപ്പിക്കുകയായിരുന്നു.

റോം നിന്നു കത്തിയപ്പോള്‍ വീണവായിച്ച നീറോയുടെ ജീവിക്കുന്ന പതിപ്പായിരുന്നു ഡല്‍ഹിയില്‍ കണ്ടത്. സൈന്യത്തെ വിന്യസിപ്പിച്ച് ഞങ്ങളെ രക്ഷക്കൂവെന്ന നിലവിളി ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് ഉയരുമ്പോള്‍ ഉള്ള പോലീസിനെ പോലും പിന്‍വലിച്ച് കലാപകാരികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുത്തു കൊണ്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ. ട്രംമ്പിന് സദ്യ വിളമ്പുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതവലയത്തില്‍ രാജ്ഘട്ടില്‍ പ്രാര്‍ത്ഥനടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേരിവാള്‍. ഡല്‍ഹിയുടെ ഗല്ലികളില്‍ നിന്ന് കൂട്ട നിലവിളി ഉയരുമ്പോള്‍ ഇത്തരം അറക്കുന്ന കാഴ്ചകള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.

ഗുജറാത്ത് കലാപത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഡല്‍ഹി നിന്നു കത്തുമ്പോള്‍ നിഗൂഢ നിശബ്ദതയിലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ്. തെരുവുകളില്‍ നിന്ന് നിയമപാലകരെ എല്ലാം പിന്‍വലിച്ച് കലാപകാരികള്‍ക്ക് അവരുടെ ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുകയായിരുന്നു പോലീസ്. മൂന്നു ദിവസം അഴിഞ്ഞാടുവാനുള്ള അവസരം ലഭിച്ച കലാപകാരികള്‍ ആരുടേയോ നിര്‍ദ്ദേശം ലഭിച്ചെന്നവണ്ണം സ്വമേധയാ ഒഴിഞ്ഞു പോയതിനു ശേഷം മാത്രമാണ് അമിത്ഷായുടെ ഡല്‍ഹി പോലീസും കേന്ദ്ര സേനയും കലാപമേഖല പ്രദേശങ്ങളില്‍ എത്തിചേര്‍ന്നത്. കലാപം സ്വയം കെട്ടടങ്ങിയ ശേഷം മാത്രമാണ് നാലാം ദിവസം ആരെയോ ബോധിപ്പിക്കുവാന്‍ എന്നവണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാധാന ആഹ്വാനം പുറത്തു വരുന്നത്. ഇതെല്ലാം ചേര്‍ത്ത് കൂട്ടിവായിക്കുമ്പോള്‍ 27 പേരുടെ ജീവനെടുത്ത – കോടികളുടെ സ്വത്തു കത്തിചാമ്പലാക്കിയ – ഡല്‍ഹി കലാപം കേവലം യാദൃശ്ചികമല്ല പ്രത്യുത ഭരണകൂടത്തിന്‍റെ ഒത്താശയോടെ ആരൊക്കെയോ ചേര്‍ന്ന് ആസൂത്രിതമായി നടപ്പാക്കിയ ഒന്നായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  മോദി സര്‍ക്കാര്‍ നാളിതുവരെ വിതച്ചു കൊണ്ടിരുന്ന വിഭാഗീയതയുടെവിത്തുകള്‍ പൊട്ടിമുളക്കാന്‍ തുടങ്ങിയിരിക്കുന്നു വെന്നാണ് ഡല്‍ഹി പഠിപ്പിക്കുന്നത്. ജസ്റ്റിസ് മുരളീധറും ജസ്റ്റിസ് അനുപ് ജയറാം ഭംപാനിയും അടങ്ങിയ ബ‌ഞ്ചാണ് കേസ് പരിഗണിച്ചത്.