ഇരട്ടചങ്കന്‍ നഗ്നനാക്കപ്പെടുന്നു… ഡിജിപി ബെഹ്‌റയെ വെട്ടിലാക്കി സി.എ.ജി റിപ്പോര്‍ട്ട്.
നിരവധി വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വജയന്‍ സംരക്ഷിച്ചു നിലനിര്‍ത്തിയ സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സി.എ.ജി. ഇതോടെ പൂര്‍ണ്ണമായും നഗ്നരാക്കപ്പെട്ടിരിക്കുകയാണ് ആഭ്യന്തരവകുപ്പും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജിപുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ട്. എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് കഴിഞ്ഞില്ലെന്ന് സി.എ.ജി.യും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു.
സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും ഗുരുതര വെളിപ്പെടുത്തലുകളാണ് സി.എ.ജി. റിപ്പോര്‍ട്ടിലുള്ളത്. സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങിയത്. ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും ലംഘിച്ചിരിക്കുകയാണ്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്. 2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതിയും നല്‍കി. ഡിജിപി ആകട്ടെ ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു മിസ്തുബുഷി വാഹന കമ്പനിയില്‍ നിന്ന് 55.02 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാങ്ങാന്‍ സപ്ളെ ഓര്‍ഡര്‍ നല്‍കുകയാണ് ചെയ്തത്. അതേ ദിവസം തന്നെ വാങ്ങുന്നതിന് നിയമ സാധുത ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാരിന് കത്തുമയച്ചു. മാത്രമല്ല മാത്രമല്ല അന്നേ ദിവസം തന്നെ വാങ്ങല്‍ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ മിസ്തുബുഷി വാഹനകമ്പനിയുടെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ അതായത് അതായത് കാര്‍ വിലയുടെ 30 ശതമാനം തുക മുന്‍കൂര്‍ നല്കി. ഓപ്പണ്‍ ടെണ്ടര്‍ പോയില്ല എന്നത് തന്നെ ഗുരുതരമായ തെറ്റാണ്. എന്നാല്‍ നിയന്ത്രിത ടെണ്ടര്‍ പോകുമ്പോള്‍ അതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും പാലിച്ചിട്ടില്ല എന്ന് സിഎജി പറയുന്നു.
പോലീസ് സേനയെ ആധുനിവത്കരിക്കുവാനുള്ള 60 ശതമാനം കേന്ദ്രത്തിന്‍റേയും 40 ശതമാനം കേരളത്തിന്‍റേയും വിഹിതമുള്ള ഫണ്ടില്‍ നിന്ന് ഫോര്‍ച്യൂണ്‍ അടക്കമുള്ള ആഢംബര വാഹനങ്ങളാണ് വകമാറ്റി വാങ്ങിയിരിക്കുന്നത്. ട്രക്ക് ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ മാത്രം വാങ്ങുവാന്‍ നിര്‍ദ്ദേശമുള്ള ഫണ്ടാണിത്. 481 പൊലീസ് സ്റ്റേഷനുകൾ പരിശോധിച്ചതിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ സ്വന്തമായി ഒരു വണ്ടി പോലുമില്ല. 193 പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധി പരിശോധിക്കുമ്പോൾ രണ്ട് വാഹനങ്ങളുണ്ടാകേണ്ട സ്ഥാനത്ത് ഒരു വാഹനമേയുള്ളൂ. ഇത്തരം ഒരു സംസ്ഥാനത്താണ് ആഢംബര വാഹനങ്ങള്‍ക്കായി ഇങ്ങനെ പണം വകമാറ്റി ചിലവഴിച്ചിരിക്കുന്നത്. 286 പുതിയ വാഹനങ്ങൾ വാങ്ങിയതിൽ 15% ആഢംബര വാഹനങ്ങളായിരുന്നു. ഇതിൽ പല വാഹനങ്ങളും നൽകിയത് സിബിസിഐഡി പോലുള്ള നോൺ ഓപ്പറേഷണൽ വിഭാഗങ്ങൾക്കാണ്. പൊലീസ് സ്റ്റേഷനുകൾക്കോ ഔട്ട് പോസ്റ്റുകൾക്കോ മാത്രം വാഹനങ്ങൾ വാങ്ങേണ്ട ഫണ്ടാണിത്.
പൊലീസിന് വേണ്ടിയുള്ള ജിപിഎസ് ഉപകരണങ്ങളും, വോയ്‍സ് ലോഗേഴ്‍സും വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് സിഎജി യുടെ കണ്ടെത്തല്‍. കെൽട്രോണും പൊലീസും തമ്മിൽ സ്വകാര്യ കമ്പനികൾക്ക് കരാർ മറിച്ചുകൊടുക്കാൻ ‘അവിശുദ്ധ കൂട്ടുകെട്ടു’ണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ തുറന്നു പറയുന്നു.പാനസോണിക് ഉൾപ്പടെയുള്ള ചില കമ്പനികളില്‍ നിന്നു മാത്രം മുന്‍കൂട്ടി ധാരണയിലെത്തിയാണ് പല ഉപകരണങ്ങളും വാങ്ങിയതെന്നും, അതിനായി ഓപ്പണ്‍ ടെണ്ടര് വിളിച്ചിട്ടില്ല എന്നും സിഎജി ചൂണ്ടികാട്ടുന്നു.
പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും സിഎജി ആരോപിക്കുന്നു. സബ് ഇന്‍സ്പക്ടര്‍ തുടങ്ങി താഴെയുള്ള റാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ 2.81 കോടി രൂപയാണ് വകമാറ്റി എസ്പിമാർക്കും എഡിജിപാമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിയുവാനായി ആണ് ചിലവഴിച്ചിരിക്കുന്നത്. ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനവും സിഎജി റിപ്പോർട്ടിലുണ്ട്. 2013 മുതൽ 2018 വരെയുള്ള 9285 കേസുകളിൽ തീർപ്പായില്ല . പോക്സോ കേസുകളും ഇതിൽ ഉൾപ്പെടും. ഇതോടെ തന്‍റെ മാനസപുത്രനായ ഡിജിപിക്കെതിരെ നടപടി എടുക്കുവാന്‍ നിര്‍ബ്ബന്ധിതനായി തീര്‍ന്നിിക്കുകയാണ് പിണറായി വിജയന്‍.