ഡല്‍ഹി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമോ…? സംശയമുന നീളുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്…!

Print Friendly, PDF & Email

ഡല്‍ഹി തിരഞ്ഞെടുപ്പു കഴിഞ്ഞു. നാളെയാണ് വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സിറ്റ് പോള്‍ പ്രവചനം നടത്തിയ മാധ്യമങ്ങളെല്ലാം തന്നെ എഎപിക്ക് വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഒത്താശയോടെ തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടക്കും എന്നാണ് അവര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ജനങ്ങള്‍ ഇത്രത്തോളം ഇലക്‍ഷന്‍ കമ്മീഷന്‍റെ വിശ്വാസ്യതയെ സംശയിക്കുന്ന മറ്റൊരു അവസരം ഇന്ത്യാ ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ല.

അവരുടെ സംശയങ്ങളെ ബലപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രാജ്യത്ത് ഉണ്ടായികൊണ്ടിരിക്കുന്നത്. അതില്‍ അവസാനത്തേതാണ് ഡല്‍ഹിയേപോലുള്ള ഒരു കൊച്ചു സംസ്ഥാനത്ത് ഇവിഎം ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടത്തിയിട്ടും പോളിങ്ങ് ശതമാനം പുറത്തുവിടാന്‍ 24 മണിക്കൂറിലേറെ സമയം തിരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി വന്നു എന്നുള്ളത്. പോളിങ്ങ് ശതമാനം പുറത്തു വിട്ടപ്പോഴാകട്ടെ തെരഞ്ഞെടുപ്പ് അവസാനിച്ച ശനിയാഴ്ച തെര. കമ്മിഷന്‍ പുറത്തുവിട്ട കണക്കുകളും ഞായറാഴ്ച വൈകിട്ട് പുറത്തുവിട്ട കണക്കുകളും തമ്മില്‍ വന്‍ അന്തരം.

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, പോളിംഗ് ദിവസം വൈകുന്നേരം 4:30 ന് ദില്ലിയിലെ പോളിംഗ് ശതമാനം 42.7% ആയിരുന്നു. വൈകുന്നേരം 5 മണി വരെ ഇത് 1.82% വർദ്ധിച്ചു 44.52 ശതമാനമായി. ശനിയാഴ്ച പോളിങ്ങ് അവസാനിച്ചപ്പോള്‍ പുറത്തുവിട്ട കണക്കു പ്രകാരം ഇത് 52 .95 ശതമാനത്തിലെത്തി. അതായത് 5 .30 നും 6മണിക്കും ഇടയിലെ 8 .43 ശതമാനം ദില്ലി വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിലേക്ക് ഓടിയെത്തിയത്രേ.  തിരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂ റിനു ശേഷം ഇലക്‍ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട് അന്തിമ കണക്കു പ്രകാരം 62.5 ശതമാനമാണ് പോളിങ്. അതായത് 9.55 ശതമാനത്തിന്‍റെ പോളിങ്ങ് വര്‍‍ദ്ധനവ്. എന്ന് വച്ചാൽ 30 മിനിറ്റിനുള്ളിൽ പന്ത്രണ്ടര ലക്ഷം പേര്‍ വോട്ടു ചെയ്തുവത്രെ. എത്ര വേഗത്തില്‍ വോട്ട് ചെയ്താലാണ് അര മണിക്കൂറിൽ ഏകദേശം പന്ത്രണ്ടര ലക്ഷം മനുഷ്യർ വോട്ട് ചെയ്തു തീരും? ഇത് സാധ്യമാണോ?

ഡല്‍ഹിയില്‍ ആകെ ഉണ്ടായിരുന്നത് 13750 ബൂത്തുകള്‍. അരമണിക്കൂര്‍ കൊണ്ട് 12.5ലക്ഷം വോട്ടുചെയ്യണമെങ്കില്‍ ഒരു ബൂത്തില്‍ 30 മിനിട്ടില്‍ ശരാശരി 90 പേരെങ്കിലും വോട്ടു ചെയ്യണം. വോട്ടര്‍ ബൂത്തില്‍ പ്രവേശിച്ച് എല്ലാനടപടിക്രമങ്ങളും കഴിഞ്ഞ് വോട്ട് ചെയ്ത് പുറത്തെറങ്ങുവാന്‍ എത്ര വേഗത്തില്‍ നടപടി ക്രമങ്ങള്‍ നീക്കിയാലും എറ്റവും ചുരുങ്ങിയത് ഒരു മിനിട്ടെടുത്താല്‍ തന്നെ 30 മിനിട്ടു കൊണ്ട് 30 വോട്ടിലേറെ ചെയ്യുവാന്‍ കഴിയില്ല. അത് തന്നെ പ്രായോഗിക തലത്തില്‍ സാധ്യമല്ല എന്നിരിക്കെയാണ് 20 സെക്കന്‍റില്‍ ഒരാള്‍ വീതം വോട്ടു ചെയ്തുവെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അവകാശപ്പെടുന്നത്.

ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങ് നടന്ന ബല്ലീമരന്‍ മണ്ഡലത്തിന്‍റെ കാര്യംതന്നെ എടുത്തു പരിശോദിക്കാം. ശനിയാഴ്ച രാത്രി കമ്മിഷന്‍ പുറത്തുവിട്ടതു പ്രകാരം ബല്ലിമരന്‍ മണ്ഡലത്തിലെ പോളിങ് ശതമാനം 49.3 ആയിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അവസാന കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ പോളിങ് 71.58 ശതമാനമായി. അതായത് അരമണിക്കൂറു കൊണ്ട് 22.28 ശതമാനം പോളിങ്ങ് വര്‍ദ്ധനവ്. എന്നാല്‍ അഭൂതപൂര്‍വ്വമായ തിരക്കുകളോ ക്യൂവോ ഒന്നും ബല്ലീമരന്‍ മണ്ഡലത്തിലെ ഒരു പോളിങ്ങ് ബൂത്തിലും കണ്ടിരുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഷാകുര്‍ ബസ്തി മണ്ഡലത്തിലും സമാന സാഹചര്യമാണ് ഉണ്ടായത്. കമ്മിഷന്റെ ആദ്യ കണക്കുകളില്‍ 49.19 ശതമാനമാണ് ഇവിടത്തെ വോട്ടിങ്. എന്നാല്‍ ഒടുവിലത്തെ കണക്കു പ്രകാരം വോട്ടിങ് 67.66 ശതമാനവും. അതായത് അരമണിക്കൂറിനിടയില്‍ നടന്ന പോളിങ്ങ് 18.47 ശതമാനം!!!. അവസാന കണക്കു വരുമ്പോള്‍ പോള്‍ ചെയ്ത വോട്ടില്‍ ചെറിയ അന്തരങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്ര വലിയ അന്തരം എങ്ങനെ ഉണ്ടായി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. ഇതിനു കൃത്യമായ ഉത്തരം നല്‍കുവാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നിഷ്പക്ഷത പോലും ചോദ്യം ചെയ്യപ്പെടുന്നത്.