പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പിലെ അട്ടിമറി ആരോപണം വിവരം കൈമാറണമന്ന് ഡല്‍ഹി ഹൈക്കോടതി

Print Friendly, PDF & Email

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന ആരോപണത്തില്‍ പരാതിക്കാരന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിലെ എല്ലാ മണ്ഡലങ്ങളിലെയും വി.വിപാറ്റ് വോട്ടിങ് മെഷീനിലെ കടലാസ് സ്ലിപ്പുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ ഹന്‍സ് രാജ് ജെയ്ന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അദ്ധ്യക്ഷനും ജസ്റ്റിസ് സി. ഹരിശങ്കര്‍ അംഗവുമായ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം, 373 ലോക്‌സഭാ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ട് എന്നാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ആരോപിക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ലോക്‌സഭാ മണ്ഡലത്തിലെ ജനവിധി ഹര്‍ജിയില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ.വി.എമ്മില്‍ ഇവിടെ എണ്ണിയത് 12,32,417 വോട്ടാണ് എങ്കില്‍ മെഷീനില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 12,14,086 മാത്രമാണ് എന്നാണ് ഹര്‍ജി പറയുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയങ്ങള്‍ ഇല്ലാതിരിക്കാന്‍ വോട്ടെടുപ്പ് പൂര്‍ണമായും പേപ്പര്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃയ സുതാര്യമാക്കുവാനായി സര്‍ക്കാര്‍ കമ്മിഷന് 3,173.47 കോടി രൂപ അനുവദിച്ചിരുന്നവെങ്കിലും തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേ പരാതി ഉന്നയിച്ച് എന്‍.ജി.ഒ ആയ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), കോമ്മണ്‍ കോസ് എന്നീ സംഘടനകള്‍ സുപ്രിംകോടതിക്ക് മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു. പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ട് എന്നാണ് എ.ഡി.ആര്‍ നൽകിയ ഹര്‍ജിയില്‍ പറയുന്നത്. ഒരു വോട്ടു മുതല്‍ 1,01,323 വോട്ടു വരെ പൊരുത്തക്കേട് ഉണ്ട് എന്നാണ് ഹര്‍ജി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് എ.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് നീട്ടിയിരുന്നു.