വൂഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട ‘കൊറോണ’

Print Friendly, PDF & Email

ചൈനയിലെ വൂഹാന്‍ നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപുറപ്പെട്ട വൈറസ് ബാധ ലോകത്തെമ്പാടും ഭീതി പടർത്തി ക്കൊണ്ടിരിക്കുകയാണ്. 2003 ൽ ഉണ്ടായ ‘സാർസ്’ വൈറസ് ബാധ പോലെ ഇതും ഒരു ഗോളാന്തര വ്യാപ്തിയുള്ള പ്രശ്നമാകുമോ എന്നതാണ് ആരോഗ്യമേഖല ഉത്ക്കണ്ഠയോടെ നോക്കികൊണ്ടിരിക്കുന്നത്. ഏകദേശം എഴുന്നൂറിലേറെ പേര്‍ പേരിലധികം മരിക്കാൻ ഇടയായ ആ സംഭവം പുറം ലോകം അറിയാതെ മൂടിവയ്ക്കാൻ ചൈനീസ് അധികൃതർ ശ്രമിച്ചതുകൊണ്ടാണ് സാർസ് വൈറസ് കൂടുതൽ ശക്തിയാർജ്ജിച്ച് ഒരു ഗോളാന്തര പ്രശ്നമായി മാറിയത് എന്ന് അന്താരാഷ്ട്ര പൊതുജനാരോഗ്യ വൃത്തങ്ങള്‍ ഇന്നു കരുതുന്നു. സ്വന്തം രാജ്യത്തിന്റെ ഇമേജിനുണ്ടായ ഈ ക്ഷതം ഇനിയും സംഭവിക്കരുത് എന്ന ജാഗ്രതയിലാണ് ചൈനീസ് അധികൃതർ. ഇപ്പോഴും ചൈനയി​ലെ ആരോഗ്യ സംവി​ധാനത്തി​ന് ഇത് നി​യന്ത്രി​ക്കാൻ കഴി​യുമെന്നാണ് അവർ പ്രത്യാശി​ക്കുന്നത്.

വുഹാനിലെ ഒരു മാംസ മാർക്കറ്റിൽ വിറ്റ കാട്ടുമൃഗങ്ങളുടെ മാംസത്തിൽ നിന്നാണ് വൈറസ് പരന്നതെന്നാണ് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഗാവോ ഫു പറഞ്ഞത്. വൂഹാൻ നഗരം നൂറ്റിപ്പത്തു ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഒരു നഗരമാണ്. കേരളത്തിന്റെ ഏകദേശം മൂന്നിലൊന്നു ജനസംഖ്യ ഒറ്റ നഗരത്തിൽ. രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നഗരം ‘അടച്ചുപൂട്ടുക” എന്ന രീതിയാണ് ചൈനീസ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അതായത് വൂഹാനിൽ നിന്നും ആരെയും പുറത്തുവിടാതിരിക്കുകയും, അകത്തേക്കുള്ള ആളുകളുടെ വരവു നിയന്ത്രിക്കുകയും, യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുക. ഇതോടൊപ്പം വൂഹാനിൽ നിന്ന് 70 കി.മീ അകലെയുള്ള അറുപതുലക്ഷത്തോളം ആളുകൾ താമസിക്കുന്ന മറ്റൊരു നഗരവും അടച്ചുപൂട്ടാൻ ഗവൺമെന്റ് തീരുമാനിച്ചുകഴിഞ്ഞു. ചൈനയില്‍ ചെറുതും വലുതമായ 11ല്‍ പരം നഗരങ്ങള്‍ അടച്ചു പൂട്ടലിന്‍റെ ഭീക്ഷണിയിലാണ്. എന്നാൽ ‘അടച്ചുപൂട്ടൽ” ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാം ചില വിദേശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായo. ഒരേ നഗരത്തിലെ ആളുകളിൽ പെരുകി വൈറസിന് കൂടുതൽ ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് അവർ കരുതുന്നു. ഏതായാലും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ചൈന പൊതുവേ അവരുടെ സ്വന്തം വിദഗ്ദ്ധന്മാരെ മാത്രമേ ആശ്രയിക്കാറുള്ളു. അതുകൊണ്ട് ബാഹ്യ ഇടപെടലുകളൊന്നും ചൈനയില്‍ നടക്കുകയില്ല.

”കൊറോണാ വൈറസ്” എന്ന വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് ഈ രോഗം പടർത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. സാർസ് വൈറസുമായി ബന്ധമുള്ളവയാണ് ഇവ. സാധാരണ ജലദോഷത്തിന്റെ വൈറസിനും ഇവയുമായി ജനിതക ബന്ധമുണ്ട്. സാങ്കേതിക വിദ്യയുടെ പ്രയോഗം വഴി വളരെപ്പെട്ടെന്നുതന്നെ വൈറസിനെ തിരിച്ചറിയാനും പഠിക്കാനും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒരു വൈറസിന്റെ ജീനോം എത്രപെട്ടെന്ന് മാറുന്നു എന്നുള്ളതും, എങ്ങനെ അതിന് അതിവേഗം ശക്തമായ രോഗജന്യവൈറസായി മാറാൻ കഴിയുന്നു എന്നുള്ളതും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇപ്പോഴും മനുഷ്യനാണ് ജീവന്റെ അവസാന വാക്കെന്ന് കരുതുന്നവർക്ക് ഒരു താക്കീത്. മനുഷ്യരും മറ്റു മൃഗങ്ങൾ പോലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായാലും, സൂക്ഷ്മജീവികൾ പക്ഷേ അവശേഷിച്ചേക്കാം.

എങ്ങനെയാണ് ഈ രോഗം പകരുന്നത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല. നേരിട്ടുള്ള പകർച്ച ഡോക്ടർമാർ തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, പകരുന്നതിന്റെ സ്വഭാവം അതിനു സമാനമല്ല എന്ന അഭിപ്രായത്തിനാണു മുൻതൂക്കം. വേറൊരു സാദ്ധ്യത ചില മൃഗങ്ങളിലൂടെ മനുഷ്യരിലേക്കു പകരുന്നതാകാം എന്നതാണ്. ‘ഇന്റർമീഡിയറ്റ് ഹോസ്റ്റ്” എന്നു വിളിക്കുന്ന ഇത്തരം മൃഗം ഈ വൈറസിന്റെ കാര്യത്തിൽ ഏതാണെന്നു തിട്ടമായിട്ടില്ല. ‘നിപ’പോലെ വവ്വാലുകൾ മുതൽ ചൈനക്കാരുടെ ഇഷ്ടഭക്ഷണമായ പാമ്പുവരെ സംശയത്തിലാണ്. വൂഹാൻ നഗരത്തിൽ പലതരം ഇറച്ചികൾ വിൽക്കുന്ന ഒരു ഭീമൻ മാർക്കറ്റ് ഉണ്ടെന്നുള്ളതും, അവിടെ പലപ്പോഴും കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്പനയ്ക്കു വരാറുണ്ടെന്നുള്ളതും സംശയത്തിന് ആക്കം കൂട്ടുന്നു.വലിയൊരു ദുരന്തമാണ് നമ്മെ തുറിച്ചുനോക്കുന്നത്.

ചൈനയിൽ നിരവധി പേരുടെ ജീവനെടുക്കുകയും ലോകത്തിനാകെ ഭീഷണിയാവുകയും ചെയ്‌തിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇസ്രയേലിന്റെ മുൻ സൈനിക ഇന്റലിജൻസ് ഓഫീസറും ജൈവായുധ യുദ്ധവിദഗ്ദ്ധനുമായ ഡാനി ഷോഹാമിന്റേതാണ് ഈ നിഗമനം. ചൈനയുടെ അത്യാധുനിക വൈറസ് ഗവേഷണ ലബോറട്ടറിയായ ‘വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി’ ഇവിടെയാണ്. മറ്റ് പല ജൈവ ഗവേഷണ ശാലകളും ഇവിടെയുണ്ട്. ചൈനയുടെ രഹസ്യ ജൈവയുദ്ധ പദ്ധതിക്ക് വുഹാനിലെ ഈ ലബോറട്ടറികളുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ചൈനീസ് പട്ടാളത്തിന് ജൈവയുദ്ധത്തിനുള്ള ജൈവായുധങ്ങൾ നിർമ്മിക്കുന്നത് ഈ ലാബുകളിലാണത്രേ. മറ്റ് രോഗാണു ഗവേഷണങ്ങളുടെ അനുബന്ധമായാണ് ജൈവായുധ ഗവേഷണം നടക്കുന്നതെന്നാണ് ചൈനയുടെ ജൈവായുധങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഷോഹാമിന്റെ നിഗമനം. ലബോറട്ടറിയിൽ അണുബാധയേറ്റ് പുറത്തു പോയ ഒരാളിൽ നിന്നോ പരീക്ഷണത്തിനിടെ രോഗാണുക്കൾ ചോർന്നോ ആവാം കൊറോണ വൈറസ് പുറത്തേക്ക് പോയതെന്ന് അദ്ദേഹം കരുതുന്നു. ചൈന രഹസ്യമായ ജൈവ യുദ്ധ പദ്ധതികൾ ആവിഷ്‌കരിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ വർഷം ഒരു റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. എന്നാൽ, ആശങ്ക ഉയര്‍ത്തുന്ന ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കാൻ തെളിവുകളൊന്നും ഇല്ല. ഈ ആരോപണത്തോടുള്ള പ്രതികരണമായി വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്ന ചില അഭ്യൂഹങ്ങൾ ചൈനീസ് ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. എന്തായാലും ലോകത്തിന്‍റെ ഉറക്കം കെടുത്തുകയാണ് പ്രതിരോധ മാര്‍ഗ്ഗങ്ങളൊന്നും ഇതുവരേയും കണ്ടെത്താത്ത കൊറോണ വൈറസ് വ്യാപനം.

Pravasabhumi Facebook

SuperWebTricks Loading...