കൃസ്തുവില്‍ നിന്ന് അകലുന്ന ക്രൈസ്തവ സഭകള്‍…!!!

Print Friendly, PDF & Email

കേരളത്തിലെ കൃസ്ത്യന്‍ സഭകള്‍ ഇന്ന് അഭൂതപൂര്‍വ്വമായ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോയികൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് സാന്പത്തിക ക്രമകേടുകളുടെ ജീര്‍ണ്ണത. മറുഭാഗത്താകട്ടെ ചുവന്ന തെരുവുകളെ പോലും വെല്ലുന്ന ഇക്കിളി കഥകളുടെ കുത്തൊഴുക്ക്. യാതൊരു അറപ്പും ഉളുപ്പുമില്ലാതെ പത്തുകല്‍പ്പനകളെ എല്ലാം ലംഘിച്ചുകൊണ്ട് മുന്നേറുന്ന സഭാ മേധാവിത്വം. അഭയ കേസില്‍ കണ്ടുകൊണ്ടിരിക്കുന്നതുപോലെ കള്ളസാക്ഷ്യങ്ങളെ വിശുദ്ധീകരിച്ചുകൊണ്ട് സ്വയം സംരക്ഷണവലയം തീര്‍ക്കുന്ന സന്യസ്ഥ സമൂഹങ്ങള്‍. യാതൊരു മടിയും കൂടാതെ അവക്കെല്ലാം ഓശാന പാടുന്ന ഒരു പറ്റം സ്ഥാപിത തല്‍പരരാണ് വിശ്വസികൂട്ടം എന്നു സ്വയം വിശ്വസിക്കുവാന്‍ ശ്രമിക്കുന്ന പൗരോഹിത്യ തൊഴിലാളികള്‍. എല്ലാവരും കൂടെ ഇന്ന് കൃസ്തുവന്‍റെ സഭയെ വില്‍പ്പനക്കു വച്ചിരിക്കുകയാണ്. സന്പത്തിന്‍റെ കുന്നുകൂടലും അതില്‍ നിന്നുണ്ടാകുന്ന ജീര്‍ണ്ണതകളുമാണ് കൃസ്തുമതത്തെ ഇന്നിത്രമാത്രം മലീനസമാക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും. കൃസ്തുവിന്‍റെ സഭയെ തിരിച്ചുപിടിക്കുക. അതിന് കതിരില്‍ വളം വെക്കുകയല്ല വേണ്ടത്. പ്രശ്നങ്ങളുടെ കടക്കല്‍ കോടാലിയാണ് വെക്കേണ്ടത്. സഭാ നേതൃത്വത്തിന്‍റെ ഇണ്ടാസുകള്‍ക്കപ്പുറം ഇച്ഛാശക്തിയുള്ള വിശ്വസികളുടെ വലിയൊരു നവീകരണ യത്നം സഭക്കുള്ളില്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. അതിന്‍റെ അങ്കലാപ്പിലാണ് സഭാ നേതൃത്വം.

ഘടനാപരമായി കെട്ടുറുപ്പുള്ളതും സുശക്തവുമായ ഒരു ഭരണ സംവിധാനമാണ് ക്രിസ്ത്യൻ സഭകൾക്കുള്ളത് എന്ന ധാരണകളെ കാറ്റിൽ പറത്തിക്കൊണ്ട് നിലവിലുള്ള സംവിധാനങ്ങളുടെ പോരായ്മകളും പൊള്ളത്തരങ്ങളും ഏകാധിപത്യ സ്വഭാവവും സ്വയം തുറന്നു കാണിക്കുന്ന സംഭവങ്ങളാണ് അടുത്ത കാലത്തായി വിവിധ സഭകളിൽ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്തകളുടെയും വിവാദങ്ങളുടെയും ചുവടു പിടിച്ച് ഇത്തരം അനേകം സംഭവങ്ങളുടെ വാസ്തവവും അവാസ്തവവുമായ പിന്നാമ്പുറക്കഥകൾ പുറത്തു വന്നത് ക്രൈസ്തവ സഭകളിലെ മൂല്യച്യുതി സംബന്ധിച്ച് കേരളത്തിലെ പൊതു സമൂഹത്തിൽ സൃഷ്ടിച്ച ആഘാതം വലുതായിരുന്നു. ഓർത്തഡോക്സ് സഭയിലെ കുമ്പസാര പീഡന വിവാദവും, ബിഷപ്പ് ഫ്രാങ്കോ കേസും, റോബിൻ സംഭവുമെല്ലാം പൊതു സമൂഹത്തിൽ ക്രൈസ്തവ സഭകളുടെ മൂല്യം ഇടിയാൻ കാരണമായി എന്നതിന് പുറമെ ഘടനാപരമായ പാളിച്ചകൾ തുറന്നു കാട്ടുകയും ചെയ്തു. സി. അഭയ കേസിൻ്റെ വിചാരണ ആരംഭിച്ചത് ഈ കാലയളവിൽ തന്നെയാണ് എന്നത് യാദൃച്ഛികമായിരിക്കാം. എന്നാൽ യാക്കോബായ – ഓർത്തഡോക്സ് തർക്കത്തിൻ്റെ പരിണിത ഫലമായുണ്ടായ സുപ്രീം കോടതി വിധിയും അതിനെ തുടർന്നുണ്ടായ പള്ളി പിടിച്ചെടുക്കൽ പോരാട്ടങ്ങളും സഭകളുടെ ധാർമികതയും ഉദ്ദേശ്യലക്ഷ്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇത്തരം സംഭവങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുകയും സ്ഫോടനാത്മകമായ ആഭ്യന്തര ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവക്കുകയും ചെയ്യുന്നതോടെ ക്രൈസ്തവ സഭാ ഭരണത്തിലെ നിയമപരമായ കുറവുകൾക്ക് പരിഹാരം കാണേണ്ട ബാധ്യത സർക്കാരിൻ്റെ ചുമതലയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

കൃത്യതയാർന്ന ഒരു നിയമ നിർമാണത്തിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ മുന്നോട്ടു വക്കുന്ന തർക്ക പരിഹാരമാർഗങ്ങൾ സാധിതമാവുന്ന ഒരു സംവിധാനത്തിലേക്ക് ക്രൈസ്തവ സഭകളും മാറേണ്ടതുണ്ട് എന്ന ഒരു പൊതുബോധം സമൂഹത്തിൽ ഉടലെടുത്തിട്ടുണ്ട്. ഇവിടെയാണ് ചർച്ച് ആക്ട് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന The Kerala Christian Church Properties and Institutions Trust Bill എന്ന ബില്ലിൻ്റെ പ്രസക്തി. കേരളത്തിലെ നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ 2008 ൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതാണ് ഈ നിയമം.

വിവിധ കാരണങ്ങളാലും സഭാ മേലധ്യക്ഷൻമാരുടെ സമ്മർദ്ദങ്ങളാലും മാറി മാറി വന്ന സർക്കാരുകളൊന്നും ഈ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുകയോ നടപ്പിൽ വരുത്തുകയോ ചെയ്തില്ല. എന്നാൽ ഇപ്പോൾ കേരളത്തിലെ യാക്കോബായ സഭാ വിശ്വാസികൾ ഒന്നടങ്കവും, സീറോ മലബാർ സഭയിലെയും ലത്തീൻ സഭയിലെയും നവീകരണ മുന്നേറ്റ പ്രസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്. സ്വന്തം കുടുംബങ്ങളിലെ പൂർവികരുടെ സ്മരണകൾ ഉറങ്ങുന്ന സെമിത്തേരിയും തങ്ങൾ ആരാധന നടത്തിയിരുന്ന ദേവാലയങ്ങളും കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് വിഭാഗം പിടിച്ചടക്കുന്നതിലെ അമർഷവും ആത്മരോഷവും ഈ നിയമം നടപ്പാക്കണമെന്നുള്ള ആവശ്യത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കും. അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനതയുടെ വിലാപം എന്ന നിലയിൽ ചർച്ച് ആക്ട് സമരത്തിന് ഒരു ജീവൻമരണ പോരാട്ടത്തിൻ്റെ ആവേശവും ഊർജവും ലഭിക്കുന്നതിൻ്റെ സൂചനകളാണ് പുറത്ത് വരുന്നത്. കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ 2019 നവംബർ 27 ന് സംഘടിപ്പിച്ച ഒന്നര ലക്ഷം പേർ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാർച്ച് ഈ വിഷയത്തിൽ ഇതുവരെ ഉണ്ടായിരുന്ന ഒറ്റപ്പെട്ട മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി ചർച്ച് ആക്ടിനെ ഒരു മുഖ്യധാരാ വിഷയമാക്കി മാറ്റി.

ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജനലക്ഷങ്ങള്‍ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാര്‍ച്ച്

സീറോ മലബാർ സഭയിലെ വൈദികരെ സംബന്ധിച്ചിടത്തോളം ഈ ബിൽ യാതൊരു മാറ്റവും അവർക്ക് കൊണ്ടുവരില്ല. കാരണം അവരിപ്പോൾ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമായി ചേർന്നാണ് ഭരണം നടത്തുന്നത്. ഈ ബിൽ പ്രകാരവും അതു തുടരും. എന്നാൽ ബിഷപ്പുമാരുടെ പരമാധികാരത്തിന് കോട്ടം വരും. അവർ തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയുടെ അനുവാദത്തോടെ പ്രവർത്തിക്കേണ്ടി വരും. അതിനാലാണ് ബിഷപ്പുമാർ ഒന്നടങ്കം ഈ ബില്ലിനെ എതിർക്കുന്നത് എന്ന നിരീക്ഷണത്തെ പാടെ തള്ളിക്കളയാനാവില്ല.

എന്നാൽ മുന്നിലുള്ള പ്രശ്നങ്ങൾക്ക് ഒരു താൽകാലിക പരിഹാരം എന്നതിനപ്പുറമുള്ള സാധ്യതകൾ കാണാതിരിക്കുകയും ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുകയും ചെയ്താൽ ഭാവിയിൽ അരാജകത്വത്തിലേക്ക് നയിക്കുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും. 1934ൽ അന്നത്തെ പ്രശ്ന പരിഹാരം എന്ന നിലയിൽ ഉണ്ടാക്കിയ ഒരു കരാറാണ് കാലങ്ങളോളം നീണ്ടു നിന്ന യാക്കോബായ ഓർത്തഡോക്സ് പ്രശ്നങ്ങളുടെ മൂല കാരണമെങ്കിൽ ദീർഘവീക്ഷണമില്ലാത്ത ചർച്ച് ആക്ട് നടപ്പാക്കൽ വരും കാലങ്ങളിൽ മറ്റു സഭകളിൽ കൂടി ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമാകും. എന്തായാലും കൃസ്തുമതത്തെ അതിന്‍റെ ആദ്യകാല ചൈതന്യത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണ്. അതിനായി ഇന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ നാളെ ഒരു കൊടുംങ്കാറ്റായി ആഞ്ഞുവീശും എന്ന കാര്യത്തില്‍ സംശയമില്ല. അതിന്‍റെ തെളിവാണ് തിരുവനന്തപുരത്ത് ഒത്തുചേര്‍ന്ന ജനലക്ഷങ്ങള്‍.

 

Pravasabhumi Facebook

SuperWebTricks Loading...