‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മായ മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം

Print Friendly, PDF & Email

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ച് സ്വയം ഇതിഹാസമായി മാറിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം. വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തം ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ്. 93-ാം വയസിലാണ് പുരസ്‌കാരം കവിയെ തേടിയെത്തുന്നത് . പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയില്‍ നിന്നാണ് പ്രമാദമായ ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ പിറന്നത്.

കവിതയില്‍ ആധുനികതയുടെ വെളിച്ചം നിറച്ച ഇതിഹാസമാണ് മഹാകവി അക്കിത്തം. 1952ല്‍ പ്രസിദ്ധീകൃതമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് ആധുനികത മലയാള കവിതയിലേക്ക് കയറി വരുന്നത്. ആറു പതിറ്റാണ്ടു പിന്നിട്ട കാവ്യസപര്യയ്ക്ക് ഈ ജ്ഞാനപീഠം ഒരംഗീകാര മുദ്ര മാത്രമാണ്. അതിനുമെത്രയോ മുമ്പ് മലയാള കവിതയുടെ ഉമ്മറപ്പടിയിലും അസ്വാദകരുടെ മനസ്സിലും സവിശേഷമായ ഇടം സ്ഥാപിച്ചിട്ടുണ്ട്് അക്കിത്തം.

1926 മാര്‍ച്ച് 18നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. ഭാര്യ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. പാരീസിലെ പ്രശ്സത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മാവറെ അച്യുതവാരിയരാണ് ആദ്യ ഗുരു. 8 മുതല്‍ 12 വയസ്സു വരെ പിതാവില്‍ നിന്നും മറ്റും ഋഗ്വേദവും പിന്നീട് കൊടക്കാട്ട് ശങ്കുണ്ണി നമ്പീശനില്‍നിന്നു സംസ്‌കൃതം, ജ്യോതിഷം എന്നിവയും പതിനാലാം വയസ്സില്‍ തൃക്കണ്ടിയൂര്‍ കളത്തില്‍ ഉണ്ണികൃഷ്ണ മേനോനില്‍നിന്ന് ഇംഗ്ളീഷ്, കണക്ക് എന്നിവയും അഭ്യസിച്ചു. ടി.പി.കുഞ്ഞുകുട്ടന്‍ നമ്പ്യാരില്‍നിന്നു കാളിദാസകവിതയും, വി.ടി. ഭട്ടതിരിപ്പാടില്‍ നിന്നു തമിഴും പഠിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്നു ശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിന്നു ചേര്‍ന്നുവെങ്കിലും പഠിപ്പു തുടരാന്‍ ഇടവന്നില്ല. ചിത്രകല, സംഗീതം എന്നിവയിലായിരുന്നു ശൈശവകൌമാരങ്ങളില്‍ താത്പര്യം. എട്ടു വയസ്സില്‍ കവിത എഴുതാന്‍ തുടങ്ങി. ഇടശ്ശേരി, ബാലാമണിയമ്മ, നാലപ്പാടന്‍, കുട്ടികൃഷ്ണമാരാര്, വി.ടി., എം. ആര്‍.ബി. എന്നിവരുടെ സന്തതസാഹചര്യങ്ങളും ശിഷ്യത്വവും അക്കിത്തത്തിലെ കവിയെ വളര്‍ത്തി.

1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി സമുദായ പ്രവര്‍ത്തനത്തിനിറങ്ങി. പത്രപ്രവര്‍ത്തകനായും തിളങ്ങി. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായിരുന്നു.1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍. 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് എഡിറ്ററായി വിരമിച്ചു. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46ഓളം കൃതികളുടെ ശേഖരം അക്കിത്തത്തിന്റെ പേരിലുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍), ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍), നിമിഷ ക്ഷേത്രം (1972), ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983), അമൃതഗാഥിക (1985), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ (1986), കളിക്കൊട്ടിലില്‍ (1990), അക്കിത്തം കവിതകള്‍ സമ്പൂര്‍ണം. ഉപന്യാസങ്ങള്‍: ഉപനയനം (1971), സമാവര്‍ത്തനം (1978) , ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ദേശസേവിക, ധര്‍മ്മസൂര്യന്‍, (ഖണ്ഡകാവ്യങ്ങള്‍), ഈ ഏടത്തി നൊണേ പറയൂ (നാടകം), അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാസമാഹാരങ്ങള്‍), ഉപനയനം, സമാവര്‍ത്തനം, ഹൃദയത്തിലേക്കു നോക്കി എഴുതൂ, പൊന്നാനിക്കളരി, ശ്രൗതശാസ്ത്രപാരമ്പര്യം കേരളത്തില്‍, സഞ്ചാരിഭാവം, കവിതയിലെ വൃത്തവും ചതുരവും (ലേഖനസമാഹാരങ്ങള്‍), സാഗരസംഗീതം (കവിത വിവര്‍ത്തനം), സനാതനധര്‍മ്മം തന്നെ ദേശീയത ശ്രീ അരവിന്ദന്റെ ഉത്തരപ്പാറ പ്രസംഗം- വിവര്‍ത്തനം), നാടോടി തെലുങ്കു കഥകള്‍ (വിവര്‍ത്തനം), ശ്രീമഹാഭാഗവതം (കവിത വിവര്‍ത്തനം)തുടങ്ങിയവ ഭാഷയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകളാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം (2002), അമൃതകീര്‍ത്തി പുരസ്‌കാരം (2004), എഴുത്തച്ഛന്‍ പുരസ്‌കാരം (2008), മാതൃഭൂമി സാഹിത്യ പുരസ്‌കാരം(2008), വയലാര്‍ അവാര്‍ഡ് (2012) എന്നീ പുര്സ്‌കാരങ്ങളും അക്കിത്തത്തെ തേടിവന്നു. യു.എസ്.എ., കാനഡ, യു.കെ., ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നടന്ന സാഹിത്യ സെമിനാറുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അക്കിത്തത്തിന്റെ കവിതകളുടെ ഫ്രഞ്ച് വിവര്‍ത്തനങ്ങള്‍ യൂറോപ്പ് മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാക്ക് ജുവേ, ഡൊമിനിക്ക് ബുസേ, ഗീതകൃഷ്ണമൂര്‍ത്തി എന്നിവരാണ് വിവര്‍ത്തകര്‍. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്നിവ ഇംഗ്ലീഷിലും ഹിന്ദിയും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ജ്ഞാനപീഠത്തെ മലയാളത്തിലേക്ക് കൊണ്ടുവന്ന ആറാമത്തെ മഹാ പ്രതിഭയാണ് അക്കിത്തം. മഹാകവി ജി. ശങ്കരക്കുറുപ്പാണ് ജ്ഞാനപീഠം നേടുന്ന ആദ്യ മലയാളി. പിന്നാലെ തകഴി ശിവശങ്കരപ്പിള്ള, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരും പുരസ്‌കാരം നേടി. കവി ഒ.എന്‍.വി. കുറുപ്പാണ് മലയാളത്തില്‍ നിന്ന് അവസാനമായി പുരസ്‌കാരം നേടിയത്.