പി.ചിദംബരത്തിന്‍റെ അറസ്റ്റ്: പ്രതികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചന…?
മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരത്തിന്‍റെ നാടകീയമായ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന ആരോപണം ശക്തിപ്രാപിച്ചിരിക്കെ ഇത് പകപോക്കലിന്‍റെ കൂടെ ഭാഗമാകാമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഒമ്പത് വർഷം മുമ്പ് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്‍റെ മന്ത്രിസഭയില്‍ ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷായെ അറസ്റ്റ് ചെയ്യപ്പെട്ടതിന്‍റെ പ്രതികാരമാണ് ഇന്ന് ആഭ്യന്തര മന്ത്രിയായിരിക്കുന്ന അമതിഷാ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തെ അറസ്റ്റ് ചെയ്തതിന്‍റെ പിന്നിലെന്നാണ് ആരോപണം.
അറുപതോളം കേസുകളില്‍ പ്രതിയായിരുന്ന സൊഹ്‍റാബുദ്ദീനെ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്യുകയും 2005-ൽ പോലീസ് കസ്റ്റഡിയില്‍ സൊഹ്‍റാബുദ്ദീന്‍ കൊല്ലപ്പെടുകയും ചെയ്തു. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സൊഹ്‍റാബുദ്ദീന്‍ കൊല്ലപ്പെട്ടു എന്നായിരുന്നു പോലീസ് ഭാഷ്യം. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അനുമതിയോടെയാണ് ഏറ്റുമുട്ടൽ കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു ആരോപണം. 2010 ജനുവരിയിൽ കേസിന്‍റെ അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. സൊഹ്‍റാബുദ്ദീൻ ഷെയ്‍ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കുറ്റാരോപിതനായിരുന്ന അമിത് ഷായെ ആറ് മാസത്തിന് ശേഷം, 2010 ജൂലൈയിൽ സിബിഐ അറസ്റ്റ് ചെയ്തു. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരമായിരുന്നു.
മന്ത്രിപദവിയിലിരുന്ന ഷായെ അറസ്റ്റ് ചെയ്തത് അന്ന് ബിജെപി വൃത്തങ്ങളെ ഞെട്ടിച്ചു. അറസ്റ്റിലായ ശേഷം ഷാ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സിബിഐ അതിനെ ശക്തമായി എതിർത്തു. മൂന്ന് മാസം ജയിലിൽ കിടന്ന അമിത് ഷാക്ക് ഒടുവിൽ ഒക്ടോബർ 29നാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നത്. ജാമ്യം റദ്ദാക്കുന്നതിനായി കോടതി അവധിയായിരുന്നിട്ടും തൊട്ടടുത്ത ദിവസം തന്നെ സിബിഐ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ചു. ജസ്റ്റിസ് അഫ്‍താബ് ആലം അന്ന് ഗുജറാത്തിലേക്ക് കടക്കുന്നതിൽ നിന്ന് ഷായെ വിലക്കി. ഷായ്ക്ക് പിന്നീട് രണ്ട് വർഷം ഗുജറാത്തിലേക്ക് കടക്കാൻ പോലും കഴിയാതെ 2012 വരെ അമിത് ഷാ ഗുജറാത്തിന് പുറത്തായിരുന്നു. സിബിഐയെ ഉപയോഗിച്ച് ചിദംബരം തന്നെ വേട്ടയാടുകയായിരുന്നു എന്ന് അമിത് ഷാ പല തവണ ആരോപിച്ചിരുന്നു. 2014 ഡിസംബറിൽ സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ നിന്ന് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. അപ്പോഴേക്ക് കേന്ദ്രത്തിൽ നരേന്ദ്രമോദി അധികാരത്തിലുമെത്തിയിരുന്നു.
ഈ അറസ്റ്റിനും നാടുകടത്തലിനുമുള്ള അമിത്ഷായുടെ പ്രതികാരമാണ് ചിദംബരത്തിന്‍റെ അറസ്റ്റ് എന്നാണ് അറസ്റ്റിനായി സിബിഐ കാട്ടിയ തിടുക്കം സൂചിപ്പിക്കുന്നത്. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്, ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കുവാന്‍ ധനകാര്യമന്ത്രാലയം അനുവാദം കൊടുത്തു. വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ മാധ്യമ കമ്പനിക്ക് വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ചിദംബരത്തിന്‍റെ അറസ്റ്റിലേക്ക് നയിച്ച കേസ്. എന്നാല്‍ ഈ കേസില്‍ ചിദംബരത്തിന്‍റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതിന് പല കാരണങ്ങളുണ്ട്.
1 . ഹൈകോടതിയോ സുപ്രീം കോടതിയോ ചിദംബരത്തോടു അന്വേഷണ സംഘത്തിന് മുൻപാകെ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ല..
2 . ചിദംബരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടില്ല.
3 . ഹൈ കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകാൻ ചിദംബരത്തിന് അവകാശം ഉണ്ട്. സ്വന്തം സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ഭരണ ഘടന നൽകിയ അവകാശം അദ്ദേഹത്തിന് ഉപയോഗിക്കാം.
4 അർദ്ധ രാത്രിയിൽ ആൾ വീട്ടിലില്ലാത്ത നേരം നോക്കി സമൻസ് പതിച്ചതും രണ്ടു മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതും രാഷ്ട്രീയ ലക്ഷ്യങ്ങളാലാണ് .അത് കൊണ്ട് നിയമ വിധേയമായി അദ്ദേഹത്തിന് മാറി നിന്നെ മതിയാകൂ .
5 . അറസ്റ് വാറന്റിനോ സമൻസിനോ വഴങ്ങാതെ ഒരു മാസം മാറി നിൽക്കുമ്പോൾ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടത് . രാവിലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥർ രാഷ്ട്രീയഉദ്ദേശത്തോടെ നീങ്ങുന്നു എന്നു വ്യക്തം.
6 . ഇന്ദ്രാണി മുഖർജി സ്വന്തം മകളെ കൊന്ന കേസിലും ഈ കേസിലും പ്രതിയാണ്. ഇന്ദ്രാണി 10 ലക്ഷം ഡോളർ കാർത്തിക്കിന് നൽകാമെന്ന് സമ്മതിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്റ്റേറ്റ്മെൻറ് നൽകിയിരിക്കുന്നു. ഈ സ്റ്റേറ്റ്മെന്‍റിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ പ്രതി ആക്കുന്നത്. ഒരേ കേസിലെ കുറ്റാരോപിതർ മറ്റൊരാൾക്കെതിരെ നൽകുന്ന സ്റ്റേറ്റ്മെന്‍റെ തെളിവാകില്ല. മറ്റൊരു തെളിവും ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടില്ല. ഇന്ദ്രാണിക്ക് എന്ത് വാഗ്ദാനം നൽകി എന്നത് മാത്രം ചോദ്യമായി അവശേഷിക്കുന്നു.
7 , ഏഴുമാസമായി നിൽക്കുന്ന ജാമ്യ ഹർജി ആയിരുന്നു. രണ്ടു ദിവസവും കൂടി കാത്തിരിക്കുന്നത് ന്യായം.
8 . ഹൈ കോടതിയിലോ സുപ്രീം കോടതിയിലോ വാദം നടക്കുമ്പോൾ പരാതിക്കാരൻ ഹാജരാകണമെന്നില്ല.
ചിദംബരം ഒളിവിലാണെന്ന് പ്രചരിപ്പിക്കുന്നത് തന്നെ അറസ്റ്റിന്റെ രാഷ്ട്രീയ ലക്‌ഷ്യം വെളിപ്പെടുത്തുന്നു. രാഷ്ട്രീയ പ്രതിയോഗി എത്ര വമ്പനാണെങ്കിലും അറസ്റ്റ് ചെയ്യപ്പെടും എന്ന കൃത്യമായ സൂചനയാണ് കോണ്‍ഗ്രസ്സിലെ ശക്തനായ നേതാവിന്‍റെ ഈ അറസ്റ്റിലൂടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് അമിത്ഷാ നല്‍കിയിരിക്കുന്നത്. അതോടൊപ്പം അഴിമിതിക്കെതിരെ ഒരു വിട്ടുവീഴ്ചക്കുമില്ല എന്ന പ്രതീതീ പൊതുസമൂഹത്തിന്‍റെ മുമ്പില്‍ സൃഷ്ടിക്കുക ലക്ഷ്യവും കേന്ദ്രസര്‍ക്കാരിനുണ്ട്. ഒരു വെടിക്ക് രണ്ടു പക്ഷി അതാണ് പി.ചിദംബരത്തിന്‍റെ അറസ്റ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്.