സിസ്റ്റർ ലൂസിക്കെതിരായ അപവാദപ്രചാരണം: ഫാ.നോബിൾ തോമസ് ഒന്നാം പ്രതി

Print Friendly, PDF & Email

സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ പാറയ്ക്കൽനെ കൂടാതെ എഫ് സിസി സഭാ നേതൃത്വത്തിലുള്ളവരടക്കം ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സിസ്റ്റർ ലൂസി നൽകിയ പരാതിയില്‍ ഫാദർ നോബിളിനെ ഒന്നാം പ്രതിയാക്കിയാണ് വെള്ളമുണ്ട പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദ പ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.

സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ”ഒരു പൂട്ടിയിടൽ അപാരത” എന്ന തലക്കെട്ടോടെ പരിഹാസപരാമർശങ്ങളുള്ള വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്‍റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. സിസ്റ്റർ ലൂസിയെ കാണാനെത്തിയവരിൽ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് കളഞ്ഞ് എഡിറ്റ് ചെയ്ത വീഡിയോ ആണ് ഫാദര്‍ നോബിള്‍പ്രസിദ്ധീകരിച്ചത്. കേസില്‍ ആറ് പ്രതികളാണുള്ളത്. മദർ സുപ്പീരിയറും പ്രതിപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.

സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ പാറയ്ക്കൽന്‍റെ ഫേസ്ബുക്ക് പേജ്

”എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നെ കാണാൻ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്‍റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. മാനന്തവാടി പിആർഒയായ ഫാ. നോബിൾ തോമസ് പാറയ്ക്കലിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ നൽകിയത് സിസ്റ്റർ ലിജി മരിയയും ജ്യോതി മരിയയും ചേർന്നാണ്. കഴിഞ്ഞ ഒരു വർഷമായി ഇത്തരം നടപടികൾ തുടങ്ങിയിട്ട്.” സിസ്റ്റർ ലൂസി പറഞ്ഞു. സിസ്റ്ററിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് മഠത്തിൽ എത്തിയ ബന്ധുക്കളും ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസിയുടെ മൊഴി ഉടൻ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.

സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ അപവാദ പ്രചാരണത്തിനായി  ഫാദര്‍ നോബിള്‍ പാറക്കല്‍ പുറത്തിറക്കിയ വീഡിയോ