ഗോവയിലും ഓപ്പറേഷന്‍ താമര: കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്
കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാരെ പൊക്കി ബിജെപി. പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറടക്കം മൂന്നില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത്. ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനാകെയുള്ള 15 എംഎല്‍എ മാരില്‍ പ്രതിപക്ഷ നേതാവടക്കം 10 പേരാണ് ബിജെപിയിലേക്ക്കൂടുമാറിയത്. 40 അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 21പേരുടെ പിന്തുണ മതിയെന്നിരിക്കെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കൂടി ബിജെപിയില്‍ ചേരുന്നതോടെ അംഗസംഖ്യ 27-ആവും. അതോടെ ബിജെപിക്ക് ഒറ്റക്ക് സംസ്ഥാനം ഭരിക്കുവാന്‍ കഴിയും.
പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്തും അവര്‍ സ്പീക്കര്‍ക്ക് കൈമാറി.ഭൂരിപക്ഷം എംഎല്‍എമാരും പാര്‍ട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാവില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.