കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു
കർണ്ണാടകയിൽ കോണ്‍ഗ്രസ്സിലും സഖ്യ സർക്കാരിലും ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയെ പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റായി ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിംഗ് പ്രസിഡന്റായി ഈശ്വർ.ബി.ഖാന്ദ്രേയും നിലനിർത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ദൾ സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. 28 സീറ്റിൽ 25 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. ഇത്തരം ഒരു പരാജയത്തിന് പ്രധാന കാരണം കോണ്‍ഗ്രസ്സിലും ജനതാദള്ളിലും നിലനിന്നിരുന്ന അന്തഛിദ്രങ്ങളായിരുന്നു. ഗവര്‍മ്മെന്‍റ് രൂപീകരണനാള്‍ മുതല്‍ തന്നെ ഇരു പാര്‍ട്ടികളിലേയും അധികാരമോഹികളായ ഒരു പറ്റം നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലും ഗവര്‍മ്മെന്‍റിലും കലാപങ്ങള്‍ ആരംഭിച്ചു. വിമതവിഭാഗം ബിജെപിയിലേക്ക് കൂടുമാറുമെന്ന ഭീക്ഷണിയുടെ മുകളിലായിരുന്നു കോണ്‍ഗ്രസ് പാര്ട്ടിയും ഭരണകൂടവും. അതിനാല്‍ ഭരണ പ്രതിസന്ധി യിലായിരുന്നു സംസ്ഥാനം. ഒരു ഡസന്‍ തവണയെങ്കിലും സഖ്യസര്‍ക്കാര്‍ നിലം പതിക്കുമെന്ന പ്രതീതി സംസ്ഥാനത്തുണ്ടായി. അതിനെ അതിജീവിക്കവാനായി കഴിഞ്ഞ ദിവസവും മന്ത്രസഭ വിപുലീകരിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലവത്താകാതെ സഖ്യ സർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്.
സംസ്ഥാന കോണ്‍ഗ്രസിലും സഖ്യ സർക്കാരിലും കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായാണ് സൂചനകൾ. ഇക്കാര്യം കഴിഞ്ഞ ദിവസം കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി സൂചിപ്പിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായി തന്റെ വിഷമതകൾ ഉള്ളിലൊതുക്കുകയാണെന്നാണ് കുമാരസ്വാമി പറഞ്ഞത്.