മേൽപ്പട്ടക്കാരൻ്റെ അംശവടി എന്നാണ് വിശ്വാസത്തിന്‍റെ ഭാഗമായത്…?

കെസിബിസി വക്താവും ക്രൈസ്തവസഭ നേതൃത്വവും തറപ്പിച്ച് പരാതിപ്പെടുന്നത് വിവാദമായ കാര്‍ട്ടൂണിലെ അംശവടിയിലെ കുരിശിന്‍റെ സ്ഥാനത്ത് സ്ത്രീകളുടെ അടിവസ്ത്രം തൂക്കി ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തിഎന്നാണ്. ഈ അവകാശവാദം തികച്ചും പച്ചക്കള്ളമാണ്.

മധ്യകാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്ന അംശവടികള്‍

ഹീബ്രു സംസ്കാരത്തിലും പിന്നീട് റോമന്‍ സംസ്കാരത്തിലും ഉണ്ടായിരുന്ന അധികാരത്തിന്‍റെ ചിഹ്നമായ അംശവടി എട്ടാം നൂറ്റാണ്ടോടുകൂടിയാണ് തങ്ങളുടെ അധികാരത്തിന്‍റെ അടയാളമായി ക്രൈസ്തവ സഭ ഉപയോഗിക്കുവാന്‍ തുടങ്ങിയത്. അന്നും ഇന്നും അതിനൊരു ഏകതാ സ്വഭാവം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.  എന്തായാലും ലോകത്തൊരിടത്തും അംശവടിക്ക് ഒരു ഏകതാ സ്വഭാവമില്ല. ഓരോ ബിഷപ്പുമാരും അവരവർക്ക് ഇഷ്ടമുള്ള ഡിസൈനുകളാണ് തിരഞ്ഞെടുക്കുന്നത്. പിന്നെ എങ്ങിനെ അതു വിശ്വാസ ചിഹ്നമാകും എന്നറിയില്ല. ഈ വടികളിൽ കുരിശ് ഉള്ളതോ ഇല്ലാത്തതോ ഉപയോഗിക്കാം. കുരിശിൻ്റെ സ്ഥാനത്ത് മറ്റെന്താണ് ഉപയോഗിച്ചത് എന്നതിന്ന് പ്രസക്തിയില്ല എന്നർത്ഥം.അതിനാൽ തന്നെ ക്രൈസ്തവ ചിഹ്നങ്ങളുടെ ഗണത്തിലോ വിശ്വാസികളുടെ ആരാധന ചിഹ്നങ്ങളുടെ ഗണത്തിലോ അംശവടി വരില്ല.

ചിത്രകലാ പരിഷത്തിന്‍റെ അവാര്‍ഡിനര്‍ഹമായ വിവാദ കാര്‍ട്ടൂണ്‍

സത്യംഇതായിരക്കെ പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്ന ഗീബല്‍സ്യന്‍ തന്ത്രങ്ങളാണ് സഭ പയറ്റുന്നത്. മൂർച്ചയുള്ള വിമർശനങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാൻ ശേഷിയുള്ള നേതൃത്വം കത്തോലിക്കാ സഭക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്. കാര്‍ട്ടൂണ്‍ വിവാദത്തിന്‍റെ പേരില്‍ വിശ്വാസികളുടെ വികാരം ഉണര്‍ത്തി, ഇടയന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിഷപ്പ് തന്‍റെ അധീശത്വം അവരുടേമേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തി വരുന്നത്. ഏത് തടസ്സങ്ങളേയും അനുകൂലമാക്കി മാറ്റുവാനുള്ള ക്രൈസ്തവ മതത്തിന്‍റെ കഴിവ് ഇവിടേയും സ്പഷ്ടമാണ്.

സഭയില്‍ നടമാടുന്ന കോർപ്പറേറ്റ് വൽക്കരണങ്ങളും കച്ചവട താല്പര്യങ്ങളും സഭാ നേതൃത്വത്തിൻ്റെ വിവേകം നശിപ്പിച്ചിരിക്കുന്നു. അബദ്ധങ്ങളുടെ മേൽ അബദ്ധങ്ങൾ പണിതു കൊണ്ട് അവർ ഓരോ ദിവസവും കത്തോലിക്കാ വിശ്വാസത്തെ സമൂഹത്തിന്‍റെ മുന്നിൽ അപഹാസ്യരാക്കുന്നു. അഹങ്കാരവും ധാർഷ്ട്യവും ശിരസ്സിനെ മത്തു പിടിപ്പിക്കുമ്പോൾ വിമർശിക്കുന്നവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള വികല ശ്രമങ്ങൾ നടത്തി സ്വയം ഇളിഭ്യരാവുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നത്?. അംശവടി വിവാദത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.