പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ
ഇടുക്കി പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ റവന്യൂ ഭൂമിയിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ. സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം. ഏതായാലും പാഞ്ചാലിമേടിനെ ചൊല്ലിയുള്ള വിവാദം കടുപ്പിച്ച് മറ്റൊരു മുതലെടുപ്പിന് ശ്രമിക്കുകയാണ് ഹൈന്ദവ സംഘടനകള്‍
മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലി മേടെന്നാണ് ഹൈന്ദവ സംഘടനകള്‍ പറയുന്നത്.
അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയൽ ചർച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം
കളക്ടറുടെനിര്ദ്ദേശത്തെ തുടര്‍ന്ന് കണയങ്കവയൽ സെന്റ് മേരീസ് ചര്‍ച്ച് പുതുതായി സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തരുന്നു. എന്നാല്‍ ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകൾ അങ്ങനെ തുടരുകയാണ്. ആ കുരിശുകളുടെ സമീപം സ്തൂലം സ്ഥാപിച്ച് ഹൈന്ദവ സംഘടനകള്‍ അവകാശം സ്ഥാപിച്ചിരുന്നു.
വിശ്വാസികളുടെ കൂടെ വിഷയമായതിനാൽ സർക്കാർ തലത്തിൽ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തിയിരുന്നു.