ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.

Print Friendly, PDF & Email

പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരം. കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും. മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. അതേസമയം ആർ സി സി യിൽ സമരം ഉണ്ടാകില്ല.സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധിയും സമരക്കാര്‍ വച്ചിരുന്നു. ഉപാധിക്ക് മമത തയാറായാല്‍ ഇന്ന് ചര്‍ച്ച നടന്നേക്കും. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.