വോട്ടെണ്ണലിലെ പൊരുത്തക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു…

Print Friendly, PDF & Email

ഇവിഎംന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുറഞ്ഞത് 370 മണ്ഡലങ്ങളിലെങ്കിലും ഇവിഎമ്മുകളില്‍ ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും പൊരുത്തക്കേടുണ്ടെന്ന് പ്രശസ്ത ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റ് ആണ് തെളിവു സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വാര്‍ത്തയില്‍ വിശദീകരണം നല്‍കുവാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാവത്തത് തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വിശ്വാസ്യതയെപോലും സംശയത്തിന്‍റെ നിഴലില്‍ ആക്കിയിരിക്കുകയാണ്.

ആദ്യ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ കൂടുതല്‍ എണ്ണപ്പെട്ടുവെന്നും. ബാക്കിയുള്ളതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കാഞ്ചിപുരം, ധര്‍മപുരി, ശ്രീപെരുമ്പത്തൂര്‍, ഉത്തര്‍പ്രദേശിലെ മധുര, ബിഹാറിലെ ഔറംഗബാദ്, അരുണാചല്‍ പ്രദേശിലെ അരുണാചല്‍ വെസ്റ്റ് മണ്ഡലം എന്നിവിടങ്ങളില്‍ ആകെ വോട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ടു. ത്രിപുര വെസ്റ്റ്, കോണ്‍ഝാര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് എണ്ണിയതെന്നുമാണ് ദി ക്വിന്റിന്റെ കണ്ടെത്തല്‍.

വോട്ടെണ്ണല്‍ ദിനം മുതല്‍ നാല് ദിവസം ഇന്ത്യയിലെ ലോക്സഭാ മണ്ഡലങ്ങളുടെ റിസള്‍ട്ടുകള്‍ പരിശോധിച്ചാണ് ക്വിന്റ് ടീം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 27ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കി മാധ്യമസ്ഥാപനം ഇമെയില്‍ അയച്ചെങ്കിലും മറുപടി പിന്നെ തരാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്നും ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നു മുതല്‍ നാല് വരെ ഘട്ടങ്ങളിലെ മൊത്തം പോള്‍ ചെയ്ത വോട്ട് സംബന്ധിച്ച ചോദ്യം ഉന്നയിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസ്തുത വിവരങ്ങള്‍ അപ്രത്യക്ഷമായതായി ക്വിന്റ് ആരോപിക്കുന്നു.

പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം പൂര്‍ണമായി ലഭിക്കാത്തതു കൊണ്ടാകാം എണ്ണിയ വോട്ടുകളുടെ എണ്ണം കൂടിയതെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ന്യായീകരണം. അങ്ങനെയെങ്കില്‍ നിരവധി മണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിയ വോട്ടുകളേക്കാള്‍ കൂടുതലാണെങ്കില്‍ ഇവിടെ എങ്ങനെയാണ് ഫലപ്രഖ്യാപനം നടത്തുവാന്‍ സാധിക്കുക എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഏറ്റവും ചുരുങ്ങിയത് 370 മണ്ഡലങ്ങളിലെങ്കിലും വോട്ടെണ്ണലിലെ പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിക്കുവാനുള്ള സാധ്യതയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മുന്പില്‍ തെളിയുന്നത്.