അവസാനം ആ കണക്കും പുറത്തു വന്നു. രാജ്യം സാമ്പത്തിക തളര്‍ച്ചയില്‍…?
തിരഞ്ഞെടുപ്പിനു മുന്പ് ഒന്നാം മോദി സര്‍ക്കാര്‍ പൂഴ്ത്തി വച്ച രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വ്യക്തമായ ചിത്രം പുറത്തുവിട്ട് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ്. സാമ്പത്തിക രംഗത്ത് രാജ്യം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നത്. 2019 ജനുവരി-മാര്‍ച്ച് മാസം നാലാം പാദത്തില്‍ ജി.ഡി.പി നിരക്ക് 5.8 ആയി കുറഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍-ഡിസംബര്‍ മാസത്തില്‍ ഉണ്ടായിരുന്ന 6.6ല്‍ നിന്നുമാണ് ജി.ഡി.പി നിരക്ക് 5.8ആയി ഇടിഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജി.ഡി.പി നിരക്കാണിത്. കാര്‍ഷിക-നിര്‍മ്മാണ മേഖലകളിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ജി.ജി.പി നിരക്ക് കുറഞ്ഞത്. 2013-14ല്‍ രേഖപ്പെടുത്തിയ 6.4 ശതമാനമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഇക്കാലയിളവില്‍ രാജ്യത്തിന്‍റെ സാന്പത്തിക വളര്‍ച്ച കേവലം 6.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അതോടെ ചൈനക്കു പുറകിലായി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആദ്യമായാണ് സാമ്പത്തിക വളര്‍ച്ചയില്‍ ചൈന ഇന്ത്യയെ പിന്തള്ളുന്നത്. രാജ്യത്തിന്‍റെ മൊത്ത ഉല്‍പ്പാദന നിരക്ക് ആകട്ടെ 7.2 ശതമാനത്തില്‍ നിന്ന് 6.8ശതമാനമായി കുറഞ്ഞതായി കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിലയിലാണ് രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് എന്നും കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ചോര്‍ന്ന കണക്കുകള്‍ ഇപ്പോള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ശരിവച്ചിരിക്കുകയാണ്. ജനുവരിയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രാജ്യത്തെ 6.1% പേർക്ക് തൊഴിലില്ലെന്ന കണക്കുകൾ അന്ന് എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ശക്തമായി നിഷേധിച്ചു. ഈ കണക്ക് അന്തിമമല്ലെന്നും, കരട് റിപ്പോർട്ടിലെ വിവരങ്ങൾ മാത്രമാണിതെന്നും ആയിരുന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ ഇതിനെക്കുറിച്ച് പറഞ്ഞത്. എന്നാൽ ഈ റിപ്പോർട്ട് തെരഞ്ഞെടുപ്പിന് മുമ്പേ പുറത്തുവന്നാല്‍ കേന്ദ്ര സര്‍ക്കാരിന് അത് വൻ തിരിച്ചടി ആകുമെന്നതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവരാതെ പൂഴ്‍ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 2018 ഡിസംബറിൽ തയ്യാറാക്കിയ പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ കേന്ദ്രസർക്കാർ പൂഴ്‍ത്തിയതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ടംഗങ്ങൾ രാജി വച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പുതിയ മന്ത്രിസഭാരൂപീകരണം കഴിഞ്ഞ ശേഷം മാത്രമാണ് മന്ത്രാലയം ഈ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തു വിടുവാന്‍ തയ്യാറാകുന്നത്. 2017-18 വർഷത്തെ കണക്കാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 7.8% പേരും തൊഴിൽ രഹിതരാണ്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി രൂക്ഷം. 5.3% പേർക്കും തൊഴിലില്ല. അങ്ങനെ ആകെ കണക്കാക്കിയാൽ രാജ്യമെങ്ങും 6.1 % പേർക്ക് തൊഴിലില്ല. പുരുഷൻമാർ ക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം. 6.2 ശതമാനമാണ് അവര്‍ക്കിടയിലെ തൊഴിലില്ലായ്മ. സ്ത്രീകൾക്കിടയിൽ 5.7% പേർക്കും തൊഴിലില്ല.
രാജ്യത്ത് രൂക്ഷമായ തൊഴില്ലായ്മയാണ് ഉള്ളതെന്ന കണക്ക് തയ്യാറാക്കിയത് ദേശീയ സാംപിൾ സർവേ ഓഫീസാണ് (NSSO- National Sample Survey Office). തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണെന്ന് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതിന് മുമ്പ് രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് രേഖപ്പെടുത്തിയ 2.2% തൊഴിലില്ലായ്മാ നിരക്ക് ആയിരുന്നു ഇതിനു മുന്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവുമുയർന്ന തൊഴിലില്ലായ്മ നിരക്ക്.
നോട്ട് നിരോധനം നടപ്പാക്കിയ ശേഷം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിലുണ്ടായ മാറ്റമായിരുന്നു ഈ ഏജൻസി പഠിച്ചത്. ഈ റിപ്പോർട്ടനുസരിച്ച് 6.1 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ 45 വർഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. 1973 മുതലുള്ള തൊഴിലില്ലായ്മാ നിരക്ക് വച്ചുള്ള താരതമ്യപഠനമാാണ് NSSO നടത്തിയത്. 2016 നവംബറിൽ നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി ആദ്യമായാണ് പഠനം നടത്തുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മാനിരക്ക് വളരെ ഉയർന്ന നിരക്കിലാണെന്നാണ് പഠനം പറയുന്നത്. ഗ്രാമീണമേഖലയിലുള്ള യുവാക്കളുടെ (പ്രായം 15-29) തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2011-12-ൽ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണമേഖലയിലുള്ള സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ (പ്രായം 15-29) 13.6 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 4.8 ശതമാനം മാത്രമായിരുന്നു.
നഗരമേഖലകളിലാകട്ടെ കണക്ക് ഭീകരമാണ്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.7 ശതമാനമാണ്. സ്ത്രീകളുടേത് 27.2 ശതമാനവും. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലാത്ത യുവാക്കൾ 2004-05 കാലം വച്ചു നോക്കിയാൽ 2016-17-ൽ വളരെക്കൂടുതലാണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 17.3 ശതമാനം സ്ത്രീകൾക്കും തൊഴിലില്ല. 2004-05-ൽ ഇത് 9.7 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 10.5 ശതമാനം പുരുഷൻമാർക്കും തൊഴിലില്ല. 2004-05 കാലത്ത് ഇത് 3.5 മാത്രമായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇതേ സാഹചര്യങ്ങളാണ് അതേപടി ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നത്. അതോടൊപ്പം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന ക്രൂഡ് ഓയില്‍ വിലയും, ചൈന, യുഎസ് വ്യാപാരയുദ്ധം വരുത്തിവക്കുന്ന പ്രത്യാഖാതങ്ങളും രണ്ടാം മോദി സര്‍ക്കാരിന്‍റെ മുന്പില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് പഴയ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍റെ മുന്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.