ആശങ്കയോടെ വിധി കാത്ത് ന്യൂനപക്ഷങ്ങള്‍. ഈ ആശങ്ക ഗവര്‍മ്മെന്‍റിന് അലങ്കാരമോ…?

Print Friendly, PDF & Email

കഴിഞ്ഞ അഞ്ച് വര്‍ഷം സഹിച്ച സാമുദായിക വിവേചനത്തില്‍ നിന്ന് കരകയറാം എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്ന അഭിപ്രായ സര്‍വ്വേകള്‍ ഇവരുടെ പ്രതീക്ഷക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത ആശങ്കയിലാണ് ചിലര്‍. മറ്റ് ചിലരാകട്ടെ ഗ്രാമം വിട്ട് പോകാനുള്ള ഒരുക്കത്തിലാണ്. റോയിട്ടേഴ്‌സിനോടാണ് കഴിക്കന്‍ യു പിയിലെ ഗ്രാമീണ മുസ്ലിംങ്ങള്‍ മനസ്സ് തുറന്നത്.  ജനങ്ങളില്‍ ഈ ആശങ്ക സൃഷ്ടിച്ചത് മോദി ഗവര്‍മ്മെന്‍റിന് അലങ്കരമാണോ…? എന്ന് റോയിട്ടേഴ്സ് ചോദിക്കുന്നു.

ഹിന്ദുക്കളും മുസ്‌ലീങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമാണെന്നും തങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും ചേരിതിരിവുമുണ്ടാക്കിയത് ബി ജെ പിയാണെന്നും നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലീം കുടുംബങ്ങള്‍ പറയുന്നു. കുട്ടികള്‍ ഒരുമിച്ച് കളിക്കുകയും ആഘോഷങ്ങളില്‍ പരസ്പരം പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തകര്‍ന്ന അവസ്ഥയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായുള്ളത്. യോഗി മുഖ്യമന്ത്രിയായി എത്തിയതോടെയാണ് ഹിന്ദു- മുസ്ലിം വേര്‍തിരിവ് രൂക്ഷമായത്. കേന്ദ്രത്തില്‍ വീണ്ടും ബി ജെ പി വരുകയാണെങ്കില്‍ ഈ ഗ്രാമം വിട്ടുപോകുന്നതിനെ കുറിച്ചുപോലും തങ്ങള്‍ ചിന്തിക്കുകയാണ്.

ഇപ്പോഴുള്ള അവസ്ഥയേക്കാള്‍ ഭീകരമായിരിക്കും മോദിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്നും ഇവര്‍ ഭയക്കുന്നു.
നേരത്തെ എല്ലാവരും ഒരേമനസോടെയായിരുന്നു മുന്നോട്ടുപോയത്. എല്ലാ കാര്യങ്ങളിലും ഒരുമിച്ചു. വിവാഹചടങ്ങിലും മരണാനന്തര ചടങ്ങിലും എല്ലാം. എന്നാല്‍ ഒരേഗ്രാമത്തില്‍ കഴിയുന്ന ഞങ്ങള്‍ ഇന്ന് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തി- വ്യാപാരിയായ ഗുല്‍ഫാം അലിയെന്നയാള്‍ പറയുന്നു.

ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും തമ്മില്‍ വേര്‍തിരിക്കുക എന്നതായിരുന്നു മോദിയുടെയും യോഗിയുടെയും പ്രധാന അജന്‍ഡ. ഇപ്പോള്‍ മനസ്സിലാകെ ഇവിടംവിട്ട് എങ്ങോട്ടെങ്കിലും പോയാല്‍ മതിയെന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗ്രാമത്തില്‍ നിന്നും നിരവധി മുസ്‌ലീം കുടുംബങ്ങള്‍ താമസം മാറിപ്പോയി. പശുവിനെ അറക്കുന്നതും ബീഫ് വില്‍പ്പന നടത്തുന്നതുമെല്ലാം വലിയ കുറ്റങ്ങളായി ചുമത്തി ചിലര്‍ അക്രമിക്കുകയായിരുന്നു. നിരവധി അക്രമസംഭവങ്ങളാണ് ഗോഹത്യയുടെ പേരില്‍ ഗ്രാമത്തില്‍ നടന്നത്. രാജ്യത്ത് മറ്റ് പൗരന്‍മാര്‍ക്ക് നല്‍കുന്ന അവകാശമൊന്നും ഗ്രാമത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ല. അക്രമികളായാണ് തങ്ങളെ മറ്റുള്ളവര്‍ കാണുന്നത്. മദ്‌റസകള്‍ക്കെതിരെ അക്രമം നടന്നു. ബാങ്ക് വിളിക്കെതിരെ എതിര്‍പ്പ്കൂടി. ബാങ്ക് വിളിക്ക് സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് എതിര്‍പ്പ് തുടങ്ങിയത്. റമസാനില്‍ പോലും ബാങ്ക് വിളിക്കാന്‍ സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് തിട്ടൂരമിറക്കി. കേന്ദ്രത്തില്‍ മോദിയും യു പിയില്‍ മോദിയും അധികാരത്തിലെത്തിയ ശേഷമാണ് ഇത് രൂക്ഷമായത്. മതം അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും വിലക്കുന്നു. എന്നാല്‍ മറുവിഭാഗം തങ്ങള്‍ക്ക് തോന്നുന്നതെല്ലാം ചെയ്യുന്നു- നിമയ വിദ്യാര്‍ഥിയായ പെണ്‍കുട്ടി പറഞ്ഞു.

മതപരമായ ആഘോഷങ്ങള്‍ക്കിടെ പോലും മുസ്‌ലീം വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഞങ്ങളുമായി വളരെ സ്‌നേഹത്തിലും സൗഹൃദത്തിലും സംസാരിച്ചവര്‍ പോലും ഇപ്പോള്‍ അങ്ങനെയല്ലാതായി. എന്തുകാര്യത്തിനും ഓടിയെത്തുമായിരുന്നവര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല. കണ്ടാല്‍ മിണ്ടുന്നില്ല. യോഗി തുടരുകയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ ഞങ്ങളെ ഇവിടെ നിന്നും ഇല്ലായ്മ ചെയ്യുമെന്ന് ഭയപ്പെടുന്നുവെന്നും ഗ്രാമീണര്‍ പറയുന്നു.

രാജ്യത്തെ ജനങ്ങളില്‍ വിഭാഗീയതയും ഭയവും സൃഷ്ടിക്കുവാന്‍ മാത്രമേ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണംകൊണ്ട് കഴിഞ്ഞിട്ടുള്ളുവന്നാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്നത്. മോദി ഗവര്‍മ്മെന്‍റിന് അടുത്ത അഞ്ച് വര്‍ഷം കൂടി ഭരണതുടര്‍ച്ച ഉണ്ടായാല്‍ മ രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും പാടേ തകരും എന്ന ഭയപ്പാടിലാണ് അവര്‍.

Pravasabhumi Facebook

SuperWebTricks Loading...