നരേന്ദ്രമോദി ദുര്യോധനാവതാരം – പ്രിയങ്ക
പ്രധാനമന്ത്രി നരേന്ദ്രമോദി ദുര്യോധനനെ പോലെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദുര്യോധനനെ പോലെ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം മോദിയും തകരുമെന്ന് പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അംബാലയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയങ്ക മോദിക്കെതിരെ ആഞ്ഞടിച്ചത്. ദുര്യോധനന് സംഭവിച്ചതുപോലൊരു പതനമാണ് മോദിക്കു വേണ്ടിയും കാത്തിരിക്കുന്നതെന്നും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിനെ മോദി അപമാനിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം ദുര്യോധനനും അര്‍ജുനനുമെല്ലാം ആരെന്ന് 23ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്ന് പ്രിയങ്കക്ക് മറുപടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം വസ്തുതയാണെന്നും അമിത് ഷാ പറഞ്ഞു.