കള്ളവോട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിരോധത്തിലായി സിപിഎം.

Print Friendly, PDF & Email

കാസർകോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തുവെന്ന ആരോപണമായി കോണ്‍ഗ്രസ്. കാസര്‍ഗോഡ് മണ്ഡലത്തില്‍ പെട്ട കല്യാശ്ശേരിയിൽ കള്ളവോട്ട്നടക്കുന്നതിന്‍റെ വീഡിയോ രംഗങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. കല്യാശ്ശേരിയിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങൾ സഹിതമാകും കാസർകോട്ടെയും കണ്ണൂരിലെയും സ്ഥാനാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുക. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയെടു ക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ പറയുന്നു. കള്ളവോട്ട് ചെയ്യാൻ കൂട്ടുനിന്നത് ഉദ്യോഗസ്ഥർ തന്നെയായിരുന്നെന്നും, കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കുമെന്നും കാസര്‍ഗോഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉണ്ണിത്താൻ പറയുന്നു.

തെരഞ്ഞെടുപ്പുകളില്‍ സി.പി.എം പാര്‍ട്ടി കേന്ദ്രങ്ങളില്‍ വ്യാപകമായ കള്ളവോട്ട് ചെയ്യുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിയതന് ആഴ്ചകള്‍ക്കു മുന്‍പുതന്നെ യു.ഡി.എഫ് നേതൃത്വം റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പഴുതടച്ച് നടത്തിയ തെരഞ്ഞെടുപ്പു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടും ഇത്തരം ദൃശ്യങ്ങൾ പുറത്തു വന്നത് ഇലക്‍ഷന്‍ കമ്മീഷനേയും സിപിഎമ്മിനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നതിനാൽ സിപിഎം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് യുഡിഎഫ്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ ശ്യാമ കുമാര്‍ കാരക്കാട് എന്നയാള്‍ രണ്ടുതവണ വോട്ടു ചെയ്യുന്ന ദൃശ്യം. =പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലെ 136ാം നമ്പര്‍ ബൂത്തില്‍ രഞ്ജിത്ത് എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രണ്ടുതവണ വോട്ടുചെയ്യുന്ന ദൃശ്യം. =പയ്യന്നൂര്‍ മണ്ഡലത്തില്‍ പെടുന്ന കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ 17ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം പഞ്ചായത്ത് 16ാം വാര്‍ഡ് അംഗം സെലീന എം.പി കള്ളവോട്ട് ചെയ്യുന്ന ദൃശ്യം. =പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം ബൂത്തിലെ 774ാം നമ്പര്‍ വോട്ടര്‍ പത്മിനി രണ്ടു തവണ വോട്ടു ചെയ്യുന്ന ദൃശ്യം. ആദ്യം വോട്ടു ചെയ്ത ശേഷം വിരലിലെ മഷി തലയില്‍ തുടയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. =പിലാത്തറ 24ാം ബൂത്തില്‍ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്ത് 16ാം വാര്‍ഡ് അംഗം സെലീന എം.പി കള്ളവോട്ട് ചെയ്യുന്ന ദൃശ്യം. =പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം ബൂത്തിലെ 774ാം നമ്പര്‍ വോട്ടര്‍ പത്മിനി രണ്ടു തവണ വോട്ടു ചെയ്യുന്ന ദൃശ്യം. ആദ്യം വോട്ടു ചെയ്ത ശേഷം വിരലിലെ മഷി തലയില്‍ തുടയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. =പിലാത്തറ 24ാം ബൂത്തില്‍ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ 19ാം ബൂത്തില്‍ വോട്ട് ചെയ്യുന്ന ദൃശ്യം. = 50ാം ബൂത്തിലെ 213ാം വോട്ടര്‍ വിളയാങ്കോട്ടെ സി.പി.എം നേതാവ് 19ാം ബൂത്തില്‍ വോട്ടുചെയ്ത് മടങ്ങുന്ന ദ്യശ്യം. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ കള്ളവോട്ട് ചെയ്യാന്‍ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ബൂത്ത് ഏജന്റ് സ്വന്തം കൈയില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതായും വോട്ടുചെയ്ത് അതു തിരിച്ചേല്‍പ്പിക്കുന്നതായും ദ്യശ്യങ്ങളിലുണ്ട്.മാത്രമല്ല ചെറുതാഴത്തെ പ്രധാന സി.പി.എം നേതാവ് ചട്ടങ്ങള്‍ ലംഘിച്ച് മുഴുവന്‍സമയവും പോളിങ് ബൂത്തിനകത്തുതന്നെ നില്‍ക്കുന്നതായും വോട്ടര്‍മാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതും കാണാം.

ബിഎൽഒ തലം തൊട്ട് കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. കള്ളവോട്ട് നടന്നെന്ന് കണ്ണൂരിലെയും കാസർകോട്ടെയും സ്ഥാനാർത്ഥികൾ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് പല ബൂത്തുകളിലും 90-ന് മുകളിൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇപ്പോൾ ദൃശ്യങ്ങൾ പുറത്തു വന്ന ബൂത്തുകളിൽ റീ പോളിംഗ് വേണം. ഇതിനെതിരെ നിയമനടപടിയുണ്ടാകും. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിക്കണം – മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കോൺഗ്രസ് ദേശീയ നേതൃത്വവും വിഷയത്തിലിടപെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്ന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി, ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതികരിച്ചു.

കാസര്‍കോട്ട് കള്ളവോട്ട് നടന്നതിന് തെളിവായി കോൺഗ്രസ് വീഡിയോ പുറത്ത് വിട്ട സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നൽകിയത്.

ആരോപണം ശരിയെങ്കിൽ അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ദൃശ്യത്തിന്‍റെ ഉറവിടവും വിശ്വാസ്യതയും കള്ളവോട്ട് ചെയ്തെന്ന് പുറത്ത് വന്ന വിവരങ്ങൾ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ടിക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കും. ഉദ്യോഗസ്ഥർ അറിയാതെ കള്ള വോട്ട് നടക്കാൻ സാധ്യത ഇല്ല. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തിൽ ഉണ്ടായിരുന്ന ബൂത്ത് ഏജന്‍റുമാരും കുറ്റക്കാരാകും.

ജനാധിപത്യ വിശ്വാസികളുടെ മൺമറഞ്ഞ് പോയ അച്ഛനപ്പൂപ്പന്മാരെ സഖാക്കന്മാർ പോളിംഗ് ബൂത്തുകളിൽ എത്തിച്ച് ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് പറഞ്ഞ് കേട്ടിരുന്നു, ഇടതുപക്ഷം എങ്ങനെയാണ് വോട്ട് നേടുന്നതെന്ന് ഇപ്പോൾ കാണാൻ കഴിഞ്ഞു. സമ്മതിദായകരെ വിഡ്ഢികളാക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം.

Публикувахте от Bindhu Krishna в Събота, 27 април 2019 г.