പ്രധാനമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് രാഹുല്‍

Print Friendly, PDF & Email

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയെക്കുറിച്ച് തുറന്ന സംവാദം നടത്താന്‍ ആണ് പ്രധാനമന്ത്രിയെ രാഹുല്‍ വീണ്ടും വെല്ലുവിളിച്ചിരിക്കുന്നത്. ഇപ്രാവശ്യം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ താന്‍ പറഞ്ഞുതരാമെന്നും രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

അഴിമതിയെക്കുറിച്ച് എന്നോട് സംവാദം നടത്താന്‍ താങ്കള്‍ക്ക് ഭയമുണ്ടോ? ഞാന്‍ താങ്കള്‍ക്ക് എളുപ്പമാക്കിത്തരാം. നമുക്ക് പുസ്തകം തുറക്കാം. അപ്പോള്‍ താങ്കള്‍ക്ക് തയാറായി വരാമല്ലോ. റഫാല്‍ + അനില്‍ അംബാനി, നീരവ് മോദി, അമിത് ഷാ + നോട്ട് നിരോധനം എന്നിവയായിരിക്കട്ടെ സംവാദത്തിനുള്ള വിഷയങ്ങള്‍ -രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷവും ദേശീയ സുരക്ഷ, അഴിമതി, വിദേശനയം എന്നീ വിഷയങ്ങളില്‍ സംവാദം നടത്താന്‍ മോദിയെ രാഹുല്‍ വെല്ലുവിളിച്ചിരുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ വ്യവസായി അനില്‍ അംബാനിക്ക് മോദി മുപ്പതിനായിരം കോടി രൂപയുടെ ലാഭമുണ്ടാക്കിക്കൊടുത്തതായി പ്രതിപക്ഷം ആരോപിക്കുന്നു. അധികാരത്തിലേറെ അഞ്ച് വര്‍ഷമായിട്ടും ഒരു വാര്‍ത്താസമ്മേളനം പോലും നടത്താതെ, ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ തയാറാവാത്ത പ്രധാനമന്ത്രിയാണ് മോദിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിജെപിയുടെ പ്രകടന പത്രിക പകാശനത്തിനു പോലും മാധ്യമങ്ങള്‍ക്ക് ചെവി കൊടുക്കാതെ പ്രധാനമന്ത്രി മടങ്ങുകയായിരുന്നു.