മനോഹര്‍ പരീക്കര്‍ അന്തരിച്ചു

Print Friendly, PDF & Email

ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയും ആയിരുന്ന മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. അര്‍‍ബുദരോഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 1994ൽ ആദ്യമായി ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ൽ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയർന്നു. 2000 മുതൽ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ൽ വീണ്ടും ഗോവ മുഖ്യമന്ത്രിയായി പരീക്കറിന് ചുമതല ഏല്‍ക്കേണ്ടി വന്നു. 2014ൽ അദ്ദേഹം യുപിയിൽ നിന്ന് രാജ്യസഭയിലെത്തി. എതിരില്ലാതെയാണ് പരീക്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മനോഹർ പരീക്കർ പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്തു. തുടർന്ന് 2017 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു മനോഹർ പരീക്കർ.

2017 നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ വിവാദങ്ങളുയര്‍ത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കു ശേഷം മൂന്നാമതും ഗോവയുടെ മുഖ്യമന്ത്രിയായി അവസാന ശ്വാസം വരെ ഗോവയിൽ ബിജെപിയെ മനോഹർ പരീക്കർ അധികാരത്തിലിരുത്തി. ഗുരുതര രോഗം അലട്ടിയപ്പോഴും അദ്ദേഹം പാർട്ടിയിലും സർക്കാർ ചടങ്ങുകളിലും സജീവമായിരുന്നു. ബിജെപിയുമായി രാഷ്ട്രീയമായി വിയോജിക്കുന്നവർക്ക് പോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹർ പരീക്കർ.

മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ എന്ന മനോഹർ പരീക്കർ 1955 ഡിസംബർ 13ന് ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ആർഎസ്എസിൽ ആകൃഷ്ടനായി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകും മുമ്പ് തന്നെ പരീക്കർ ആർഎസ്എസിന്‍റെ നേതൃനിരയിലേക്ക് ഉയർന്നിരുന്നു. വിദ്യാഭ്യാസവും സംഘബന്ധവും ഒരുപോലെ കൊണ്ടുപോയ മനോഹർ പരീക്കർ പിന്നീട് ബോംബെ ഐഐടിയിൽ നിന്ന് മെറ്റലർജിക്കിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി.മനോഹർ പരീക്കറുടെ നിര്യാണത്തോടെ ഗോവ ഒരു വട്ടം കൂടി നാടകീയ നീക്കങ്ങൾക്ക് വേദിയാവുകയാണ്.