സിസ്റ്റര്‍ ലൂസി കളപ്പുര സഭാ ആസ്ഥാനത്തെത്തിയത് പോലീസ് സംരക്ഷണത്തോടെ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കെലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്ക നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര സഭാനേതൃത്വം നല്‍കിയ നോട്ടീസ് പ്രകാരം സഭാ ആസ്ഥാനത്തെത്തിയത് പോലീസ് സംരക്ഷണത്തോടെ. മൂവാറ്റുപുഴയിലെ സിസ്റ്റര്‍ ലിസിയെ കോണ്‍വെന്റില്‍ തടഞ്ഞ് വച്ചതിന്റെ പശ്ചാത്തലത്തില്‍ തനിയെ പോകാന്‍ ഭയമുള്ളതു കൊണ്ടാണ് പൊലീസ് സംരക്ഷണം തേടിയതെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നത്. ഒരു കന്യാസ്ത്രീക്ക് അവരുടെ മേലധികാരികളെ കാണുവാന്‍ ഒറ്റക്കുപോകുവാന്‍ ഭയപ്പെടുന്നു എന്നത് ക്രൈസ്തവ സഭ ഇന്നെത്തിരിയിക്കുന്ന അധപതനത്തിന്‍റെ നേര്‍ ചിത്രമായി ചൂണ്ടികാണിക്കപ്പെടുന്നു.
സിസ്റ്റര്‍ ലൂസിയോട് മുന്പ് രണ്ട് തവണ വിശദീകരണം ചോദിക്കുകയും അതിന് അവര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നേരിട്ട് നേരിട്ട് ഹാജരായി വിശദീകരണം നല്കിയില്ലെങ്കില്‍ കാനന്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ നോട്ടീസ് ലഭിച്ചതോടെയാണ് ആലുവയിലെ കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസി എത്തിയത്. മദര്‍ ആരോപിക്കുന്ന 13 കുറ്റങ്ങള്‍ ചെയ്തുവെന്ന് സമ്മതിച്ചുകൊണ്ടുള്ള മറുപടി എഴതി നല്‍കുവാനാണ് സഭാ നേതൃത്വം തന്നോട് ആവശ്യപ്പെട്ടതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പിന്നീട് പറഞ്ഞു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കൃസ്തുവിന് നേര്‍ സാക്ഷ്യം വഹിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത് എന്ന വിശദീകരണമാണ് സിസ്റ്റര്‍ മേലധികാരികള്‍ക്ക് നല്കിയത്.