രാജ്യം പ്രാണവേദനയില്‍ നേതാക്കള്‍ക്ക് വീണവായന

Print Friendly, PDF & Email

നാല്‍പതിലേറെ ജവാന്‍മാര്‍ ബോംബ് സ്‌ഫോടനത്തില്‍ ചിന്നഭിന്നമായി കിടക്കുന്പോള്‍ പാര്‍ട്ടി പരിപാടികളും ഉദ്ഘാടനങ്ങളുമായി ദിവസം ചിലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ ആകട്ടെ പാർട്ടിയുടെ പ്രചാരണയോഗങ്ങളില്‍ ചിരിച്ചുലസിച്ച് പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ പ്രചാരണ പരിപാടികള്‍ റദാക്കിരാജ്യത്തിന്‍റെ ദുഖത്തില്‍ പങ്കുചേര്‍ന്നപ്പോഴാണ് പ്രധാനമന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷനും മാമാങ്കങ്ങളുടെ പുറകെ പോയി സോഷ്യല്‍ മീഡിയായുടെ വിമര്‍ശനം ഏറ്റ്വാങ്ങിയത്.

കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ സമിതിയോഗത്തിന് ശേഷം പ്രധാനമന്ത്രിയെ വിശദാംശങ്ങള്‍ അറിയിക്കാന്‍ മന്ത്രി അരുണ്‍ ജറ്റ്‌ലി ഹാളിന് പുറത്തേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി ദില്ലി റയില്‍വേ സ്റ്റേഷനിലേയ്ക്ക് കുതിച്ചിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിലേ യ്ക്കുള്ള ഹൈ സ്പീഡ് ട്രെയിന്‍ ആയ ട്രെയിന്‍ 18 (വന്ദേ ഭാരത് എക്സ്പ്രസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ഉദ്ഘാടനം കഴിഞ്ഞ മോദി ഝാന്‍സിയിലെ പാര്‍ടിയുടെ തിരഞ്ഞെടുപ്പ് റാലിയിലെത്തി. ജവാന്‍മാരുടെ മൃതദേഹങ്ങള്‍ കാശ്മീരിലെ ആശുപത്രിയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്ക് മാറ്റുകയായിരുന്നു അപ്പോള്‍.

ജവാന്‍മാരുടെ കുടുംബത്തിന്റെ നിലവിളികള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഝാന്‍സി റാലിയില്‍ മോദിയുടെ രാഷ്ട്രിയ പ്രസംഗം കത്തിക്കയറുകയായിരുന്നു. അതിന് ശേഷം ബീഹാറിലെത്തിയ മോദി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

തീവ്രവാദ ആക്രമണം അറിഞ്ഞയുടന്‍ വാര്‍ത്താസമ്മേളനം പോലും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി റദ്ദ് ചെയ്ത സമയത്ത് ബിജെപി റാലിയില്‍ സംസാരിക്കുന്ന അമിത് ഷായുടെ ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നു. ഭീകരാക്രമണത്തെ അപലപിച്ച ശേഷമായിരുന്നു അമിത് ഷായുടെ ആഹ്ളാദത്തോടെയുള്ള പ്രസംഗം.

യോഗി ആദിത്യനാഥും കേരളത്തിലെ പരിപാടികള്‍ മുടക്കമില്ലാതെ നടത്തി.ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരി അര്‍ദ്ധരാത്രി ഡാന്‍സ് പാര്‍ടി നടത്തിയായിരുന്നു ഭീകരാക്രമണം അറിഞ്ഞ രാജ്യത്തോട് പ്രതികരിച്ചത്.കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ. സഖ്യ ചര്‍ച്ചകള്‍ നടത്തി പാര്‍ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു. നാല്‍പ്പതിലേറെ സൈനീകര്‍ കൊല്ലപ്പെട്ടിട്ടും രാജ്യത്ത് ദുഖാചരണം പോലും ഉണ്ടായില്ല.