കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി പുറത്ത്
ഒടുവില്‍ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി പുറത്ത്. നിരവധി രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്.
സമൂല മാറ്റം വരുത്തി ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ ആക്കുമെന്ന വാഗ്ധാനത്തോടെ 2018 ഏപ്രില്‍ 16ന് സിഎംഡിയായി ചുമതല ഏറ്റെടുത്ത തച്ചങ്കരി മാറ്റങ്ങള്‍ക്ക് തുരങ്കം വെക്കുന്ന തൊഴിലാളി യൂണിയനുകളുമായി ഏറ്റുമുട്ടി 8 മാസം പൂര്‍ത്തിയാക്കുന്നതിനു മുന്പേ പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ ഒറ്റക്കെട്ടായി തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നപ്പോള്‍ ഇതുവരെ തച്ചങ്കിരയെ പിന്തുണച്ചു വന്നിരുന്ന മുഖ്യമന്ത്രിക്കും തച്ചങ്കരിയെ കൈവിടേണ്ടി വന്നു. ഗതാഗതമന്ത്രിയും ദേവസ്വം മന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല.
എം.ഡി. ആയിരിക്കെ തച്ചങ്കരി സ്വീകരിച്ച നിലപാടുകളാണ് സ്ഥാനമാറ്റത്തിന് കാരണമായത്. സി.ഐ.ടി.യു. അടക്കമുള്ള സംഘടനകള്‍ തച്ചങ്കരിക്കെതിരെ രംഗത്ത് എത്തിയിരുന്നു. യൂണിയന് പുറമെ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരും തച്ചങ്കരി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് എതിരായിരുന്നു. പകരം അദ്ദേഹത്തിന് ചുമതലയൊന്നും നല്‍കിയിട്ടില്ല. എറണാകുളം സിറ്റി പൊലിസ് കമ്മീഷണര്‍ എം.പി ദിനേശനെ പുതിയ എം.ഡിയായി നിയമിച്ചു.