വനിത മതിലിനെതിരെ സ്ത്രീ കൂട്ടായ്മ

Print Friendly, PDF & Email

ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനോട് എന്തുകൊണ്ട് വിയോജിപ്പ് വ്യക്തമാക്കി സ്ത്രീ കൂട്ടായ്മ.  എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയോട് യോജിക്കുന്നുണ്ടെങ്കിലും വനിതാ മതിലിനെ എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കി 31 പേരടങ്ങിയ സ്ത്രീകളാണ്  രംഗത്തെത്തിയിരിക്കുന്നത്. ഒരു വശത്ത് സ്ത്രീകളുടെ സമത്വവും തുല്യതയും നവോത്ഥാനവും ഉദ്ഘോഷിച്ച് വനിതാ മതില്‍ പണിയുന്ന സര്‍ക്കാര്‍ തുല്യതയുടെ പേരില്‍ സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിക്ക് എതിര്‍ നില്‍ക്കുന്നുവെന്ന് സ്ത്രീ കൂട്ടായ്മ ആരോപിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്‍റെ ഇരട്ടത്താപ്പ് എണ്ണമിട്ട് നിരത്തിയ പ്രസ്താവനയാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: 

ശബരിമലയിലെ യുവതീ പ്രവേശത്തോട് യോജിച്ച് കൊണ്ട് മതിലിനോട് വിയോജിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശത്തെ ഞങ്ങൾ ഉറക്കെ പ്രഖ്യാപിക്കുന്നു. താഴെ പറയുന്ന കാരണങ്ങളാൽ സർക്കാരിന്റെ വനിതാ മതിലിൽ നിന്ന് വിട്ട് നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു.

1 ) സുപ്രീം കോടതി വിധി വന്നതിന് ശേഷം ശബരിമലയിൽ കയറാൻ ശ്രമിച്ച ഒറ്റ സ്ത്രീയെപ്പോലും അവിടെയെത്തിക്കാൻ സർക്കാരിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കാനാണ് പോലീസടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചത്. മലയ്ക്ക് പോവാൻ തയ്യാറാവുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്ത ആളുകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ട സംഘപരിവാരങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാത്ത സർക്കാർ, ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചവർക്കെതിരെ കേസെടുക്കുകയാണ് ചെയ്തിട്ടുള്ളത്.
മലയ്ക്ക് പോവാൻ തയ്യാറാവുന്ന സ്ത്രീകളെ പരാമവധി നിരുത്സാഹപ്പെടുത്താനും  അവരുടെ വീട്ടുകാരെ ഉൾപ്പടെ ഭീതിയിലാക്കുകയുമാണ് പോലീസ് ചെയ്യുന്നത്. സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയ്ക്ക് പോയ രഹ്ന ഫാത്തിമയെ 18 ദിവസം ജയിലിലടച്ചതും ഈ വിഷയത്തിൽ  സർക്കാരിന്റെ ഇരട്ടത്താപ്പ്  കാണിക്കുന്നതാണ്. പോവാൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നവരുടെ വീടുകളിലെത്തി കണക്കെടുപ്പ് കൂടി നടത്തുന്നു സർക്കാർ. ഒരു വശത്ത് നവോത്ഥാന മൂല്യങ്ങൾ പ്രസംഗിക്കുന്ന, വനിതാ മതിലിന് ശ്രമിക്കുന്ന  സർക്കാരിന്റെ ഇരട്ടതാപ്പാണ് ഈ പ്രവർത്തികളെല്ലാം.

2) വനിതാ മതിലിന്റെ സംഘാടനത്തിനായി ആദ്യം വിളിച്ചു ചേർത്തവർ എല്ലാം തന്നെ സമുദായ നേതാക്കളും അതിൽ അധികം പേരും ശബരിമല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലും അല്ലാതെയും സ്ത്രീവിരുദ്ധ നിലപാടെടുത്തിട്ടുള്ള വരുമാണ്. അവരിലധികം പേരും ശബരിമല വിഷയത്തിൽ തങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടിനെ തിരുത്തിയതായും അറിവില്ല.

3) നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആണ് മതിൽ എങ്കിൽ അത് വനിതകളെ മാത്രം ഉൾപ്പെടുത്തേണ്ടതല്ല. ( ഒരു ബോധ വൽക്കരണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ) എല്ലാ മനുഷ്യരും പങ്കെടുത്ത ഒരു സർക്കാർ പരിപാടിയാക്കാവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല സ്ത്രീ പ്രവേശനത്തപ്പറ്റി പറയാതെയുള്ള ഈ നീക്കം തീർത്തും കാപട്യമാണ്.

4) പുരുഷാധിപത്യത്തിനെതിരായ സമരം പുരുഷന്മാരുടെയും അത്യധികം സ്ത്രീവിരുദ്ധ മൂല്യങ്ങൾ പേറുന്ന സമുദായ സംഘടനകളുടെ  നേതൃത്വത്തിലുമാണ് നടക്കേണ്ടത് എന്ന് തോന്നുന്നില്ല. വനിതാ മതിലിനെ എതിർക്കുന്നവരെല്ലാം സംഘപരിവാറുകാരാണെന്നത് ലളിത യുക്തിയായി മാത്രമേ കാണാൻ കഴിയൂ. ജാതി സംഘടനകളുടെ നേതൃത്യത്തിൽ നടക്കുന്നു എന്നത് കൊണ്ട് മാത്രം വനിതാ മതിലിനെ പിന്തുണക്കാൻ കഴിയില്ല. കാരണം പുരുഷാധിപത്യ ബോധത്തിലധിഷ്ടിതമായ ജാതി സംഘടനകൾക്ക് വനിതാ മതിലിനെ അതിന്റെ ആശയതലത്തിൽ ഉൾകൊള്ളാനോ അന്വർത്ഥമാക്കാനോ കഴിയില്ല. ശബരിമല തന്ത്രിയുടേതുപോലെയുള്ള ബ്രാഹ്മണിക്കൽ പുരുഷാധിപത്യം പേറുന്ന ഭൂരിഭാഗം  ജാതിസംഘടനകളും സ്ത്രീ മുന്നേറ്റത്തേയോ അത്തരമൊരു നവോത്ഥാനത്തെയോ പിന്തുണക്കില്ല എന്നാണ് ചരിത്രം നൽകുന്ന പാഠം.

5) പുരുഷാധിപത്യം പേറുന്നവർ ആട്ടിത്തെളിച്ച് കൊണ്ട് വന്ന് കെട്ടിപടുക്കുന്ന വനിതാ മതിൽ ഏതെങ്കിലും വിധത്തിൽ സ്ത്രീ മുന്നേറ്റത്തിന് സഹായകമാകും എന്ന് ഞങ്ങൾ കരുതുന്നില്ല.

6)  ലൈംഗിക ആക്രമണത്തിനിരയായ പെൺകുട്ടിയുടെ പരാതി പോലീസിന് കൈമാറിയിട്ടില്ല. മാത്രമല്ല ആരോപണ വിധേയനായ എംഎൽഎ പി കെ ശശി ഇപ്പോഴും നിയമസഭാ സാമാജികനായി തുടരുന്നു. ഇദ്ദേഹം നവോത്ഥാന സദസുകൾ നയിക്കുന്ന സാഹചര്യവുമുണ്ട്.

മേല്പറഞ്ഞ വസ്തുതകൾ നില നിലനില്‍ക്കെ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പുരുഷ മുൻകൈയിൽ പടുത്തുയർത്താൻ പോകുന്ന വനിതാ മതിലിനോടു വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഞങ്ങൾ ഉപയോഗിക്കുന്നു.

പി. ഗീത, എം സുൽഫത്ത്, ഭദ്രകുമാരി, ഹേമ ജോസഫ്, തസ്നി ബാനു, സുജ ഭാരതി, ഉമ എം എൻ, ഗീഥ, യാമിനി പരമേശ്വരൻ, അഡ്വ. സുധ ഹരിദ്വാർ, അപർണ്ണ ശിവകാമി, ഷനില സജേഷ്, ഷിജി കണ്ണൻ, അശ്വതി കൃഷ്ണ, ബിന്ദു കെ പ്രസാദ്, സോയ കെ. എം, അഡ്വ വി എം സിസിലി, അപർണ്ണ പ്രശാന്തി, ആശ ആച്ചി ജോസഫ്, സുജ എ എൻ, അപർണ്ണ പ്രഭ, മീന കൂട്ടാല, ജെ ദേവിക, ജോളി ചിറയത്ത്, ഗിരിജ കെ പി, മഞ്ജു എം ജോയ്, മായ എസ് പരമശിവം, ശ്രീപ്രിയ ബാലകൃഷ്ണൻ, ശീതൾ ശ്യാം, ആശ സി, രേഷ്മ ഭരദ്വാജ്.

  •  
  •  
  •  
  •  
  •  
  •  
  •