പൗരന്‍റേമേല്‍ ചാരക്കണ്ണുകളുമായി കേന്ദ്ര സര്‍ക്കാര്‍

Print Friendly, PDF & Email

പൗരന്‍റേമേല്‍ ചാരക്കണ്ണുകളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഏത്  പൗരന്‍റേയും കംപ്യൂട്ടറുകളോ മൊബൈല്‍ ഫോണുകളോ മറ്റും പരിശോധിക്കാനും വിവരങ്ങൾ പിടിച്ചെടുക്കാനും രാജ്യത്തെ പത്ത്  ഏജൻസികൾക്ക് അനുവാദം നൽകി കേന്ദ്ര സർക്കാർ ഉത്തരവ്. ഇൻഫർമേഷൻ സെക്യൂരിറ്റി ആക്ടിലെ റൂൾ നാല് പ്രകാരമുള്ള ഉത്തരവ്; കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭ ആണ് പുറപ്പെടുവിച്ചത്.

ഇതോടെ രാജ്യത്തെ പത്ത് ഏജന്‍സികള്‍ക്ക് ഏത് കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാനും, ഫോണ്‍ വിളികളും ഇ മെയിലുകളും മാത്രമല്ല കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളും പരിശോദിക്കുവാനും ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. കോടതിയുടെ അനുവാദത്തോടെ മാത്രമേ നിലവില്‍;  അന്വേഷണ ഏജന്‍സികള്‍ക്ക് പൗരന്‍റെമേല്‍ നിരീക്ഷണം നടത്തുവാന്‍ സാധിക്കുകയുള്ളു.

ഇന്‍റലിജൻസ് ബ്യൂറോ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ, ഡയറക്ടർ ഓഫ് റവന്യൂ ഇന്‍റലിജൻസ്, എൻഐഎ, റോ, ജമ്മു കശ്മീർ, അസം, വടക്ക് കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന സേനയിലെ പ്രത്യേക വിഭാഗങ്ങൾ, ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്നിവയ്ക്കാണ് അനുമതി. 

രാജ്യത്തെ ഏത് കമ്പ്യൂട്ടറും പരിശോധനയ്ക്ക് വിധേയമാക്കാന്‍ പത്ത് കേന്ദ്ര ഏജന്‍സികള്‍ക്കും ഡല്‍ഹി പോലീസിനും അനുമതി നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ കോണ്‍.പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയെ ‘പോലീസ് സ്‌റ്റേറ്റായി’ മാറ്റാനും ജനങ്ങള്‍ക്കുമേല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, ഇത്തരത്തിലുള്ള നിരീക്ഷണം വേണ്ടിവരുന്ന തരത്തിലുള്ള എന്ത് ഭീഷണിയാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു.