ഒരു പ്രണയകഥയുടെ ക്ലൈമാക്‌സ്
സസ്പെന്‍സും സംഘട്ടനവും എല്ലാമടങ്ങിയ ഒരു സസ്പന്‍സ് ത്രില്ലര്‍ സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഹാസന്‍ ജില്ലയിലെ ശകലേശ് പുര്‍ താലൂക്കിലെ ഒരു കല്യാണ മണ്ഡപത്തില്‍ അരങ്ങേറിയത്. പ്രണയവും അതിന്‍റെ സംഭവബഹുലമായ പരിണാമവുമാണ് കഥ. കല്യാണ മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കുന്ന വരന്‍റെ ഫോണിലേക്ക് തുടരെതുടരെ വാട്സ് ആപ്പ് സന്ദശങ്ങള്‍ വരുന്നതോടെയാണ് കഥയുടെ തുടക്കം. വധു മറ്റൊരാളോടോപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളായിരുന്നു വരന്‍റെ വാട്സ് ആപ്പിലേക്ക് കുത്തിയൊഴുകി വന്നത്. സന്ദേശം അയച്ചതാകട്ടെ കല്യാണപ്പെണ്ണിന്‍റെ കാമുകനും.
അതോടെ വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് വരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. എന്നാല്‍, പിന്നീട് കഥയില്‍ വന്നത് വന്‍ ട്വിസ്റ്റായിരുന്നു.
ഏവരെയും ഞെട്ടിച്ചു കൊണ്ട് വാട്സാപ്പ് ചിത്രത്തിലെ നായകന്‍ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറന്നു. വധുവിനെ കല്യാണം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായി. ചിലര്‍ കാമുകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ തടയാനെത്തിയത് സാക്ഷാല്‍ വധുതന്നെ.
അപ്പോള്‍ മാത്രമാണ്, എല്ലാം കാമുകനും കാമുകിയും ചേര്‍ന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് ഏവര്‍ക്കും മനസ്സിലായത്. ഇതോടെ പ്രണയിനികള്‍ ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. ഒടുവില്‍ വാട്സാപ്പ് നായകന്‍തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും അത് വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് പുതിയൊരു തിരകഥക്ക് രൂപം കൊടുത്തത്.
യുവതിക്കും വീട്ടുകാര്‍ക്കുമെതിരേ പൊലീസില്‍ പരാതി നല്‍കാനാണ് വരന്റെ വീട്ടുകാരുടെ തീരുമാനം. മാനനഷ്ടത്തിനും വന്ന ചിലവുകള്‍ക്കും നഷ്ടപരിഹാരം വേണമെന്നും അവര്‍ ആവശ്യപ്പെടും. എന്നാല്‍, ക്ലൈമാക്‌സില്‍ പ്രണയം സഫലമായെങ്കിലും ഒന്നിക്കാന്‍ കമിതാക്കള്‍തിരഞ്ഞെടുത്ത വഴിയാണ് ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്. അവരുടെ തന്ത്രം കണ്ട് കണ്ണുമിഴിച്ചിരിക്കുകയാണ് നാട്ടുകാര്‍.