നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതിയായേക്കും
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് ഒന്നാം പ്രതിയാകുക. കുറ്റപത്രം പൂര്‍ത്തിയായിട്ടുണ്ട്.
ഉദ്യോഗസ്ഥ സംഘവും നിയമവിദഗ്ധരും അടുത്തദിവസം ഒരുമിച്ച് യോഗം ചേര്‍ന്ന് കുറ്റപത്രം ഒന്നുകൂടി വിശകലനം ചെയ്യും.തുടര്‍ന്നാവും കോടതിയില്‍ നല്‍കുക. ഉന്നതോദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ച നടത്തിയശേഷം അടുത്തയാഴ്ച കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ടിനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘാംഗം പറഞ്ഞു
ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകള്‍പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്. കുറ്റകൃത്യം നടത്തിയ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതാണ് ദിലീപിനെ സംഭവവുമായി ബന്ധപ്പെടുത്തുന്ന നിര്‍ണായക ഘടകം.ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.