1950ല്‍ ശബരിമല ക്ഷേത്രം അ​ഗ്നിക്കിരയാക്കിയത്‌ ക്ഷേത്രം നമ്പൂതിരി നിയന്ത്രണത്തിലാക്കാന്‍ വേണ്ടി

Print Friendly, PDF & Email

1950ല്‍ ശബരിമല ക്ഷേത്രം അ​ഗ്നിക്കിരയാക്കിയത്‌ ക്ഷേത്രം പൂര്‍ണമായും നമ്പൂതിരി നിയന്ത്രണത്തിലാക്കാന്‍ വേണ്ടിയതെന്ന ഗുരുതര വെളിപ്പെടുത്തലു മായി ക്ഷേത്ര- ആചാരങ്ങളില്‍ ഗവേഷകയും ക്ഷേത്രാചാര പഠനങ്ങളിലെ ഗ്രന്ഥകാരിയുമായ ലക്ഷ്മി രാജീവ്.  ബ്രാഹ്മണിക് തന്ത്ര വിദ്യയില്‍ പുനഃപ്രതിഷ്ഠ നടത്തി പൂര്‍ണമായും നമ്പൂതിരി നിയന്ത്രണത്തിലാക്കാന്‍ വേണ്ടിയാണ് ശബരിമല ക്ഷേത്രം 1950ല്‍ അ​ഗ്നിക്കിരയാക്കിയത്‌.

തീയിടുന്നതു വരെ മല അരയരുടെ അയ്യപ്പ സങ്കല്‍പ്പമായിരുന്ന പ്രതിഷ്ഠ  പുനപ്രതിഷ്ഠ നടത്തിയപ്പോള്‍ ശാസ്താ വിഗ്രഹ സങ്കല്‍പ്പമായി മാറ്റുകയും അയ്യപ്പന്‍ അതില്‍ വിലയം പ്രാപിച്ചു എന്നും പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ മല അരയന്‍മാരെ അവിടന്ന് പൂര്‍ണമായും അടിച്ചു പുറത്താക്കി. ഇപ്പോഴും തീവയ്പ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. ആദ്യ ഇഎംഎസ് സര്‍ക്കാര്‍ ഈ രേഖ പുറത്തുവിടും എന്നു പറഞ്ഞിരുന്നുവെങ്കിലും പുറത്തുവിടുവാന്‍ തയ്യാറായില്ല.  നമ്പൂതിരി  നിയന്ത്രണത്തിലാക്കാനും മലയരയരെ തുരത്താനുമാണ് ശബരിമല ക്ഷേത്രത്തിന് തീയിട്ടത് എന്നു വ്യക്തമാക്കിയതോടെ പഴയ റിപ്പോര്‍ട്ട് പുറത്തുവിടുവാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകും.

ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ എന്നു പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലക്ഷ്മി രാജീവ് വ്യക്തമാക്കുന്നു. താന്‍ ചാനൽ ചർച്ചക്കില്ല- ഇതിനു മറുപടി തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ വരാം. വെല്ലുവിളിക്കുക അല്ല- ഗുരുക്കന്മാർ മൗനം പാലിച്ച വേദനയിൽ നിന്നും. പറഞ്ഞിട്ടും പ്രയോജനമില്ലെന്നു തോന്നി. ഇപ്പോൾ ഇത് ശ്രദ്ധിക്കാൻ കേരളം മനസ് കാട്ടണം. ക്ഷേത്രം മലയരന്മാരുടേതാണോ എന്ന്‌ വിശദമായി പഠിച്ച ശേഷമേ പറയാൻ പറ്റൂ. പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് എന്ന് ലക്ഷ്മി രാജീവ് തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു

ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ എന്ന് തെളിയിക്കുന്ന ചിലതു ശേഖരിച്ചിരുന്നു. കൂടുതൽ അന്വേഷങ്ങൾക്കു സ്വയം പ്രാപ്തരാവുക. മണ്ഡല കാലം തുടങ്ങുന്നതിനു മുൻപ് കേരളത്തെ ബാധിച്ച ഈ അസംബന്ധം തിരുത്താൻ കഴിയുന്നത്ര ശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ വെറുതെ പോസ്റ്റ് ഇട്ടു ശ്രദ്ധ പിടിക്കുന്നതല്ല  ചർച്ചകളിൽ ഇതും കൂടി ഉൾപ്പെടുത്തണം. എനിക്ക്  കൂടുതല്‍ വിവരങ്ങള്‍ തരാനാവും .  ക്ഷേത്ര തന്ത്രം പഠിക്കുന്ന കുട്ടികൾ ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം കൊണ്ടുവരേണ്ടതാണ്.

നാൽപ്പത്തി ഒന്ന് ദിവസത്തെ വ്രതം മണ്ഡലകാലത്ത് പോകുന്നവർ എടുത്താൽ മതിയാകും. അതൊരു ഐതിഹ്യത്തിന്റെ തുടർച്ചയാണ്. അയ്യപ്പനെ കാട്ടിൽ അയച്ചു കൊല്ലാൻ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പൻ തന്നെ നിർദേശിച്ച പരിഹാരം. അയ്യപ്പനെ കൊല്ലാൻ കാട്ടിൽ അയച്ച പന്തളം രാജ കുടുംബം ചെയ്താൽ മതി ആ നാൽപ്പത്തി ഒന്ന് ദിവസത്തെ പ്രായശ്ചിത്തം. വ്രതം അവരവരുടെ ആത്മ സംതൃപ്തിക്ക് എത്ര വേണമോ ആകാം. ജീവിതം തന്നെ വ്രതം ആകുന്നവരും ഉണ്ട്. ഈ കണക്കൊന്നും ആചാരമല്ല. കെട്ടു കഥവെറും കെട്ടുകഥയാണ് ലക്ഷ്മി രാജീവ് തന്റെ ഫെയിസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. 12 പോയിന്റുകളിലൂടെയാണ്  ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയുടേത്  അല്ലെന്ന് ലക്ഷ്മി രാജീവ്‌ സ്ഥാപിക്കുന്നത്‌.

1) ശബരിമല ധർമ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കിൽ “സ്നിഗ്ധാരാള…” എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു? സ്നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധർമ്മശാസ്താവിന്റെതാണ്.

2) “ധ്യായേൽ ചാരുജടാനിബദ്ധ മകുടം…” എന്ന് തുടങ്ങുന്ന ധ്യാനമാണ് ശബരിമലയുടേത് എങ്കിൽ അതിന്റെ ഋഷി, ഛന്ദസ്സ്, മൂലമന്ത്രം തുടങ്ങിയവ ഭക്തർക്ക് അറിയാൻ അവകാശം ഉണ്ട്.

3) പട്ടബന്ധം ധരിച്ചിരിക്കുന്നത് കൊണ്ടാണ് നൈഷ്ഠിക ബ്രഹ്മചാരി എന്ന് പറയുന്നതെങ്കിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ സ്വാമി ഇതേ രൂപത്തിൽ പട്ടബന്ധം ധരിച്ചാണ്…അവിടെ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടല്ലോ.

4) നൈഷ്ഠിക ബ്രഹ്മചാരി ആയ സന്ന്യാസി ആണ് പ്രതിഷ്ഠ എങ്കിൽ സാത്വിക ഭാവമായിരിക്കണം….മുല്ല,പിച്ചി തുടങ്ങിയ മാദക പുഷ്പങ്ങൾ നിഷിദ്ധം ആയിരിക്കണം… പക്ഷേ ശബരിമലയിൽ അങ്ങനെ ഇല്ല…പോരാത്തതിന് ഉഗ്രമൂർത്തികൾക്ക് നിവേദിക്കുന്ന പാനകം അത്താഴ പൂജയ്ക്ക് നിവേദിക്കുന്നു.

5) മൂലബിംബം പട്ട ബന്ധം ധരിച്ചാണ്… പക്ഷേ ഉത്സവബിംബമോ? തികച്ചും യൗവനയുക്തനായ,കിരീടവും അമ്പും വില്ലും ധരിച്ച ധർമ്മശാസ്താവ്..രണ്ടു ഭാവവും തമ്മിൽ പുലബന്ധം പോലുമില്ല.

6) രാഹുൽ ഈശ്വർ എപ്പോഴും വാദിക്കുന്നത് ശബരിമലയിൽ അയ്യപ്പൻ ആണ് ധർമ്മശാസ്താവ് അല്ല എന്ന്… എങ്കിൽ എന്തിനാണ് ധ്വജത്തിൽ ധർമ്മശാസ്താവിന്റെ വാജി വാഹനം? പതിനെട്ടാം പടിക്ക് ഇരുവശവും ധർമ്മശാസ്താവിന്റെ വാഹനമായ പുലിയും ആനയും എന്തിനാണ്?

7) പതിനെട്ടാം പടിക്ക് താഴെ കറുപ്പ് സ്വാമി യും കറുപ്പായി അമ്മയും ഉണ്ട്…കറുപ്പായി അമ്മ സ്ത്രീ അല്ലേ?

8) ഏറ്റവും പ്രധാനമായി ശബരിമല ധർമ്മശാസ്താവിന്റെ തിരുവാഭരണപ്പെട്ടി തുറന്ന് കാണിക്കൂ…അതിൽ പൂർണ്ണ പുഷ്ക്കല വിഗ്രഹം ഉണ്ടല്ലോ….മകരസംക്രമ സന്ധ്യയിൽ അതും വിഗ്രഹസമീപം വയ്ക്കാറുണ്ട്ല്ലോ..അപ്പോൾ നൈഷ്ഠികബ്രഹ്മചര്യം എവിടെ പോകുന്നു.

9) ഹരിവരാസനത്തിലും പുത്രനെ വർണ്ണിക്കുന്നുണ്ട് .

10) ക്ഷേത്രം മലയരന്മാരുടേതാണോ ? വിശദമായി പഠിച്ച ശേഷമേ പറയാൻ പറ്റൂ.പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്

11.മാളികപ്പുറത്തമ്മ അയ്യപ്പൻറെ പ്രണയിനിയും അമ്മയും ഒന്നുമല്ല- ദുർഗ അല്ലെങ്കിൽ കാളി -അതിനാണ് പൂജ. അവിടെ ആടിനെ അറുത്തു ബലി കൊടുത്തതിനു രേഖകൾ ഉണ്ട്. അപ്പോൾ കാട്ടു ദൈവങ്ങൾ ആണ് നീലിമലവാസനും കാളിയുമെന്നു കരുതേണ്ടി വരും.

12. ബ്രാഹ്മണിക് തന്ത്ര വിദ്യയിൽ പുന:പ്രതിഷ്ഠ നടത്തി പൂർണ്ണമായും നമ്പൂതിരി നിയന്ത്രണത്തിലാക്കാൻ വേണ്ടിയാണ് ശബരിമല ക്ഷേത്രം 1950ൽ അഗ്നിക്കിരയാക്കിയത്. അതു വരെ മല അരയരുടെ അയ്യപ്പ സങ്കൽപ്പമായിരുന്ന പ്രതിഷ്ഠ പുനപ്രതിഷ്ഠ നടത്തിയപ്പോൾ ശാസ്താ വിഗ്രഹ സങ്കൽപ്പമായി മാറ്റുകയും അയ്യപ്പൻ അതിൽ വിലയം പ്രാപിച്ചു എന്നും പ്രഖ്യാപിച്ചു .. അതോടെ മല അരയൻമാരെ അവിടന്ന് പൂർണ്ണമായും അടിച്ച് പുറത്താക്കി… അടുത്ത കാലത്തായി ധർമ്മ ശാസ്താവിന് പൂർണ്ണ – പുഷ്ക്കല എന്നീ ഭാര്യമാരുണ്ടെന്നും അച്ചൻകോവിലിലെ ധർമ്മശാസ്താ പ്രതിഷ്ഠ ഭാര്യ സമേതനാണ് എന്നും അങ്ങനെയുള്ള ധർമ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ എങ്ങിനെ യുവതികൾക്ക് വിലക്ക് ഏർപ്പെടുത്താൻ കഴിയും എന്ന ചർച്ച മുറുകിയപ്പോഴാണ് പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായപ്പോൾ ശബരിമല അയ്യപ്പ ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്ത് അയ്യപ്പനെ നൈഷ്ടിക ബ്രഹ്മചാരിയാക്കി വീണ്ടും പ്രചരണം തുടങ്ങിയത്.. തിരുവാഭരണത്തിൽ പൂർണ്ണ – പുഷ്ക്കല രൂപങ്ങൾ ഉണ്ട്.

​ലോക നന്മക്കുള്ള ആചാരമാണെങ്കിൽ സംരക്ഷിക്കപ്പെടട്ടെ. അനാചാരം സംരക്ഷിക്കേണ്ട കാര്യം നമുക്കില്ല. നമ്മളെ തമ്മിലടിപ്പിക്കാൻ ആർക്കും നിന്നുകൊടുക്കരുത്. ​