ശബരി മല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികാരികളുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും മറ്റ് ഭക്ത സംഘടനകളും അടക്കമുള്ളവര്‍ ശബരി മല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിലവില്‍ സാധ്യമല്ല എന്ന നിലപാട് ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ ഇവര്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുകയായിരുന്നു. ബോര്‍ഡിന്‍റെ നിലപാട് ദുഖകരമാണെന്നും ഉന്നയിച്ച ഒരാവശ്യവും ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്നും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി ഉത്തരവിനെതിരെ പുനപരിശോധന ഹര്‍രജി നടത്തണമെന്നുള്ള ആവശ്യം ദേവസ്വംബോര്‍ഡ് തള്ളിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനപരിശോധന ഹര്‍രജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി തന്ത്രികുടുംബാംഗം, അയ്യപ്പസേവാസംഘം പ്രതിനിധി എന്നിവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. 1991 ല്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ പുറപ്പെടുവിച്ച വിധിന്യായം ഇപ്പോഴും നിലനില്‍ക്കുന്ന താണെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പന്തളം കുടുംബാഗങ്ങള്‍ അടക്കമുള്ളവര്‍ വാദിച്ചത്. അവരുടെ വാദം ദേവസ്വംബോര്‍ഡ് തള്ളുകയായിരുന്നു.