സംരക്ഷിക്കപ്പെടേണ്ടത് സഭയുടെ അന്തസ്സത്തയാണ്, പ്രതിഛായയല്ല; നിലപാട് വ്യക്തമാക്കി സഭാ പ്രസിദ്ധീകരണം
‘അനുസരണം’ എന്ന വ്രതം ഭയപ്പെടുത്താനുള്ള ഒരു മാര്‍ഗമായി അധികാരമുള്ളവര്‍ മാറ്റുകയും കുറഞ്ഞുവരുന്ന ദൈവവിളികളെ കുറിച്ച് അവര്‍തന്നെ വിലപിക്കുന്നുവെന്നു ‘അനുസരിച്ച് അപചയപ്പെടുമ്പോള്‍’ എന്ന ലേഖനത്തില്‍ പറയുന്നു. സഭയെന്നാല്‍ ബിഷപ്പും അച്ചനും കന്യാസ്ത്രീയും മാത്രമല്ല, ‘ദൈവജന’മാണെന്ന് സമൂഹം മനസ്സിലാക്കിവരുന്ന കാലത്താണ് നമ്മള്‍.
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയും നീതി വൈകുന്ന സാഹചര്യത്തില്‍ കന്യാസ്തീകള്‍ നടത്തേണ്ടിവന്ന സമരത്തിലും നിലപാട് വ്യക്തമാക്കി കപ്പൂച്ചിന്‍ സഭയുടെ ദക്ഷിണ കേരള പ്രൊവിന്‍സിന്റെ പ്രസിദ്ധീകരണമായ ‘അസ്സീസി’ മാസിക. കന്യാസ്ത്രീകളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന ചില ചിന്തകള്‍ക്ക് മറുപടിയെന്നവണ്ണമാണ് അസ്സീസിയിലെ ലേഖനങ്ങള്‍. സമരത്തില്‍ കപ്പൂച്ചിന്‍ സഭയില്‍ വേറിട്ട ശബ്ദം നിലനില്‍ക്കുമ്പോഴും ഏതാനും വൈദികര്‍ സമരത്തില്‍ പങ്കെടുക്കുകയും ചെയ്ത സാഹചര്യത്തിലുമാണ് വിഷയത്തില്‍ പ്രസിദ്ധീകരണത്തിന്റെ ഒക്‌ടോബര്‍ പതിപ്പില്‍ നിലപാട് വ്യക്തമാക്കുന്നത്. അതു സഭയ്ക്കുള്ളിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാടിനോട് യോജിച്ചുപോകുന്നതുമാണ്.
സംരക്ഷിക്കേണ്ടത് സഭയുടെ അന്തസത്തയാണ് അല്ലാതെ പ്രതിഛായ അല്ലെന്ന് മാസികയുടെ കവര്‍സ്‌റ്റോറിയില്‍ പറയുന്നു. എല്ലാ പ്രതിസന്ധികളും ദുരന്തത്തില്‍ കലാശിക്കണമെന്നില്ല. അത് നിലപാടുകള്‍ ഉറപ്പിക്കാനും ബോധ്യങ്ങള്‍ക്ക് വ്യക്തത വരുത്താനുമുള്ള അവസരമാണ്. തെറ്റുകള്‍ സാധ്യമാംവിധം തിരുത്താനുള്ള സന്ദര്‍ഭമാണ്. പ്രതിസന്ധിഘട്ടത്തില്‍ സഭയുടെ ‘പ്രതിഛായ’ സംരക്ഷിക്കുന്നതിന് ‘സ്വയംപ്രഖ്യാപിത’ രക്ഷകര്‍ രംഗത്തെത്താറുണ്ട്. മിതത്വവും മൗനവും പാലിക്കാനുള്ള അവരുടെ ഉപദേശങ്ങളില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
സമരത്തില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട് ‘നിലപാടിന്റെ വേദന’ എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതിക്ക് മുന്നില്‍ നടന്ന സമരത്തിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ തനിക്ക് യാതൊരു പങ്കുമില്ല. പക്ഷേ, അവിടെപോയി തന്റെ നിലപാട് വ്യക്തമാക്കി. അത് സഭാവിരുദ്ധമായിരുന്നില്ല. നിലവിളിക്കുന്ന കന്യാസ്ത്രീകളുടെ നിലവിളി സമൂഹവും സഭയും കേള്‍ക്കണമെന്നും അവര്‍ക്കു നീതി നടത്തിക്കൊടുക്കണമെന്നുമായിരുന്നു തന്റെ ആവശ്യം. 1990ല്‍ ഗജ്‌റൗളയില്‍ കന്യാസ്ത്രീകള്‍ മാനഭംഗത്തിനിരയായപ്പോള്‍ സമരത്തിനിറങ്ങിയവരില്‍ താനും നിരവധി വൈദികരും സന്യാസിനികളും ഉണ്ടായിരുന്നു. ആ സമരത്തില്‍ മെത്രാന്മാരും പങ്കെടുത്തു.
ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തിടെ സഭയിലെ ലൈംഗിക പ്രതിസന്ധിയെ സംബന്ധിച്ച് പുറപ്പെടുവിച്ച ”ദൈവജനത്തിനുള്ള എഴുത്ത്” എന്നതില്‍ ”നിശ്ശബ്ദമാക്കാനും കുറ്റത്തില്‍ പങ്കുകാരാക്കുന്ന ഗൗരവതരമായ തീരുമാനങ്ങള്‍ അന്വേഷിക്കാനുമുള്ള എല്ലാ ശ്രമങ്ങളേക്കാള്‍ അവരുടെ നിലവിളി ശക്തമായിരുന്നു. കര്‍ത്താവ് ആ വിളി കേട്ടു. വീണ്ടും കര്‍ത്താവ് ഏതു ഭാഗത്തുനില്‍ക്കുന്നു എന്നു കാണിച്ചിരിക്കുന്നു.” ആ ഭാഗത്തു താനും നിന്നും നില്ക്കുമ്പോഴൂം കാലുകള്‍ വഴുതുന്ന മണ്ണിലാണ് എന്നറിയാം. വഞ്ചിതനാകാം. മറുവശത്തും കുറ്റംവിധികളും വെല്ലുവിളികളും ഉയരുന്നു എന്നറിഞ്ഞുകൊണ്ടുതന്നെയാണ് നിന്നതെന്നും അദ്ദേഹം പറയുന്നു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇര കന്യാസ്ത്രീയാണ് എന്ന നിലപാട് താന്‍ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘അനുസരണം’ എന്ന വ്രതം ഭയപ്പെടുത്താനുള്ള ഒരു മാര്‍ഗമായി അധികാരമുള്ളവര്‍ മാറ്റുകയും കുറഞ്ഞുവരുന്ന ദൈവവിളികളെ കുറിച്ച് അവര്‍തന്നെ വിലപിക്കുന്നുവെന്നു ‘അനുസരിച്ച് അപചയപ്പെടുമ്പോള്‍’ എന്ന ലേഖനത്തില്‍ പറയുന്നു. സഭയെന്നാല്‍ ബിഷപ്പും അച്ചനും കന്യാസ്ത്രീയും മാത്രമല്ല, ‘ദൈവജന’മാണെന്ന് സമൂഹം മനസ്സിലാക്കിവരുന്ന കാലത്താണ് നമ്മള്‍. ‘അനുസരണം’ സന്യസ്തരും വൈദികരും വാഗ്ദാനം ചെയ്തത് ‘ദൈവഹിത’ത്തോടാണ്. ദൈവഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന അധികാരികള്‍ ആയിരിക്കുന്നിടത്തോളം കാലം അവരോടും. കാര്യകാരണങ്ങള്‍ ഇല്ലാതെ ഒരു വിശ്വാസിയുടേയോ സന്യാസ്തന്റേയോ സന്യസ്തയുടേയോ വൈദികന്റേയോ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനുള്ള സ്വാതന്ത്ര്യം ഹനിക്കാന്‍ അധികാരിയുടെ കയ്യില്‍ ഏല്പിച്ചുതന്ന ആയുധമല്ല അനുസരണമെന്ന് ലേഖനത്തില്‍ പറഞ്ഞുവയ്ക്കുന്നു. തിരുത്തേണ്ടത് പലതും ചൂണ്ടിക്കാണിക്കാതെ നാം വിഴുങ്ങിക്കളഞ്ഞത് തെറ്റായിപ്പോയില്ലേ എന്ന ചോദ്യവും ലേഖനത്തില്‍ ഉയരുന്നുണ്ട്.
അനീതിയുടെയും ചൂഷണത്തിന്റെയും സന്ദര്‍ഭത്തില്‍, അറിയുന്ന സത്യം പുറത്തുപറയാതെ മൗനം ദീക്ഷിക്കുന്നത് പരിശുദ്ധാരൂപിക്കെതിരായ പാപമാണ്. സത്യത്തിലും നീതിയിലും ഇരട്ടത്താപ്പ് പാടില്ല. ആരോപിതന്‍ നമ്മളില്‍ ഒരാളാകുമ്പോള്‍ നിശബ്ദപ്രാര്‍ത്ഥനയ്ക്കും മറ്റൊരാളാകുമ്പോള്‍ പ്രതിഷേധാരവങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്നത് അസംബന്ധംതന്നെയാണ്. നീതിയോട് പ്രതിബദ്ധതയുള്ളവര്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാട് മാറ്റാന്‍ ഒരിക്കലും കഴിയുകയില്ല. സഭയുടെയും സമൂഹത്തിന്റെയും അധികാരികളുടെയും നീതിതേടി ഏതാനും സഹോദരിമാര്‍ നടത്തിയ സമരത്തില്‍ സുവിശേഷത്തിന്റെയും സഭാപാഠങ്ങളുടെയും അടിസ്ഥാനത്തില്‍ വിവേകപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സി.ബി.സി.ഐ അംഗീകരിച്ച ജെന്‍ഡര്‍ പോളിസിയില്‍ പറയുന്ന സീറോ ടോളറന്‍സിന്റെയും ‘ലൗകിക ആധ്യാത്മികത’യെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ‘സുവിശേഷ ആനന്ദം’ ഇടയലേഖനത്തില്‍ പറയുന്നതിന്റെയും വെളിച്ചത്തിലാണ് ലേഖനങ്ങള്‍ ഒക്കെയും.
കേരള മെത്രാന്‍ സമിതിയുടെ വാര്‍ത്താക്കുറിപ്പും സിസ്റ്റര്‍ ലൂസിക്കെതിരെ സ്വീകരിച്ച നടപടിയും സഭയുടെ മുഖം രക്ഷിക്കാന്‍ അല്പവും പര്യാപ്തമായിരുന്നില്ലെന്ന് ലേഖനത്തില്‍ വിമര്‍ശനം ഉയരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള തീവ്രാഭിനിവേശം സഭയിലും സമൂഹത്തിലുമുള്ള ദുര്‍ബലരോട് നീതിയും കാരുണ്യവും അനുഭവവേദ്യമാകുന്നതിലൂടെ വേണം പ്രകടമാകേണ്ടത്. സമരവേദിയില്‍ എത്തിയ പലര്‍ക്കും വ്യക്തി താല്പര്യം ഉണ്ടായിരിക്കാം. വൈകിത നീതി, നീതി നിഷേധത്തിന് തുല്യമാണ്. ആ സാഹചര്യം സാമൂഹ്യവിരുദ്ധരോ സഭാവിരുദ്ധരോ ഉപയോഗപ്പെടുത്തിയെന്ന് വരാം. എല്ലാ പൊതുജനപ്രക്ഷോഭങ്ങളിലും അങ്ങനെ സംഭവിക്കാറുണ്ട്. അത്തരം പരമാര്‍ശങ്ങളും സാമാന്യവത്കരണവും ശത്രുതാപരമായ ആക്രമണങ്ങള്‍പോലും നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനുള്ള ന്യായീകരണമാകുന്നില്ലെന്നും സഭാ നേതൃത്വത്തെ ലേഖനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
Article By Poor Laity