കൂറുമാറിയ ഫാ.നിക്കോളാസ് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം
ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്ന കേസിലെ പരാതിക്കാരിയും മറ്റ് കന്യാസ്ത്രീകളും താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ ഇടവക വികാരി ഫാ. നിക്കോളാസ് എത്തിയത് കൊലക്കേസ് പ്രതിയ്ക്കൊപ്പം. 2011ലെ അങ്കമാലി മുക്കന്നൂർ തൊമ്മി വധക്കേസിലെ പ്രതി സജിയാണ് ആണ് ഫാ.നിക്കോളാസിനൊപ്പം കുറുവിലങ്ങാട് മഠത്തിലെത്തിയത്.
2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികന്‍ മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യവും തര്‍ക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കൊലക്കേസ് പ്രതിയുമായെത്തിയത് ബിഷപ്പിന് വേണ്ടി കന്യാസ്ത്രീകളെ സ്വാധീനിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും ഭയപ്പെടുത്താനുമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. .ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചു. എന്നാല്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുറവിലങ്ങാട് പോയിരുന്നുവെന്നും മഠം അടുത്തായതുകൊണ്ട് അവിടെപ്പോയതാണെന്നുമാണ് നിക്കോളാസ് മണിപ്പറമ്പിലിന്‍റെ പ്രതികരണം. അല്ലാതെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു
ആദ്യം കന്യാസ്ത്രീകള്‍ക്കൊപ്പം ശക്തമായ നിലപാടെടുക്കുകയും പിന്നീട് ഫ്രാങ്കോയുടെ പക്ഷത്തേക്ക് ചാഞ്ഞ് കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞ് കൂറുമാറിയ
വ്യക്തിയാണ് ഫാ. നിക്കോളാസ്. മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗകേസില്‍ ശക്തമായ തെളിവുകളുണ്ടെന്നും ഇതില്‍ ചിലത് താന്‍ കണ്ടിരുന്നുവെന്നുമാണ് ആദ്യം ഫാ.നിക്കോളാസ് പറഞ്ഞത്. എന്നാല്‍ കന്യാസത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫാ.നിക്കോളാസിന്‍റെ ഇപ്പോഴത്തെ വാദം.