മഠത്തിലെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ദയാഭായി

Print Friendly, PDF & Email

മഠത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും കാടിന്റെ അരക്ഷിതത്വത്തിലേക്കു പറിച്ചുനടാനുള്ള കാരണം തുറന്നുപറഞ്ഞു  ലോക പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും മലയാളിയുമായ ദയാബായി.     മനോരമ ന്യൂസിന് നൽകിയ ഒരഭിമുഖത്തിലാണ് ദയാബായി തന്റെ ദുരനുഭവം തുറന്നുപറഞ്ഞത്.

കന്യാസ്ത്രീയാകാൻ മഠത്തിൽ ചേർന്ന കാലത്ത് മോശം അനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞ് സാമൂഹിക പ്രവർത്തക ദയാബായി. മഠത്തിൽ പോകുന്നതിനു മുൻപ് ഇതേപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ല. മഠത്തിലെ കാലത്താണ് വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയിൽനിന്ന് മോശം അനുഭവമുണ്ടായത്. തനിച്ചായ സാഹചര്യത്തിൽ വൈദികനായ ഒരാൾ കടന്നുപിടിച്ചു. കുതറി രക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. പ്രായത്തിൽ മുതിർന്ന അദ്ദേഹത്തിൽനിന്ന് ഒരിക്കൽ പോലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നു ദയാബായി

സംഭവിച്ചതിനെക്കുറിച്ച് മഠത്തിൽ ആരോടും ഒന്നും പറയാൻ കഴിയില്ലായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ ഭയന്ന തന്റെ മാനസികാവസ്ഥ വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. ഇത്തരമൊരു സംഭവം തുടർന്നും ഉണ്ടാകുമോയെന്നായിരുന്നു പേടി. അതുണ്ടാകാതിരിക്കാൻ ശരീരത്തിൽ സ്വയം പൊള്ളലേൽപ്പിക്കുകയെന്ന മാർഗം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഇതിനായി മെഴുകുതി ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുമായിരുന്നു. മുറിവുകള്വ്രണമാകുമ്പോഴെങ്കിലും തന്നെ വെറുതെ വിടുമല്ലോ എന്നു കരുതി. പിന്നീട് അദ്ദേഹം വിളിപ്പിച്ചാൽ ഒരിക്കൽ പോലും അങ്ങോട്ടേക്ക് പോകില്ലായിരുന്നു. നിർബന്ധങ്ങൾ പ്രതിരോധിച്ചപ്പോൾ ചില കന്യാസ്ത്രീകൾ ഉൾപ്പെടെ മാനസികമായി പീഡിപ്പിച്ചുവെന്നും അവർ വ്യക്തമാക്കി.

കുറവിലങ്ങാട്ടെ കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും എന്തുകൊണ്ടു പറഞ്ഞില്ലെന്നൊരു നിർണായക ചോദ്യമുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യത്തിൽ ആരോടും അങ്ങനെ പറയാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അനുഭവം തന്നെ നോക്കിയാൽ ഒരിക്കലും നമുക്ക് അതിനു സാധിക്കില്ലെന്നു പറയാൻ കഴിയും. മഠത്തിലാണെങ്കിലും അതിന് അനുകൂലമായ അവസ്ഥയുണ്ടായികില്ല. എന്നാൽ ഇപ്പോൾ പല മഠങ്ങളിലും സന്തോഷകരമായ പരിതസ്ഥിതിയാണുള്ളത്. അടുപ്പമുള്ള ആരോടെങ്കിലും നമുക്ക് ഇതു പറയാൻ കഴിയുമായിരിക്കും. തന്നോട് അടുപ്പമുള്ള കന്യാസ്ത്രീകളിൽ ചിലർ ഇതു പറഞ്ഞിട്ടുണ്ട്, കുമ്പസാരക്കൂട്ടിൽ പോലും ഇത്തരം അനുഭവങ്ങൾ നമുക്ക് വെളിപ്പെടുത്താൻ സാധിക്കില്ല – ദയാബായി കൂട്ടിച്ചേർത്തു.

ഇപ്പോൾ കന്യാസ്ത്രീകളിൽ ചിലർ പ്രതിഷേധിക്കാൻ സന്നദ്ധമായതിൽ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിൽ സഭയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. നിയമവും സത്യവും ജയിക്കണമെന്നാണ് അഭിപ്രായം. തനിക്കെതിരെയുണ്ടായ അനുഭവം പോലും വർഷങ്ങൾക്കുശേഷമാണ് പുറത്തുപറയാൻ സാധിച്ചത്. താൻ രചിച്ച പുസ്തകത്തിൽ ഇതേക്കുറിച്ച് എഴുതിയപ്പോൾ പരിചയമുള്ളവരെല്ലാം ചോദിച്ചു, എന്തിനാണ് ഇതു തുറന്നുപറയുന്നത്. നമ്മുടെ സംസ്കാരം സ്ത്രീകളെ പഠിപ്പിച്ചിരിക്കുന്നതും അതു തന്നെയല്ലേ. എന്തിനാണ് സ്വന്തം പ്രശ്നങ്ങൾ തുറന്നുപറയുന്നതെന്ന് – ദയാബായി ചോദിക്കുന്നു.

ബിഹാറിലെ ഹസാരിബാഗ് മഠത്തിൽ മതപഠനത്തിനു ചേർന്ന ദയാബായി പിന്നീട് അതുപേക്ഷിച്ച് സാമൂഹിക പ്രവർത്തനത്തിലേക്കു തിരിയുകയായിരുന്നു. 1965 ലാണ് അവർ മഠം ഉപേക്ഷിക്കുന്നത്. ബിഹാറിലെ പാലമോ ജില്ലയിലെ ഗോത്രവർഗമേഖലയായ മഹോഡയിലേക്ക് പോയ അവർ പിന്നെ തിൽസേ ഗോത്രവർഗ ഗ്രാമത്തിൽ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടുകയായിരുന്നു.