മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ഹനാന്‍

Print Friendly, PDF & Email

സോഷ്യല്‍ മീഡിയയിലെ നടക്കുന്ന അടിസ്ഥാനരഹിത പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പൊട്ടിക്കരഞ്ഞ് ഹനാന്‍. ജീവിക്കാന്‍ വേണ്ടിയാണ് മീന്‍ വില്‍പന നടത്തിയത്. കോളജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഹനാന്‍ ഹനാന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞത്. അറിയാത്ത കാര്യത്തിനാണ് എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കള്ളിയെന്നും മറ്റും വിളിച്ച് നിരവധി പേര്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു പാവം പെണ്‍കുട്ടിയാണ് ഞാന്‍. ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് എന്റെ കഷ്ടപ്പാടും ദുരിതങ്ങളും. ജീവിക്കാനും പഠിക്കാനും വേണ്ടി നിരവധി ജോലികള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ മീന്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ട്’ ഹനാന്‍ പറഞ്ഞു.

Публикувахте от Paijas Moosa в Сряда, 25 юли 2018 г.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഈവന്റ് മാനേജ്‌മെന്റില്‍ ഫ്‌ളവര്‍ ഗേളായും പല സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പ്രൊഫൈലില്‍ ചില സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹനാനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കുമ്പോഴും ഡോക്യുമെന്ററികളിലും മറ്റും അഭിനയിക്കുമ്പോഴുമെല്ലാം താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് ഇവയെന്ന് ഹനാന്‍ പറയുന്നു.

കളമശ്ശേരിയിലാണ് ആദ്യം മത്സ്യവില്‍പന നടത്തിയിരുന്നത്. അവിടെ പലരും സഹായിച്ചിരുന്നു. പിന്നീട് അവിടെ മറ്റുചിലരുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് തമ്മനത്ത് മത്സ്യവില്‍പനയ്‌ക്കെത്തിയത്. തമ്മനത്തെ കച്ചവടക്കാര്‍ പലരും അതിന് പിന്തുണ നല്‍കുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസങ്ങളേ അവിടെ മത്സ്യവില്‍പന നടത്തിയുള്ളൂ. ആരും ഇല്ലാതായപ്പോഴും വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന ജോലികളാണിത്. സോഷ്യല്‍ മീഡിയയിലൂടെ അക്രമിച്ച് തന്റെ ജീവിതം നശിപ്പിക്കരുതെന്നും ഹനാന്‍ അഭ്യര്‍ത്ഥിച്ചു.

മുന്‍പ് കലാഭവന്‍ മണിയുടെ സ്‌റ്റേജ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഈ പരിചയം മൂലമാണ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായെല്ലാം അവസരം ലഭിക്കുന്നത്. അല്‍ അസര്‍ കോളജില്‍ ഹനാന്‍ പഠിക്കാനെത്തുന്നതും കലാഭവന്‍ മണിയുടെ നിര്‍ദേശപ്രകാരമാണ്. കലാഭവന്‍ മണിയുടെ സഹായം ഉള്ളപ്പോള്‍ തനിക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. തനിക്ക് സിനിമയില്‍ മറ്റാരെയും പരിചയമില്ല. കോളജില്‍ പോകേണ്ടതിനാല്‍ പലപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ആങ്കര്‍ ആയുമെല്ലാം പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അതിനാലാണ് പഠനത്തിനൊപ്പം പ്രതിദിന വരുമാനം എന്ന നിലയില്‍ മീന്‍ കച്ചവടം നടത്താന്‍ തയാറായതെന്നും പെണ്‍കുട്ടി പറയുന്നു.