അഭയാര്‍ത്ഥികള്‍: ഈ നൂറ്റാണ്ടില്‍ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി
ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണ പ്രശ്‌നമാണ് അഭയാര്‍ത്ഥികള്‍. 2017ന്റെ അവസാനത്തിത്തോടെ ലോകംമുഴുവനുമുള്ള അഭയാര്‍ത്ഥികളുടെ സംഖ്യ ഏഴ് കോടി കഴിഞ്ഞിരിക്കുന്നു. അതായത് ബ്രിട്ടീഷ് ജനസംഖ്യയേക്കാള്‍ കൂടുതല്‍!! ഈ അഭയാര്‍ത്ഥികളില്‍ അധികവും മധ്യപൗരസ്ത്യ ദേശത്ത് നിന്നും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആണ് ഒഴുകുന്നത്. പാശ്ചാത്യനാടുകള്‍ ഇവിടങ്ങളില്‍ നടത്തുന്ന ആക്രമണം മൂലമാണെന്ന് യു.എന്‍. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അഭയാര്‍ത്ഥികളില്‍ 2.5 കോടി 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് വസ്തുത നടുക്കമുളവാക്കുന്നതാണ്. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ സംഖ്യ. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവിന് കാരണം പ്രധാനമായും സിറിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ ആണ്. സിറിയയില്‍ 5.5 മില്യണ്‍ ആണ്. ഏഴ് വര്‍ഷത്തിന്നകം നാലു ലക്ഷം മരണം. അഭയാര്‍ത്ഥികളില്‍ 2.9 മില്യണ്‍ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദ്ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണ്‍, ഇറാഖില്‍ തന്നെ അഭയാര്‍ത്ഥി സംഖ്യ 2.40 മില്യണ്‍. ഈജിപ്തില്‍ 1.22,000. സിറിയയിലെ ഫലസ്തീന്‍ ക്യാമ്പില്‍ 4.60 ലക്ഷം. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി സംഖ്യ 7.37 ലക്ഷം. പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍.
ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്‍ ആരാണെന്ന് കണ്ടെത്തുവാന്‍ വലിയ പ്രയാസമില്ല. ഇവയൊന്നും സ്വയം ഉണ്ടായതല്ല; മറിച്ച് പാശ്ചാത്യശക്തികളുടെ യുദ്ധകൊതിയും വെട്ടിപ്പിടിക്കല്‍ തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച ഭയാനകതയുടെ ദുരന്ത സംഭവങ്ങളാണ്. ഇതിനു കാരണക്കരാകട്ടെ പ്രധാനമായും പാശ്ചാത്യശക്തികള്‍ ആണ്!. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെ വന്‍ശക്തികള്‍ വര്‍ഷങ്ങളായി ഇവിടങ്ങളില്‍ തീമഴ വര്‍ഷിക്കുകയാണല്ലോ. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്ത കാലത്തായി വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന് ഭീഷണിയായത്. ഇറാഖ്, ലിബിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് നേരത്തെയുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും അഭയാര്‍ത്ഥികളായി. അമേരിക്കക്ക് പുറമെ റഷ്യയും പ്രധാന അക്രമണ ശക്തികളാണ്. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം ഇപ്പോഴും തുടരുകയുമാണ്. 2017ല്‍ പത്തുലക്ഷം പേര്‍ യൂറോപ്പിലെത്തി. ഈ വര്‍ഷം ഒരു ലക്ഷമെങ്കിലും എത്തുമെന്നാണ് യു.എന്‍. അഭയാര്‍ത്ഥി കാര്യങ്ങള്‍ക്കുള്ള ഏജന്‍സിയുടെ നിഗമനം, അഭയാര്‍ത്ഥികളില്‍ എഴുപത് ശതമാനവും പത്ത് രാജ്യങ്ങളില്‍ നിന്നാണത്രെ.
അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരെയും വേര്‍തിരിച്ച് കാണാനാണ് അവരുടെ ശ്രമം. അമേരിക്ക ആകട്ടെ ഇരുവിഭാഗത്തെയും തടയുന്നു. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരിലെ അമ്മമാരില്‍ നിന്ന് കുട്ടികളെ വേര്‍തിരിച്ച് പാര്‍പ്പിക്കുന്ന തീരുമാനം വന്‍ പ്രതിഷേധത്തിന് കാരണമായി. അമേരിക്കന്‍ തെരുവീഥികളില്‍ അമര്‍ഷം കത്തിപടരുകയാണ്. യൂറോപ്യന്‍ യൂണിയന്റെ അടവ് മറ്റൊരു രീതിയില്‍. ചൈനയുടെ വന്‍ മതിലിന് സമാനം, യൂറോപ്യന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്താനാണ് അവരുടെ തീരുമാനം. അതിര്‍ത്തി കോട്ട പോലെ സംരക്ഷിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ തന്ത്രം എത്രമാത്രം വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല.
യൂറോപ്പിലേക്കുള്ള വരവ് ലിബിയ, തുര്‍ക്കി മൊറോക്കോ എന്നീ രാജ്യങ്ങള്‍ വഴിയാണെന്നതിനാല്‍ അവിടങ്ങളില്‍ തന്നെ കൂടുതല്‍ അഭയാര്‍ത്ഥിക്യാമ്പ് തുറക്കാനാണ് തീരുമാനം. ഇതിന് പുറമെ, അല്‍ബേനിയ, തൂനീഷ്യ എന്നിവിടങ്ങളിലും ക്യാമ്പ് സ്ഥാപിക്കാനും ഇവയ്ക്ക് ആവശ്യമായി വരുന്ന ഫണ്ട് യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കാനുമാണ് കഴിഞ്ഞ ആഴ്ചയില്‍ ബ്രസ്സല്‍സില്‍ യൂണിയന്‍ ഉച്ചകോടി തീരുമാനം. നിലവിലെ അഭയാര്‍ത്ഥികളെ യൂണിയനിലെ 28 അംഗ രാഷ്ട്രങ്ങളും പങ്കു വെക്കുമത്രെ. ഇറ്റലിക്കാര്‍ ക്ഷുഭിതരാണ്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ ക്യാമ്പില്‍ പാര്‍ക്കുന്നുണ്ട്. ഇവരെ പുറത്താക്കുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഭീഷണി. യൂണിയന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജര്‍മ്മന്‍ മന്ത്രിസഭയിലെ വലതുപക്ഷ തീവ്ര നിലപാടുള്ള ആഭ്യന്തരമന്ത്രി രാജി ഭീഷണി മുഴക്കിയത് ആഞ്ചല മെക്കല്‍ സര്‍ക്കാറിന് ഭീഷണിയായി. ഇറ്റലിയിലേക്കുള്ള മധ്യധരണ്യാഴി വഴിയുള്ള അഭയാര്‍ത്ഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ചയില്‍ നൂറ് പേരാണ് മരിച്ചത്. 2014ന് ശേഷം ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടത് 17,000.
അഭയാര്‍ത്ഥിപ്രവാഹം അവസാനമില്ലാതെ തുടരുന്നത് ഭയാനകമാണ്. സ്വന്തം നാടുകളില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചവരെ ആട്ടിയോടിച്ചവരെ തടയുകയാണ് ആവശ്യം. റഷ്യ ഉള്‍പ്പെടെ പാശ്ചാത്യശക്തികള്‍ മധ്യപൗരസ്ത്യ ദേശത്തും വടക്കന്‍ ആഫ്രിക്കയിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയാറാകുകയാണെങ്കില്‍ മാത്രമെ അഭയാര്‍ത്ഥി പ്രവാഹം അവസാനിക്കുകയുള്ളു. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് അടിയന്തിരമായി യു.എന്‍. ചെയ്യേണ്ടത്.