കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് തടയിടുവാനുള്ള നീക്കം. പോലീസ് സംഘടനകളുടെ അടിയന്തരയോഗവുമായി ലോക്നാഥ് ബെഹ്‌റ.

Print Friendly, PDF & Email

പൊലീസ് സേനയില്‍ ദാസ്യപ്പണിയുടെ പേരില്‍ അമര്‍ഷം പുകയുന്ന സാഹചര്യത്തില്‍ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ. രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം. എഡിജിപി സുദേഷ് കുമാറിനെതിരെ ദാസ്യപ്പണി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യോഗം. കൂടുതല്‍ നാണക്കേടില്ലാതെ പ്രശ്‌നം താല്‍ക്കാലികമായി ഒതുക്കാനായിരിക്കും ഡിജിപിയുടെ ശ്രമം.

വീട്ടിലെ അടുക്കള ജോലി മുതല്‍ അലക്കു ജോലിവരെ പൊലീസുകാരെക്കൊണ്ട് ചെയ്യിക്കുന്ന മേലുദ്യോഗസ്ഥരുണ്ടെന്നാണ് പൊലീസുകാര്‍ തന്നെ തുറന്നുപറയുന്നത്. ഒന്നിനു പുറകെ ഒന്നായി പൊലീസിനെതിരെ ആരോപണങ്ങള്‍ വന്നു നിറയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് യോഗം വിളിക്കാന്‍ ഡിജിപി തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാതെ പോലീസുകാരെ തടയുന്ന്തിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലുള്ള കേസുകളില്‍ ശക്തമായ നടപടിയെടുത്ത് കൂടുതല്‍ കേസുകള്‍ പുറത്തുവരാതിരിക്കാനാണ് പോലീസ് നേതൃത്വം ശ്രമിക്കുന്നത്.

എഡിജിപിയുടെ മകള്‍ പൊലീസ ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചതിന് പിന്നാലെ എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി രാജുവിന്റെ വീട്ടിലും പൊലീസുകാര്‍ ദാസ്യപ്പണി ചെയ്യുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. വീട്ടിലെ ടൈല്‍സ് പണിക്ക് ക്യാംപ് ഫോളോവേഴ്‌സിനെയാണ് രാജു നിയോഗിച്ചത്. വിവാദമായപ്പോള്‍ നാളെ മുതല്‍ വരേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പൊലീസിലെ ദാസ്യപ്പണിയില്‍ എഡിജിപി സുദേഷ്‌കുമാറിനെതിരെ അന്വേഷണമുണ്ടാകുമെന്നാണ് സൂചന. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ്‌കുമാറിന്റെ ഔദ്യോഗിക കാറിലാണ് കനകുന്നില്‍ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ്വ ഡ്രൈവര്‍ കൊണ്ടുവന്നത്. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയതെന്നാണ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ മൊഴി. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കേരള പൊലീസ് ആക്ട് 99ാം വകുപ്പിന്റെ ലംഘനമാണ്. ആറ് മാസം വരെ തടവും പിഴയുമാണ് ചട്ടലംഘനത്തിനുള്ള ശിക്ഷ. ദാസ്യപ്പണിക്ക് അപ്പുറം ഔദ്യോഗിക കാര്‍ ദുരുപയോഗം ചെയ്തതും വ്യക്തം. എഡിജിപി സുദേഷ്‌കുമാറിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് ആവശ്യവും ശക്തമാവുകയാണ്.

.