രക്തത്തില്‍ മുക്കിയ പോരാട്ടം.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സമരം ചെയ്ത 12പേര്‍ മരണപ്പെട്ട പോലീസ് വെടിവയ്പ് കരുതികൂട്ടി നടത്തിയ ഒന്നാണെന്ന് ആരോപണം ശക്തമാവുകയാണ്. പൗരന്റെ അവകാശത്തിനുവേണ്ടിയുള്ള സമരം അടിച്ചമര്‍ത്താനായി സ്‌റ്റെര്‍ലൈറ്റ് എന്ന വേദാന്ത ഗ്രൂപ്പ് കമ്പനിയുടെ ഒത്താശയോടെ പോലീസ് നടത്തിയ കൂട്ടക്കൊലയായിരുന്നു ഈ വെടിവയ്പ്. അത് തെളിയിക്കുന്ന നിരവധി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജീവിക്കുവാന്‍ വേണ്ടി സമരം ചെയ്ത പൗരന്റെമേല്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒത്താശയോടെ പോലീസ് നടത്തിയ കൂട്ടക്കൊലയായിട്ടാണ് തൂത്തുക്കുടി വെടിവയ്പ് വിലയിരുത്തപ്പെടുന്നത്.
2013 മാര്‍ച്ച് മാസം 23ാം തിയ്യതി രാവിലെ തൂത്തുക്കുടി നിവാസികള്‍ ഉറക്കമുണര്‍ന്നത് മരണവെപ്രാളത്തോടെയാണ്. തീയില്‍ വീണതു പോലെ മനുഷ്യര്‍ക്ക് തൊണ്ട വരണ്ടു. കണ്ണുകളും ദേഹവും ചൊറിഞ്ഞു വീര്‍ത്തു. പലരും ശ്വാസം കിട്ടാതെ പിടഞ്ഞു. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റെര്‍ലൈറ്റ് എന്ന വേദാന്ത ഗ്രൂപ്പ് കമ്പനിയില്‍ ചില അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. സ്ഥലത്ത് പാഞ്ഞെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫാക്ടറിയില്‍ നിന്നും സള്‍ഫര്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇത് അനുവദനീയമായതിലും കൂടിയ അളവിലായിരുന്നു. ഇതാണ് ജനങ്ങള്‍ക്ക് രാവിലെ ജീവനുവേണ്ടിയുള്ള മല്‍പ്പിടിത്തത്തില്‍ കലാശിച്ചത്.
ഇതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ഈ സംഭവം ആദ്യത്തേതായിരുന്നില്ല. മുമ്പും പലതവണ കമ്പനിയില്‍ നിന്നും വിഷപ്പുക പുറന്തള്ളപ്പെട്ടിരുന്നു.യൂണിറ്റിന്റെ ആരംഭം മുതല്‍ തന്നെ പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നുണ്ട്. ദിനംപ്രതിയെന്നോണമാണ് ലീക്കുകളും മലിനമായ പുക പുറന്തള്ളലും നടക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ അനവധിയാണ്. പലതവണയായി നടന്ന പ്രക്ഷോഭങ്ങളോടെല്ലാം സര്‍ക്കാരുകള്‍ പുറം തിരിഞ്ഞു നിന്നു. ചില ഘട്ടങ്ങളില്‍ ഫാക്ടറി അടച്ചിട്ടുവെങ്കിലും അത് ജനങ്ങളെ കബളിപ്പിക്കാനായിരുന്നു. അധികം താമസിയാതെ തന്നെ എല്ലാ ‘അനുമതി’കളോടും കൂടി സ്‌റ്റെര്‍ലൈറ്റ് വീണ്ടും തുറക്കപ്പെടും. ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്നു. കോടതി പോലും കൈവിട്ടു. 2013ല്‍ കമ്പനിക്കെതിരെ സുപ്രീംകോടതിയില്‍ കേസിനു പോയെങ്കിലും നിരാശാജനകമായ വിധിയാണ് വന്നത്. 100 കോടി രൂപ പിഴയടച്ച് പ്രവര്‍ത്തനം തുടരാന്‍ കോടതി അനുവാദം നല്‍കി. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ചെമ്പ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. കൂടാതെ ഫാക്ടറിയിലെ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും കോടതിക്ക് ആശങ്കയുണ്ടായി. എന്നാല്‍ ചുറ്റുവട്ടത്തുള്ള ജീവിതങ്ങളെക്കുറിച്ച് ആര്‍ക്കും ആശങ്ക ഉണ്ടായില്ല.
മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനുദ്ദേശിച്ച ഫാക്ടറി അവിടുത്തെ ജനങ്ങളുടെ സമരങ്ങള്‍ മൂലമാണ് തമിഴ്‌നാട്ടിലേക്ക് എത്തിയത്.1996 ലാണ് ജയലളിത മുഖ്യമന്ത്രിയായ കാലത്ത് വേദാന്ത കമ്പനി തുറമുഖ നഗരമായ തമിഴ്‌നാട്ടിലെ എട്ട് നഗരങ്ങളിലും 27 ഗ്രാമങ്ങളിലുമായി 4.6 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന തൂത്തുകുടിയില്‍ സ്‌റ്റെര്‍ലൈറ്റ് എന്ന പേരില്‍ കോപ്പര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. അവിടുത്തെ ഓരോ വീട്ടിലും ശരാശരി ഒരാള്‍ വീതം പ്ലാന്റില്‍ നിന്നുള്ള മലിനീകരണം മൂലം രോഗിയാവുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തമിഴ്‌നാട് രാഷ്ട്രീയക്കാരെ മൊത്തം വിലയ്‌ക്കെടുക്കാന്‍ ശേഷിയുള്ള വേദാന്ത ഗ്രൂപ്പിനെതിരെ അവിടെ ഒരിലയും അനങ്ങിയില്ല. വികസനത്തിന്റെ പേരില്‍ വലിയ എതിര്‍പ്പുകളില്ലാതെ പ്രവര്‍ത്തനമാരംഭിച്ച സ്‌റ്റെര്‍ലൈറ്റ് ഫാക്ടറിക്ക് പാരിസ്ഥിതികാനുമതി കിട്ടിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹരജി പോയിരുന്നു. പക്ഷെ കോടതിയും അതിനെ വിലയ്‌ക്കെടുത്തില്ല. വേദാന്തയുടെ മുതലാളി അനില്‍ അഗര്‍വാള്‍ ലണ്ടനില്‍ സുഖമായി പാര്‍ക്കുകയാണ്. അയാളുടെ വീടിനു മുമ്പില്‍ ബ്രിട്ടനിലെ തമിഴര്‍ ഒരു സമരം സംഘടിപ്പിച്ചു. സ്‌റ്റെര്‍ലൈറ്റിന് ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ ഇത്തരമൊരു കമ്പനി യുകെയില്‍ അനുവദിക്കപ്പെടുമോയെന്ന ചോദ്യമാണ് അന്ന് ഉന്നയിക്കപ്പെട്ടത്. ചോദ്യങ്ങളെല്ലാം ഉത്തരങ്ങളില്ലാത്തതിനാല്‍ കുഴിച്ചുമൂടപ്പെട്ടു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോപ്പര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് വികസനത്തിന്റെ പേരില്‍ വലിയ എതിര്‍പ്പുകളില്ലാതെ പ്രവര്‍ത്തനമാരംഭിച്ച സ്‌റ്റെര്‍ലൈറ്റ് ഫാക്ടറി പ്രതിവര്‍ഷം 4,38,000 ടണിലധികം കോപ്പര്‍ ഉതപാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെമ്പ് ശുദ്ധീകരണശാലയാണ് തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ശുദ്ധീകരണപ്രക്രിയയുടെ ഉപോല്‍പ്പന്നമാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. കണ്ണുകള്‍ക്കും ത്വക്കിനുമെല്ലാം സാരമായ അപകടങ്ങള്‍ വരുത്താന്‍ സള്‍ഫര്‍ ഡയോക്‌സൈഡിന് സാധിക്കും. ശരീരത്തിന്റെ ജനിതകവ്യവസ്ഥയെയും ഇത് ബാധിക്കും. ശ്വാസകോശരോഗങ്ങളും പിടിപെടും. ഇതുതന്നെയാണ് നിസ്സഹായരായ തൂത്തുക്കുട്ടിക്കാരുടെ ശാപവും. ജീവനുവേണ്ടിയാണ് ഇവര്‍ സമരരംഗത്തിറങ്ങിയത്. സ്റ്റാര്‍ലെറ്റ് ഫാക്ടറി കൂടുതല്‍ വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം തുടങ്ങിയിരുന്നു. ഇത് മലിനമായിക്കഴിഞ്ഞ നാടിന്റെ മണ്ണും വായുവും വെള്ളവും കൂടുതല്‍ മലിനീകരിക്കും എന്ന തിരിച്ചറിവിലാണ് തൂത്തുക്കുടിയിലെ ജനങ്ങള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഇവ പുറന്തള്ളുന്നത് തടയാനുള്ള ഉയര്‍ന്ന സാങ്കേതികതകള്‍ ഉപയോഗിക്കാന്‍ വേദാന്തയ്ക്ക് മനസ്സില്ല എന്നതാണ് പ്രശ്‌നം. അത്തരം സാങ്കേതികതകള്‍ പ്രയോഗിക്കാതിരിക്കാനാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുന്നതു തന്നെ. ആരും ചോദിക്കാനില്ലാത്ത അവസ്ഥ തന്നെയാണ് ആകര്‍ഷിക്കുന്ന ഘടകം. 96ല്‍ സ്ഥാപിക്കപ്പെട്ട സ്റ്റാര്‍ലൈറ്റ് കമ്പനി പരിസരവാസികളെ രോഗികളാക്കി മാറ്റിയതിനു ശേഷവും രണ്ട് പതിറ്റാണ്ടിലധികം കാലം യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നു എന്നതു തന്നെ അതിനു തെളിവാണ്. അതിനെതിരെ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിന്റെ ജീവന്മരണ പോരാട്ടത്തെയാണ് ഇപ്പോള്‍ ഭരണകൂടം വെടിയുണ്ടകള്‍ കൊണ്ട് നേരിട്ടത്.ഇതോടെ സമരത്തിന്റെ ദുരന്തപൂര്‍ണമായ ഒരു വഴിതിരിച്ചിലാണ് വെടിവെപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. ഒരു സമരവും അടിച്ചമര്‍ത്താന്‍ സാധിക്കുകയില്ല. അതിനു ശ്രമിക്കുന്തോറും കൂടുതല്‍ ശക്തിയോടെ മുന്നേറുകയാണ് ചെയ്യുക.