ദി ഡൂംസ് ഡേ

Print Friendly, PDF & Email

ഇന്ന് അന്ത്യവിധി ദിനം. ബിജെപിയുടെ നഗ്നമായ രാഷ്ട്രീയ കളികള്‍ വിജയിക്കുമോ? അതോ കോണ്‍ഗസ്-ദള്‍ കൂട്ടുകെട്ടിന്റെ പ്രതിരോധ നടപടികള്‍ ലക്ഷ്യം കാണുമോ?. നിരവധി രാഷ്ട്രീയ പോരുകള്‍ക്ക് വേദിയായ വിധാന്‍ സൗദയില്‍ സമാനതകളില്ലാത്ത രാഷ്ട്രിയ നാടകത്തിന് അരങ്ങൊരുങ്ങുമ്പോള്‍ രാജ്യം മുഴുവനും ആംകാംക്ഷയോടെ കാത്തിരക്കുകയാണ്.

മന്ത്രിസഭ രൂപീകരിക്കുവാനുള്ള ഗവര്‍ണറുടെ ക്ഷണം ബിജെപിക്ക് പോയാലുടന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കാണാന്‍ കോണ്‍ഗ്രസ് മനു അഭിഷേക് സിങ്‌വിയെ നിയോഗിച്ചു. ഗവര്‍ണര്‍ രാത്രി ഒമ്പതരയോടെ യെദ്യൂരപ്പയെ ക്ഷണിച്ചു. കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് മനസ്സിലാക്കിയ ബിജെപി ക്യാമ്പ് സത്യപ്രതിജ്ഞ കോടതി കൂടുന്നതിന് മുമ്പായി രാവിലെ ഒമ്പതു മണിക ് നിശ്ചയിച്ചു. അതോടെ അര്‍ധരാത്രി തന്നെ കോടതി വിളിച്ചുണര്‍ത്തി കേസ് അവിടെയെത്തിച്ചു. ഒടുവില്‍ മൂന്നരമണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരക്ക് സത്യപ്രതിജ്ഞ നടക്കട്ടെ എന്ന് എന്ന് കോടതി ഉത്തരവായി.

ഭരണഘടന അടക്കമുള്ള നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ പരീക്ഷണങ്ങള്‍ തുടര്‍ന്നു പിറ്റേദിവസം നടന്ന    തുടര്‍ വിചാരണയില്‍ അനാവരണം ചെയ്യപ്പെട്ടു. ജനാധിപത്യം 100 കോടിയിലേക്കും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്കും ചാക്ക് രാഷ്ട്രീയത്തിലേക്കും വഴിതെറ്റുന്ന നഗ്‌നദൃശ്യങ്ങള്‍ തുറന്നു കാണിക്കപ്പെട്ടു. പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ കൊടുത്തതു പോലെയുള്ള ഗവര്‍ണ്ണര്‍ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്യപ്പെട്ടു. യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം അനുവദിച്ചതിന്റെ പൊരുള്‍ കോടതിക്കു പോലും ബോധ്യമായില്ല. ഭൂരിപക്ഷം തെളിയിക്കുവാന്‍ 24 മണിക്കൂറില്‍ കൂടതല്‍ അനുവദിക്കുവാന്‍ കഴിയില്ല എന്ന് കോടതി തുറന്നു പറഞ്ഞു. അവസാന സമയവും കോടതി നിശ്ചയിച്ചു. വിധി നിര്‍ണ്ണയം മെയ് 18 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്.

വിശ്വാസ വോട്ട് തെളിയിക്കുന്നത് വരെ നയപരമായ തീരുമാനങ്ങളോ നിയമനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിച്ചുകൊണ്ട് ബിജപിയുടെ അംഗസംഖ്യ ഉയര്‍ത്തുവാനുള്ള നീക്കവും കോടതി തടഞ്ഞു. സഭയിലെ സീനിയര്‍ നേതാവിനെ പ്രോടൈം സ്പീക്കര്‍ ആയി തിരഞ്ഞെടുക്കണം. തുറന്ന വോട്ടിങ്ങിലൂടെ ആയിരിക്കണം ഭൂരിപക്ഷം തെളിയിക്കേണ്ടത്. സഭാംഗങ്ങളെ ഇടകലര്‍ത്തിയിരുത്താതെ വിശ്വാസ വോട്ടിനെ അനുകൂലിക്കുന്നവരെ സഭയുടെ ഇടതുവശത്തിരുത്തണം തുടങ്ങി നിഷ്പക്ഷമായ ബലപരീക്ഷണത്തിനുള്ള അന്തരീക്ഷമൊരുക്കികൊണ്ടുള്ള നിര്‍ദ്ദേശവും പരമോന്നത കോടതിയില്‍ നിന്നുണ്ടായി. സുരക്ഷിതമായി സഭാംഗങ്ങളെ സഭയിലെത്തിക്കേണ്ട ചുമതല ഡിജിപിക്കു നല്‍കികൊണ്ട് അംഗങ്ങളുടെ സുരക്ഷിതത്വവും കോടതി ഉറപ്പാക്കി.

പക്ഷെ നിഷ്പക്ഷമായി സഭാ നടപടികള്‍ നടത്തുകയില്ല എന്ന് കോണ്‍ഗ്രസ്-ദള്‍ അംഗങ്ങള്‍ ആരോപിച്ച മുന്‍സ്പീക്കര്‍ ബൊമ്മയ്യയെയാണ് ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം പ്രോടൈം സ്പീക്കര്‍ ആയി ഗവര്‍ണ്ണര്‍ നിയമിച്ചത്. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദ്ദേശിച്ച മാനദണ്ഡം പോലും പാലിക്കുവാന്‍ ആര്‍എസ്എസ്‌ന്റെ മുന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഗവര്‍ണ്ണര്‍ തയ്യാറായില്ല. ഗവര്‍ണ്ണറുടെ ഈ തീരുമാനത്തിനെതിരെ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ അഭയം പ്രാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് 10.30നാണ് കോടിതി ഈ കേസ് പരിഗണിച്ചിരിക്കുന്നത്.

നിഷ്പക്ഷമായി സഭാനടപടികള്‍ നിയന്ത്രിക്കുവാന്‍ സ്പീക്കര്‍ക്ക് സാധിക്കുന്നിടത്തോളം കാലം കോടതി തീരുമാനം എന്തുമായിക്കൊള്ളട്ടെ ബിജെപിയുടെ മുമ്പില്‍ പല സാധ്യതകളാണുള്ളത്. ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയാതെ വന്നാല്‍ വിശ്വാസ വോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജി നല്‍കിയേക്കാം. അല്ലെങ്കില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയും പരാജയം എറ്റുവാങ്ങി സ്വയം രക്തസാക്ഷി പരിവേഷത്തോടെ അണികളുടെ സഹതാപം മേടിച്ചെടുത്ത് പ്രതിപക്ഷത്തിരിക്കാം.

അതല്ലെങ്കില്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക. അതിന് എതിര്‍ പാളയത്തില്‍നിന്ന് അംഗങ്ങളെ രാജിവെപ്പിച്ച് സഭയില്‍ അംഗങ്ങളുടെ എണ്ണം 207 ആക്കണം. അതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷമാകും. ഇതിനു വേണ്ടത് എതിര്‍ പാളയത്തെ 11 അംഗങ്ങള്‍ നിയമസഭയില്‍ എത്താതിരിക്കുകയോ 8 അംഗങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി കൈപൊക്കുകയോ ചെയ്യുക എന്നതാണ്. വിപ്പ് ഉള്ളതിനാല്‍ ഇങ്ങനെ ചെയ്യുന്നവരുടെ അംഗത്വം നഷ്ടപ്പെടും.

അങ്ങനെ ചാക്കിടാന്‍ കഴിഞ്ഞാല്‍ അവരെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുക മറ്റൊരു വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ത്രികോണ മത്സരമാണെങ്കില്‍ ഇനിയുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ഒരുവശത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് മത്സരിക്കുക. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ല എന്ന് സാരം. അതുകൊണ്ട് മറുകണ്ടം ചാടുന്നവര്‍ക്ക് ഇനി ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചു വരുക എന്നുള്ളതും അങ്ങനെ മന്ത്രി ആകാന്‍ കഴിയുമെന്നുമുള്ള സ്വപ്‌നം മരീചികയായി മാറും. ബിജെപി വച്ചുനീട്ടുന്ന കോടികള്‍ മാത്രമായിരിക്കും അവര്‍ക്ക് നേട്ടം. കോടികള്‍ക്കുവേണ്ടി തങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുവാന്‍ എത്രപേര്‍ തയ്യാറാകുമെന്നാണ് കണ്ടറിയേണ്ടത്.

ഈ കളിയില്‍ നേട്ടം കോണ്‍ഗ്രസ്സിനാണ്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ മഖം രാജ്യത്തിന്റെ മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടു. പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ദേശീയ തലത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുന്നതിന് കോണ്‍ഗ്രസ്സിനു കഴിഞ്ഞു. കര്‍ണ്ണാടകയിലാകട്ടെ കോണ്‍ഗ്രസ്-ദള്‍ സഖ്യം എണ്ണയിട്ട യന്ത്രത്തെപോല ഒറ്റക്കെട്ടായി നീങ്ങുന്നതിനും ഇതു കാരണമായി. ഒരു പക്ഷെ, ബി.ജെ.പിയെ ഏറ്റവുമധികം പ്രകോപിപ്പിക്കുന്നതും ഇതുതന്നെ. പ്രതിപക്ഷം ഒരുമിക്കുന്നത് മോദിയുടെ രണ്ടാം വരവെന്ന സ്വപ്‌നങ്ങളെ ആയിരിക്കും തകര്‍ക്കുക.

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികലില്‍ ഒരു പുതിയ ഉണര്‍വ്വാണ് കര്‍ണ്ണാടകത്തില്‍ ആടിതിമര്‍ക്കുന്ന ഈ ഗമ്മിക്ക് രാഷ്ട്രീയ നാടകം സൃഷ്ടിച്ചിരിക്കുന്നത്. സ്വയം കുഴികുഴിച്ച് അതില്‍ ചാടുന്നതിനു തുല്യമായിരുന്നു ഭരണം പിടിക്കുവാന്‍ ബിജെപി കളിച്ച നെറികെട്ട കളികള്‍. ദേശീയ തലത്തില്‍ ബിജെപിയുടെ അവസാനത്തിന്റെ ആരംഭമായിരിക്കും കര്‍ണ്ണാടക തിരഞ്ഞെടുപ്പ് എന്ന് തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത് ആരും പ്രതീക്ഷിക്കാത്ത മറ്റൊരു തലത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നത്.